ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ച കേസ്: സല്‍മാനെ വെറുതെ വിട്ടു

ജോഡ്പൂര്‍: ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ച കേസില്‍ നടന്‍ സല്‍മാന്‍ഖാനെ കോടതി കുറ്റവിമുക്തനാക്കി. പതിനെട്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ബുധനാഴ്ചയാണ് രാജസ്ഥാനിലെ ജോധ്പൂര്‍ കോടി വിധി പ്രസ്താവിച്ചത്. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിലാണ് തോക്ക് അനധികൃതമായി കൈവശം വച്ചതിന് കേസെടുത്തത്.

താരത്തിന് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും അതിന്റെ കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. അതിനോട് അനുബന്ധിച്ച് എടുത്ത കേസിലാണ് ബുധനാഴ്ച തീര്‍പ്പ് കല്‍പ്പിച്ചത്.

കേസില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സല്‍മാന്റെ റൈഫിളിന്റെയും റിവോള്‍വറിന്റെയും ലൈസന്‍സുകളുടെ കാലാവധി അവസാനിച്ചിരുന്നു.

റൈഫിളിന് ലൈസന്‍സ് ഇല്ലാത്തതിന് മൂന്ന് വര്‍ഷവും റിവോള്‍വറിന്റെ കേസില്‍ ഏഴ് വര്‍ഷവും ശിക്ഷ ലഭിക്കുമായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമാണ് താരം നേരിട്ട് കോടതിയില്‍ ഹാജരായത്. സഹോദരിക്കും അഭിഭാഷകനുമൊപ്പം സല്‍മാന്‍ ഇന്നലെ ജോധ്പൂരില്‍ എത്തിയിരുന്നു. അതേസമയം സെഷന്‍സ് കോടതിയില്‍ അപ്പീലിന് പോകുമെന്ന് പ്രോസിക്യൂഷന്‍ കൗണ്‍സില്‍ എച്ച്.എസ് സരാവത്ത് പറഞ്ഞു.