രാഷ്ട്രപതിയുടെ പോലീസ് മെഡലുകളില്‍ കേരളത്തില്‍ നിന്ന് ആരും ഉണ്ടാകില്ല

രാഷ്ട്രപതിയുടെ പോലീസ് മെഡലിനുള്ള പട്ടിക ആഭ്യന്തരവകുപ്പ് പൂഴ്ത്തി

സംസ്ഥാനത്ത് നടക്കുന്ന ഐ.എ.എസ് – ഐ.പി.എസ് അടിയാണ് മെഡല്‍പട്ടിക പൂഴ്ത്തിവെയ്പ്പില്‍ എത്തിനില്‍ക്കുന്നത് 

ഐ.എ.എസുകാരുടെ ചെലവില്‍ മെഡല്‍ വേണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരും നിലപാടെടുത്തിരിക്കുകയാണ് 

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിക്കുന്ന പോലീസ് മെഡലുകളില്‍ ഇത്തവണ കേരളത്തില്‍ നിന്നും ആരും ഉണ്ടാകില്ല. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും മെല്ലെപ്പോക്കും കാരണമാണ് മെഡലുകള്‍ നഷ്ടമായിരിക്കുന്നത്. രാഷ്ട്രപതിയുടെ മെഡലുകള്‍ക്കുള്ള പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഇതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ളവരെ മെഡലിന് പരിഗണിക്കുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.

പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ ഈ ഫയല്‍ പൂഴ്ത്തിവെയ്ക്കപ്പെട്ടു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍, ഡി.ജി.പി എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് ഈ പട്ടികയില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം ഈ യോഗങ്ങള്‍ നടന്നില്ല. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം തലവേദനയായ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്സിനെ ഉള്‍ക്കൊള്ളിച്ച് യോഗം നടത്താനുള്ള ഇവരുടെ ബുദ്ധിമുട്ടാണ് ഇതിന് കാരണമെന്നാണ് ആരോപണം. ഐ.എ.എസുകാരുടെ ചെലവില്‍ പോലീസുകാര്‍ മെഡലു വാങ്ങേണ്ടെന്ന അഭിപ്രായവും ഈ ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും വീഴ്ച പറ്റി. നേരത്തെ തന്നെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പരിചയസമ്പത്തില്ലായ്മ ഭരണത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന പരാതിയുണ്ട്.

ഐ.എ.എസ് ഉദ്യോഗസ്ഥരും ഐ.പി.എസ്സുകാരനായ ജേക്കബ് തോമസും തമ്മിലുള്ള തര്‍ക്കം സര്‍ക്കാരിന് തീരാ വേദനയാണ്. മികച്ച സേവനത്തിനുള്ള ദേശീയ അംഗീകാരം കേരളാ കേഡറ്റിലെ ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും നഷ്ടപ്പെടുന്നതോടെ കൂടുതല്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ജേക്കബ് തോമസിനൊപ്പം നില്‍ക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പ്രത്യക്ഷ ഐ.എ.എസ് -ഐ.പി.എല് തര്‍ക്കമായി ഇത് മാറും. ഇപ്പോഴെ ഏറെക്കുറേ ഭരണസ്തംഭനത്തില്‍ നില്‍ക്കുന്ന പിണറായി സര്‍ക്കാരിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.

ഇനി സംസ്ഥാന സര്‍ക്കാരിനു മുന്നിലുള്ള ഏക പോംവഴി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ച് പട്ടിക തയ്യാറാക്കുക എന്നതാണ്. എന്നാല്‍ ഇതിനെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്.