സോളാര്‍ കേസ് : കുഴല്‍പ്പണം കടത്താന്‍ ഉമ്മന്‍ചാണ്ടി സരിതയെ ഉപയോഗിച്ചു- ജോസ് കുറ്റിയാനി

കൊച്ചി : കുഴല്‍പ്പണം കടത്താന്‍ കാരിയറായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരെ ഉപയോഗപ്പെടുത്തിയെന്ന് ഇടുക്കി മുന്‍ എം.എല്‍.എ ജോസ് കുറ്റിയാനി. സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷനില്‍ വെള്ളിയാഴ്ച മൊഴി നല്‍കുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ ജോസ് കുറ്റിയാനി സോളാര്‍ വിവാദങ്ങളുയര്‍ന്ന സമയത്ത് അതിന്റെ നിജസ്ഥിതി അറിയാന്‍ സരിതയെ തിരുവനന്തപുരത്ത് വിളിച്ചു വരുത്തി. കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ അവര്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ജോസ് കുറ്റിയാനി വെളിപ്പെടുത്തി.

ഏതൊക്കെ രീതിയില്‍ ഒരു സ്ത്രീയെ ദുരുപയോഗം ചെയ്യാമോ ആ രീതിയിലെല്ലാം ഉമ്മന്‍ചാണ്ടി തന്നെ ദുരുപയോഗം ചെയ്തുവെന്ന് സരിത പറഞ്ഞതായി കുറ്റിയാനി വ്യക്തമാക്കി. ഒരിക്കല്‍ വന്‍ തുക ഒരാളില്‍ നിന്ന് വാങ്ങിക്കൊണ്ടുവരാനും സരിതയെ ഉമ്മന്‍ചാണ്ടി ഉപയോഗപ്പെടുത്തി. ഉമ്മന്‍ചാണ്ടി തമിഴ്‌നാട്ടിലുള്ള ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ചെയ്തു കൊടുത്ത സഹായത്തിന് പ്രത്യുപകാരമായി അവര്‍ ഒരു വലിയ തുക പാരിതോഷികം നല്‍കാമെന്നേറ്റിരുന്നു.

സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിനും മാലിന്യ സംസ്‌കരണത്തിനുമായി പൊതുപശ്ചാത്തലം സൗകര്യ വികസനത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ ഒരു പദ്ധതി ചാലക്കുടി സ്വദേശി സി.എല്‍. ആന്റോ സമര്‍പ്പിച്ചത് തട്ടിയെടുത്താണ് ഉമ്മന്‍ചാണ്ടി സരിതയ്ക്ക് നല്‍കിയത്. പിപിപി അടിസ്ഥാനത്തിലുള്ള ആ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാതിരുന്നത് ഉമ്മന്‍ചാണ്ടിയുടെ ദുരുദ്ദേശപരമായ നിക്ഷിപ്ത താല്‍പര്യങ്ങള്‍ മൂലമാണ്. ആന്റോ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചപ്പോള്‍ അത് പഠിച്ച് മന്ത്രിസഭായോഗത്തില്‍ റിപ്പോാര്‍ട്ട് സമര്‍പ്പിക്കാന്‍ ഉമ്മന്‍ചാണഅടി കെ.സി. ജോസഫിന് നോട്ടെഴുതി നല്‍കിയത് താന്‍ കണ്ടിരുന്നു.

എന്നാല്‍ പിന്നീട് ഉമ്മന്‍ചാണ്ടി അത് തിരിച്ചു വാങ്ങി സരിതയ്ക്ക് നല്‍കിയത് മകന്‍ ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ ഈ പദ്ധതികള്‍ക്കായി ഒരു സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുന്നതിന് ബൈലോ ഉണ്ടാക്കാന്‍ വേണ്ടിയാണ്. ഇതുപ്രകാരം തയ്യാറാക്കിയ ബൈലോ ആണ് കടപ്ലാമറ്റത്തെ ജലനിധി പരിപാടിയുടെ ചടങ്ങില്‍ വച്ച് സരിത ഉമ്മന്‍ചാണ്ടിയ്ക്ക് കൈമാറിയത്. അതിന്റെ പകര്‍പ്പ് സരിതയുടെ കൈവശമുള്ളത് താന്‍ കണ്ടിട്ടുണ്ട്. ആന്റോ സമര്‍പ്പിച്ച പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കില്‍ കേരളം വൈദ്യുതിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാകുമായിരുന്നു. ഇതാണ് സ്വാര്‍ത്ഥ ലാഭമുണ്ടാക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി പൊതുജനത്തിന് നിഷേധിച്ചത്. ഇതെല്ലാം സ്വന്തമാക്കാനായി സരിതയെ ഉമ്മന്‍ചാണ്ടി ഉപയോഗപ്പെടുത്തിയത് അവര്‍ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതിനാലാണെന്നും ജോസ് കുറ്റിയാനി പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കെതിരെ കുറ്റിയാനി ആരോപണങ്ങളുന്നയിച്ച സാഹചര്യത്തില്‍ കുറ്റിയാനിയെ ക്രോസ് വിസ്താരം നടത്താന്‍ ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന് 24-ന് സമയം അനുവദിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശി സി.എല്‍. ആന്റോ കമ്മീഷനില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ജോസ് കുറ്റിയാനിയെ കമ്മീഷന്‍ വിസ്തരിച്ചത്. തന്റെ പിപിപി പദ്ധതിയെക്കുറിച്ച് കുടുതലറിയാവുന്ന വ്യക്തിയെന്ന നിലയ്ക്ക് കുറ്റിയാനിയെ വിസ്തരിക്കണമെന്നായിരുന്നു ആന്റോയുടെ ഹര്‍ജിയിലെ ആവശ്യം.