സംസ്ഥാനങ്ങളുടെ കയ്യില്‍ 15.77 കോടി വാക്‌സീന്‍ ബാക്കിയുണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി പതിനഞ്ചര കോടിയിലധികം ഡോസ് വാക്‌സിനുകള്‍ ബാക്കിയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ചയില്‍ വാക്‌സിനേഷന്‍ തോത് വന്‍തോതില്‍ കുറഞ്ഞാതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ 15.77 കോടി വാക്‌സീനുകള്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലായി ബാക്കിയുണ്ട്. 116.58 കോടിയിലധികം ഡോസ് വാക്‌സിനുകള്‍ ഇതുവരെ വിതരണം നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കിയത് വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കിയിട്ടുണ്ട്. വാക്‌സിന്റെ ലഭ്യത മുന്‍കൂട്ടി അറിഞ്ഞത് കൃത്യമായ പദ്ധതികള്‍ രൂപപ്പെടുത്താനും വിതരണം കാര്യക്ഷമതയോടെ നടത്താനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവസരമൊരുക്കിയതായും മന്ത്രാലയം വ്യക്തമാക്കി. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം സൗജന്യമായാണ് വാക്‌സിന്‍ വിതരണം ചെയ്തുവരുന്നത്.