ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ സ്‌റ്റേജ് ഷോ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ സ്‌റ്റേജ് ഷോയ്ക്ക് തിരുവനന്തപുരം വേദിയാകുന്നു. ഈ മാസം 20 ന് വൈകുന്നേരം ഏഴിന് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ആദ്യപ്രദര്‍ശനം നടക്കുകയെന്നു കെസിബിസി പ്രിസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം സൂസാപക്യം പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളാ കാത്തലിക് ബിഷപ് കൗണ്‍സിസിലേയും മറ്റു വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടേയും പണ്ഡിതന്‍മാരുടേയും സാനിദ്ധ്യത്തിലായിരിക്കും ആദ്യ പ്രദര്‍ശനം നടക്കുക. ‘എന്റെ രക്ഷകന്‍’ എന്ന പേരില്‍ തയാറാക്കുന്ന ബൈബിള്‍ സ്‌റ്റേജ് ഷോയുടെ രംഗാവിഷ്‌ക്കാരവും സംവിധാനവും സൂര്യാ കൃഷ്ണമൂര്‍ത്തിയാണ് തയാറാക്കിയത്. 20 സെന്റ് സ്ഥലത്ത് രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തിലാണ് ഇതിനായി സെറ്റ് തയാറാക്കിയിട്ടുള്ളത്. 150 കലാകാരന്‍മാരും, 50 മൃഗങ്ങളും പക്ഷികളും ഇതില്‍ ഉണ്ടാകും. ചങ്ങനാശേരി സര്‍ഗക്ഷേത്രയും മാര്‍ ക്രിസോസ്റ്റം വേള്‍ഡ് പീസ് ഫൗണ്ടേഷന്‍, സൂര്യ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.

ജനുവരി 21, 22 തീയതികളില്‍ സൂര്യ അംഗങ്ങള്‍ക്കായും 24 ന് ക്ഷണിക്കപ്പെട്ട സദസിനു വേണ്ടിയും ഈ ബൈബിള്‍ സ്‌റ്റേജ് ഷോ സംഘടിപ്പിക്കും. 100 വയസു തികയുന്ന മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ആദരവ് അര്‍പ്പിച്ചാണ് 24 ന് ബൈബിള്‍ സ്‌റ്റേജ് ഷോ അരങ്ങിലെത്തുക.

ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഉള്ള 20 വ്യക്തികള്‍ ചേര്‍ന്നാണ് ഇതിനായുള്ള പണം മുടക്കിയത്. ബൈബിള്‍ ഷോയില്‍ പങ്കെടുക്കുന്ന കലാകാരന്‍മാരിലും സാങ്കേതിക വിദഗ്ധരിലും കൂടുതല്‍ ആളുകളും ക്രിസ്ത്യന്‍ മതവിഭാഗത്തിനു പുറത്തുനിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്..

വി. മദൂസൂദനന്‍ നായരുടെ വരികള്‍ക്ക് പണ്ഡിറ്റ് രമേശന്‍നായരാണഅ സംഗീതം പകരുന്നത്. പട്ടണം റഷീദാണ് മേക്കപ്പിടുന്നത്. അനില്‍ ചെമ്പൂര്‍ വേഷവിധാനം നിര്‍വഹിക്കുന്നു. മാസം തോറും സംസ്ഥാനത്തെ രണ്ടു സ്ഥലങ്ങളിലായി മൂന്നു ദിവസം വീതം സ്‌റ്റേജ് ഷോ അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഫെബ്രുവരിയില്‍ ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിലും മാര്‍ച്ചില്‍ കോട്ടയം,എറണാകുളം ജില്ലകളിലും ഏപ്രിലില്‍ അങ്കമാലി, തൃശൂര്‍ എന്നിവിടങ്ങളിലുമാണ് പ്രദര്‍ശനം. ആര്‍ച്ച് ബിഷപ് ഹൗസില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സൂര്യ കൃഷ്ണമൂര്‍ത്തി, ഫാ. അലക്‌സ് പ്രായിക്കുളം, റജി കൊപ്പാറ, കേണല്‍ നിഹല്‍ ഹെറ്റിയറാച്ചി, റഫീക്ക് യൂനസ് എന്നിവര്‍ പങ്കെടുത്തു.