രണ്ടിലേറെ കുട്ടികളുണ്ടോ ? അഡ്മിഷനില്ല, ജോലിയുമില്ല..!

വിചിത്രമായ നിബന്ധനയുമായി ഡല്‍ഹി സ്‌കൂള്‍

ന്യൂഡല്‍ഹി : രണ്ടിലേറെ കുട്ടികളുള്ള ദമ്പതിമാര്‍ ഈ സ്‌കൂളിന്റെ പടിവാതിലിലേക്കു നോക്കുക പോലും ചെയ്യരുത്. കുട്ടിക്ക് അഡ്മിഷന്‍ കിട്ടില്ലെന്നു മാത്രമല്ല. സ്‌കൂളിലെ ജോലിക്കായി അപേക്ഷ അയക്കുകയും വേണ്ട. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്രനഗറിലുള്ള സല്‍വാന്‍ സ്‌കൂളാണ് വിചിത്രമായ നിബന്ധന മുന്നോട്ടു വെച്ചിരിക്കുന്നത്. നാം രണ്ട് നമുക്ക് രണ്ട് എന്ന നയം പ്രോത്സാഹിപ്പിക്കുന്തിന്‍ഡറെ ഭാഗമായുള്ള തങ്ങളുടെ എളിയ ശ്രമം എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം…!

ഡല്‍ഹിയിലെ മുന്നൂറോളം സ്വകാര്യ സ്‌കൂളുകളിലെ നഴ്‌സറികളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സല്‍വാന്‍ സ്‌കൂള്‍ പ്രസിദ്ധീകരിച്ച  അഡ്മിഷന്‍ നിബന്ധനകളിലാണ് രണ്ടു കുട്ടികളില്‍ കൂടുതലുള്ള രക്ഷിതാക്കള്‍ മക്കളുടെ പ്രവേശനത്തിനായി അപേക്ഷ നല്‍കേണ്ടതില്ല എന്നു വ്യക്തമാക്കിയിരിക്കുന്നത്. സ്‌കൂളിലെ ജോലിക്കായി അപേക്ഷിക്കുന്നവര്‍ക്കും രണ്ടിലേറെ കുട്ടികള്‍പാടില്ല. ഒരു പ്രസവത്തില്‍ രണ്ടിലേറെ കുട്ടികളുണ്ടായാല്‍ എന്തു ചെയ്യുമെന്ന തമാശച്ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഇതിനൊപ്പം ഉയരുന്നുണ്ട്.

രണ്ടിലേറെ കുട്ടികളുള്ള സ്‌കൂള്‍ ജീവനകാര്‍ക്ക് ഈ നിബന്ധന ബാധകമാകുമോ എന്ന കാര്യം സല്‍വാന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജനസംഖ്യാ നിയന്ത്രണത്തിനു പിന്തുണ നല്‍കുക, കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ ദമ്പതിമാരെ പ്രേരിപ്പിക്കുക എന്നതാണ് പുതിയ നിബന്ധനയുടെ ലക്ഷ്യമെന്ന് സല്‍വാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുശീല്‍ സല്‍വാന്‍ വ്യക്തമാക്കി. സല്‍വാന്‍ മോണ്ടിസോറി, ജിഡി സല്‍വാന്‍ എന്നീ ബ്രാഞ്ചുകളിലെ അഡ്മിഷനുകള്‍ക്കാണ് പുതിയ വ്യവസ്ഥ. മാര്‍ച്ച് 31-നാണ് സ്‌കൂളുകള്‍ വിവിധ വിഭാഗങ്ങളിലേക്കുള്ള അന്തിമ പ്രവേശനപട്ടിക പ്രസിദ്ധീകരിക്കുക.

സ്‌കൂള്‍ പ്രവേശനത്തിനുള്ള ചില പ്രാകൃതമായ ചട്ടങ്ങളും വിചിത്രമായ ഒട്ടേറെ നിബന്ധനകളും കഴിഞ്ഞവര്‍ഷം ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നിയമവിധേയമല്ലാത്തതും ഏകപക്ഷീയവുമായ നിബന്ധനകള്‍ സ്‌കൂളുകള്‍ അടിച്ചേല്‍പ്പിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അത്. രക്ഷിതാവിന്റെ വിദ്യാഭ്യാസം, ജോലി എന്നിവ കുട്ടിയുടെ പ്രവേശനത്തിനു പരിഗണിക്കരുതെന്നും പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയവ പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ എത്ര മക്കളുടെ എണ്ണം രണ്ടേ ആകാവൂ എന്ന നിബന്ധന വെയ്ക്കാന്‍ സ്‌കൂളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടോ എന്നതു പുതിയ ചോദ്യമാണ്.