സമരം തീര്‍ന്നെങ്കിലും പുതിയ സിനിമകളുടെ ചിത്രീകരണം അനിശ്ചിതത്വത്തില്‍

 

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: തിയേറ്റര്‍ സമരം താരങ്ങള്‍ തന്നെ പൊളിച്ചെങ്കിലും പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങാന്‍ വൈകും. പല താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഡേറ്റുകള്‍ ക്ലാഷായതും നടന്നുകൊണ്ടിരുന്നവ നീണ്ടു പോയതുമാണ് പ്രധാന കാരണം. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ഓരോ സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ കൊച്ചിയില്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. അതേസമയം പൂര്‍ത്തിയാക്കിയ ചിത്രങ്ങളെ സമരം ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അവയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരേഗമിക്കുകയാണ്.

മമ്മൂട്ടിയുടെ ശ്യാംധര്‍ ചിത്രം 

മമ്മൂട്ടിയെ നായകനാക്കി സെവന്‍ത്‌ഡേയുടെ സംവിധായകന്‍ ശ്യാംധര്‍ ഒരുക്കുന്ന പുതിയ ചിത്രം ഈമാസം 22ന് തുടങ്ങാനാണ് പ്ലാന്‍ ചെയ്തിരുന്നത്.  സമരം കാരണം മമ്മൂട്ടി ഒഴികെയുള്ള ചില താരങ്ങളുടെ ഡേറ്റ് പ്രശ്‌നമായിട്ടുണ്ട്. എന്നാലും 22ന് തെന്നെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രേറ്റ് ഫാദറിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി രഞ്ജിത്തിന്റെ പുത്തന്‍പണത്തിന്റെ ഷൂട്ടിംഗും തീര്‍ത്തു. ഇനി ഡബ്ബിംഗ് ബാക്കിയുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗും ഡി.ഐയും കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

മോഹന്‍ലാലിന്റെ പുതിയ ചിത്രം അടുത്ത മാസം

മേജര്‍ രവിയുടെ ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ അടുത്തമാസം പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. രാജസ്ഥാനിലെ ചിത്രീകരണത്തിന് ശേഷം അമേരിക്കയില്‍ പോയ മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം പാലക്കാട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. കുറേ ഗ്യാപ്പിട്ടാണ് ഈ സിനിമ ചെയ്തത്. കണ്ടിന്യൂവിറ്റി നഷ്ടപ്പെടാതിരിക്കാന്‍ മറ്റ് ചിത്രങ്ങളിലൊന്നും അഭിനയിക്കേണ്ടെന്ന് താരം തീരുമാനിക്കുകയായിരുന്നു.

ജയറാം ഇനി അപ്പ

സമുദ്രക്കനിയുടെ അപ്പ എന്ന തമിഴ് ചിത്രത്തിന്റെ മലയാളം പതിപ്പിലാണ് ജയറാം ഇനി അഭിനയിക്കുന്നത്. അതിന്റെ ഡേറ്റ് തീരുമാനിച്ചിട്ടില്ല. എം.പത്മകുമാറാണ് സംവിധായകന്‍. എറണാകുളം, കോതമംഗലം, വാഗമണ്‍ എന്നിവിടങ്ങളില്‍ അച്ചായന്‍സ് പൂര്‍ത്തിയാക്കിയ ജയറാം ചെന്നൈയിലെ വീട്ടിലേക്ക് മടങ്ങി. ഡബ്ബിംഗും മറ്റും താമസിക്കാതെ തുടങ്ങും.

ദിലീപിന്റെ ഡിങ്കന്‍

മുളക്പാടത്തിന്റെ രാമലീല പൂര്‍ത്തിയാക്കിയ ശേഷമേ ദിലീപിന് പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യാനാകൂ. ഈമാസം അവസാനത്തോടെ രാമലീല പൂര്‍ത്തിയാകും. ശേഷം ക്യാമറാമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ഡിങ്കനില്‍ അഭിനയിച്ച് തുടങ്ങും. സമരവുമായി ബന്ധപ്പെട്ട് പല ചിത്രങ്ങളുടെയും റിലീസ് നീണ്ടതിനാല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ജോസേട്ടന്‍സ് പൂരം ഉടനെ റിലീസ് ചെയ്യാനാകാത്ത സാഹചര്യവുമാണ് ഉള്ളത്. ജോസേട്ടന്‍സ് പൂരം ക്രിസ്മസ് റിലീസ് പ്ലാന്‍ ചെയ്തിരുന്നതാണ്.

പൃഥ്വിരാജ് ആസ്‌ത്രേലിയയില്‍

മൈ സ്റ്റോറി പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദില്‍ ടിയാന്റെ രണ്ടാം ഷെഡ്യൂളില്‍ അഭിനയിക്കുകയാണ് പൃഥ്വിരാജ്. അതിന് ശേഷം വിമാനം എന്ന ചിത്രത്തില്‍ 10 ദിവസം അഭിനയിക്കും. പിന്നീട് ജിനുജോസഫിന്റെ സിനിമയ്ക്കായി ആസ്‌ത്രേലിയയ്ക്ക് പോകും. അത് ഫെബ്രുവരി പകുതിയാകുമെന്ന് കരുതുന്നു. അതിനിടെ വിമാനത്തിന്റെ ആദ്യ ഷെഡ്യൂളും മൈസ്റ്റോറിയുടെ ഡബ്ബിംഗും പൂര്‍ത്തിയാക്കും.