മഹാമാരി മിനുക്കിയെടുത്ത പാട്ടുകാരി (വിജയ് സി.എച്ച് )

ലോകം മഹാമാരികളുടെ പിടിയിൽ അകപ്പെടുന്നതുമൂലം സംജാതമായ സാഹചര്യങ്ങൾ കലകളെ സ്വാധീനിച്ചെന്ന് ചരിത്രത്തിലുണ്ട്. മാരക രോഗങ്ങൾ യൂറോപ്പിൽ പടർന്നുപിടിച്ച സമയത്താണ് ഒട്ടനവധി ക്ലാസ്സിക് രചനകൾ ലോകത്തുണ്ടായത്. നവോത്ഥാന കലകളുടെ പ്രചോദനവും മറ്റൊന്നായിരുന്നില്ല. സമൂഹം പ്രതിസന്ധികൾ നേരിടുമ്പോൾ കലാവാസനകൾ പരിപോഷിപ്പിക്കപ്പെടുന്നു എന്നതൊരു വിപരീതസത്യം!
എന്തെങ്കിലും കലാവാസനകൾ ഇല്ലാത്തവരായി ആരുമില്ല. ഏകാന്തത അവരുടെ ആവിഷ്കാര ഭാവനകൾക്ക് ചിറക് നൽകുന്നു. പാടാൻ കഴിവുള്ളവർ പാടുന്നു, വരയ്ക്കാൻ കഴിവുള്ളവർ വരയ്ക്കുന്നു. ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെട്ടിരുന്ന വീട്ടമ്മമാർപോലും അവരുടെ പാചക നൈപുണ്യം പ്രദർശിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്നു. ദുഃഖങ്ങൾക്കു നടുവിലും ലോക്ക്ഡൗൺ കാലം സൃഷ്‌ടിപരം തന്നെയെന്നതിന് പ്രകടമായ സാക്ഷ്യപത്രം സമൂഹ മാധ്യമങ്ങളുമാണ്.
2020, മാർച്ചിൽ രാജ്യം ആദ്യത്തെ അടച്ചുപൂട്ടലിലേക്കു നീങ്ങുന്നതുവരെ, സോയിൽ സർവ്വേ ഏൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ സർവ്വേ ഓഫീസറായി ജോലി ചെയ്യുന്ന രതി ജയകുമാറിന്, തിരക്കോടുതിരക്കായിരുന്നു.
ഒരുമിച്ചെത്തിയ പ്രളയങ്ങൾ ഭൂമിയുടെ ഉപരിതലത്തിനു വരുത്തിയ കോട്ടങ്ങൾ കണ്ടെത്തലും, ഉരുൾപൊട്ടൽ സാധ്യതാ പഠനങ്ങളും, കൂടാതെ പതിവായുള്ള മണ്ണ് പര്യവേക്ഷണവും കഴിഞ്ഞാൽ, പാഠപുസ്തകത്തിലുള്ളത് തൻറെ കുട്ടികൾത്തിരി പറഞ്ഞു കൊടുക്കാൻ പോലും രതിക്ക് നേരം കിട്ടിയിരുന്നില്ല.
പക്ഷെ പത്തൊമ്പതാം നമ്പറുകാരൻ കീടത്തെ ഭയന്ന്  പുറത്തിറങ്ങാതായപ്പോൾ അകത്തെ സമയത്തിന് ദൈർഘ്യം വർദ്ധിച്ചു. വിരസ യാമങ്ങളിൽ വിഷാദം പുരളുന്നെന്ന് തിരിച്ചറിഞ്ഞതോടെ, പിൻതുടരാൻ കഴിയാതിരുന്ന സംഗീത സപര്യ രതിയുടെ ചിന്തയിലെത്തി.


“പാട്ട് കുട്ടിക്കാലം മുതലെ ഇഷ്ടമായിരുന്നു. നാലഞ്ചുകൊല്ലം പഠിച്ചതിനുശേഷം, ഗുരുവായൂരിലെ മേപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറിയതുമാണ്. എന്നാൽ, ജീവിത വ്യഗ്രതകൾക്കിടയിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ അതുമായി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ലോക്ക് ഡൗൺ മൂലം ഓഫീസിലെ ജോലിക്കൂമ്പാരങ്ങൾ മേലധികാരികളുടെ ചർച്ചാവിഷയം അല്ലാതായിത്തീർന്നപ്പോൾ, പെരിങ്ങോട്ടുകര ശിവൻ മാഷിൻ്റെ കീഴിൽ കർണ്ണാടക സംഗീത പഠനം പുനരാരംഭിച്ചു,” രതി പറഞ്ഞു തുടങ്ങി.
പാട്ടു പരിശീലിക്കാൻ നാൽപ്പതു വയസ്സുവരെ കാത്തിരിക്കേണ്ടതുണ്ടായിരുന്നോയെന്ന് അവ്യക്ത മൊഴിയിൽ ആരാഞ്ഞവരോടൊക്കെ, “താൽപര്യമുണ്ടെങ്കിൽ താങ്കളും വരൂ, സരിഗമ പാടാൻ” എന്നായിരുന്നു രതിയുടെ പ്രതികരണം. എല്ലാത്തിനും ഒരു സമയമുണ്ട്, കോവിഡ് കാലമാണ് ആലാപനമൊന്ന് മിനുക്കിയെടുക്കാനുള്ള അവസരം തനിക്കു നൽകിയതെന്ന് അടുത്ത സുഹൃത്തുക്കളോട് രതി വിശദീകരിച്ചു.
ആകാശത്തിന് ചുവടെയുള്ള ഓരോ കാര്യത്തിനും
അതിൻറേതായ ഒരു സമയമുണ്ടെന്ന് വിവേകിയായ  ശലോമോൻ രാജാവ്‌ പണ്ടു പറഞ്ഞത് തനിക്കൊരിക്കൽ കടമെടുക്കേണ്ടിവരുമെന്ന് രതി മുന്നെയൊരിക്കലും കരുതിയിട്ടേയില്ലായിരുന്നു!
“കോവിഡ് കാലത്തെ സംഗീത പുനർപഠനം തീക്ഷണമായൊരു ആത്മവിശ്വാസമാണ് എനിക്ക് നൽകിയത്. തിരക്കൊഴിഞ്ഞ സമയമായതിനാൽ പല്ലവിക്കൊപ്പം ശ്രുതിയും ചിന്തയിൽ ചേർന്നുനിന്നു. ബാല്യം മുതൽ കൂടെയുള്ള മൂളിപ്പാട്ടുകൾക്ക് പെട്ടെന്നൊരു പൂർണ്ണത ലഭിച്ചതുപോലെ,” രതി ആവേശംകൊണ്ടു.


ഒരു നാൾ ഭർത്താവ് ജയകുമാർ വീട്ടിലില്ലാത്ത സമയം നോക്കി, ചുണ്ടത്ത് എന്നും എത്താറുണ്ടായിരുന്ന ‘ഉജ്ജയിനിയിലെ ഗായിക, ഉർവ്വശിയെന്നൊരു മാളവിക…’ എന്ന പാട്ട് പാടി, രതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
‘കടൽപ്പാലം’ എന്ന സൂപ്പർഹിറ്റ് പടത്തിലെ വയലാറിൻറെ വരികൾ, ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ സംഗീതത്തിൽ പി. ലീല പാടിയത്, അര നൂറ്റാണ്ടായി ശ്രോതാക്കൾ ഏറ്റുപാടാൻ കാരണം ആ ഗാനത്തിൻറെ സമഗ്രമായ മനോഹാരിത ഒന്നുതന്നെയാണ്.
“ഏറെ മനം കവരുന്നതാണ് ഈ ഗാനത്തിൻറെ മോഹന രാഗം,” എന്നുപറഞ്ഞ്, വയലാറിൻറെ രചനയുടെ ഒടുവിലുള്ള ‘യുവ ഗായികയുടെ ദാഹങ്ങൾ ഒരു പുനർജ്ജന്മത്തിൻ ചിറകു നൽകി’ എന്നതിലേക്ക് രതിയുടെ ആരോഹണമെത്തുന്നത്, ഈ  പാട്ടുപാടി പിന്നണിഗായികയ്ക്കുള്ള പ്രഥമ കേരള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ പി. ലീലക്കൊരു  ശ്രദ്ധാഞ്ജലിയായിക്കൊണ്ടാണ്. രതിയുടെ മൂളിപ്പാട്ട് അത് കേട്ടവരെല്ലാം മൂളാൻ തുടങ്ങിയതിൽ അതിശയമില്ല!
“സംഗീതം പഠിക്കാൻ നിസ്തുലമായ പിന്തുണയാണ് പ്രിയപ്പെട്ടവൻ നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ,   സമൂഹ മാധ്യമങ്ങൾക്കു ചാർത്തപ്പെട്ട ‘കാപട്യ-സാങ്കൽപ്പിക’ പ്രതിച്ഛായ മൂലം, മുഖപുസ്തകത്തിൽ പാട്ടുകൾ പോസ്റ്റ് ചെയ്യുന്നതിനോടും അതിനുവേണ്ടി സമയം നഷ്ടപ്പെടുത്തുന്നതിനോടും അദ്ദേഹത്തിന് വിയോജിപ്പായിരുന്നു. ഇക്കാരണത്താലാണ്, ഫേസ്ബുക്കിലെ പ്രഥമ സംരംഭത്തിന് അൽപം ‘സ്വകാര്യതയുടെ’ പരിവേഷമുണ്ടായത്. പക്ഷെ, ‘ഉജ്ജയിനിയിലെ ഗായിക’ സുഹൃത്തുക്കളിൽനിന്ന് നേടിയ ഹാർദ്ദമായ പ്രതികരണമറിഞ്ഞപ്പോൾ, ഭർത്താവും സംഗീതപ്രേമികളായ പുത്രി ഗായത്രിയും പുത്രൻ സൂര്യയും എൻറെയടുത്തേക്ക് ഓടിയെത്തിയത് ‘കട്ട’ സപ്പോർട്ടുമായായിരുന്നു,” രതിയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞൊഴുകി.
പ്രശസ്ത ശാസ്താംപാട്ട് ഗായകനും, ഈ അനുഷ്ഠാന കലാരൂപത്തിൻറെ സംസ്ഥാന രക്ഷാധികാരിയുമായ ശ്രീ. വേണു വെള്ളാനിക്കരയുടെ പുത്രന്, പ്രിയ പത്നിയുടെ സംഗീതാഭിരുചിയെ തളർത്താനാകുമോ?
“മുഖപുസ്തകത്തിൽ പെണ്ണുങ്ങൾക്കു ലഭിക്കുന്ന അമിത സ്വീകാര്യതയും, പെരുപ്പിച്ചെഴുതുന്ന ‘സുഖിപ്പിക്കൽ’ അഭിപ്രായങ്ങളും മുഖവിലക്ക് എടുക്കാതിരുന്നാൽ പോലും, എൻറെ കന്നിസംരംഭം ‘കിടു’വായല്ലൊയെന്ന് ചേട്ടൻ അഭിപ്രായപ്പെട്ട് നിമിഷങ്ങൾ കഴിയുംമുന്നെ, തുടർന്നു പാടി പോസ്റ്റു ചെയ്യേണ്ട പാട്ടുകളുടെ പട്ടിക എൻറെ മനസ്സിൽ തയ്യാറായിക്കഴിഞ്ഞിരുന്നു,” രതി ഉള്ള് തുറന്നു!
കോവിഡിൻറെ ഒന്നാം തരംഗത്തിൽ അടച്ചുപൂട്ടൽ അനിശ്ചിതമായി തുടർന്നിരുന്നുവെങ്കിലും, അടിയന്തിരമായി അയക്കേണ്ടിവന്ന ഒരു സോയിൽ സർവേ റിപ്പോർട്ടിൻറെ കാര്യത്തിനായി രതിക്ക് അന്ന്  ഓഫീസിൽ പോകേണ്ടിവന്നു. വീട്ടിൽ തിരിച്ചെത്തിയ ഉടനെ ചേട്ടനെയും മക്കളെയും സമീപത്തിരുത്തി, അവർ രണ്ടാം ഗാനത്തിൻറെ വിഡിയോ റിക്കോർഡ് ചെയ്തു.
ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിൻറെ ജന്മം കൊതിച്ചു…
ഒരുവരുമറിയാതെ വന്നു,
മണ്ണിൽ ഒരു നിശാഗന്ധിയായ്‌ കൺതുറന്നു…
സുസ്മിതയായവൾ നിന്നു…
മൂകനിഷ്പന്ദ ഗന്ധർവ്വ ഗീതമുറഞ്ഞൊരു
ശിൽപ്പത്തിൻ സൗന്ദര്യമായ്‌ വിടർന്നു…
കൊറോണക്കെടുതിയിൽ ഭൂമി വെറുങ്ങലിച്ചുതന്നെ നിലകൊണ്ടെങ്കിലും, രതിയുടെ ഭവനത്തിൽ ഒഎൻവി സാറിൻറെ ആത്മാവുറങ്ങുന്ന വരികൾ നിലയ്ക്കാത്ത പ്രതിധ്വനികളുയർത്തി!
“ഉജ്ജയിനിക്ക് ശ്രോതാക്കൾ നൽകിയ
വരവേൽപ്പും, കൂട്ടിന് ചേട്ടനും മക്കളുമുണ്ടെന്ന തിരിച്ചറിവും ചേർന്നെത്തിയപ്പോൾ, എന്തൊരു ആവേശമായിരുന്നെന്നോ!” ഉജ്ജ്വലമായിരുന്നു രതിയുടെ ഭാഷണം.
പിന്നെയങ്ങോട്ട് റിക്കോർഡിങ്ങും, പോസ്റ്റിങ്ങും, തുരുതുരാ വന്നെത്താറുള്ള കമൻറുകൾക്കുള്ള മറുപടി എഴുത്തുമായി കോവിഡ് അടിച്ചേൽപിച്ച തടവ് ദിനങ്ങൾ സർഗ്ഗാത്മകമാകാൻ തുടങ്ങി.
“നാലു മാസത്തിനകം, മുഖപുസ്തകത്തിൻറെ ചുമരിലെത്തിയ അനേകം വിഡിയോകളിൽ, ‘രാരീ രാരീരം രാരോ…’, ‘മകളേ പാതി മലരേ…’, ‘ആടിവാക്കാറ്റേ…’, ‘നീല ജലാശയത്തിൽ…’, ‘രാജശില്പീ നീയെനിക്കൊരു…’, ‘കേശാദിപാദം തൊഴുന്നേൻ…’ മുതലായവ എന്നെ എത്തിച്ചത് തീരെ പ്രതീക്ഷിക്കാത്തൊരു ഇടത്താണ്. നിരന്തരം പെയ്തിറങ്ങിക്കൊണ്ടിരുന്ന ഫീഡ്ബേക്കുകൾക്കു പ്രതികരിക്കാൻ തന്നെ മണിക്കൂറുകൾ വേണമെന്നായി. പ്രിയ ചങ്ങാതിമാർ പറയുന്നത് ശ്രദ്ധിക്കാതെ വയ്യല്ലൊ,” രതി വ്യക്തമാക്കി.
കൊറോണക്കാലത്ത് നല്ലൊരു തുടക്കമെന്ന സന്ദേശങ്ങളും, ആവശ്യപ്പെട്ട പാട്ടുകൾ പാടിയതിന് നന്ദി വാക്കുകളും, തിരുത്തൽ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പുതിയ ആലാപനങ്ങളിൽ വികവ് തെളിയിച്ചതിന് അനുമോദനങ്ങളും മറ്റുമായി കമൻറ് ബോക്സും, മെസ്സെൻജറും നിറഞ്ഞു നിൽക്കുമ്പോഴും, പോസ്റ്റുകളിൽ തൻറെ സംഗീതാദ്ധ്യാപകൻറെ
അസാന്നിദ്ധ്യം രതിയെ വിഷമിപ്പിച്ചിരുന്നു.
തൃശ്ശൂർ ആർ. വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായ രതിയുടെ ഗുരു, ശുദ്ധസംഗീതത്തി൯റെ വാക്താവാണ്.
സിനിമാ ഗാനങ്ങളോട് അദ്ദേഹത്തിന് അഭിനിവേശമുണ്ടാകാൻ വഴിയില്ല. അതിനാൽ, മുഖപുസ്തകത്തിലെ തൻറെ ഇടപെടലുകൾ ഗുരു എങ്ങിനെ വീക്ഷിക്കുമെന്ന് രതി വേവലാതിപ്പെട്ടു.
“നാലാള് കൂടുന്നിടത്ത് ഒരു മൈക്കും, കരോക്കെ (background score) പ്ളേ ചെയ്യാൻ ഒരു മൊബൈൽ ഫോണും ഉണ്ടെങ്കിൽ, ആർക്കും പാട്ടുകാരനാകാൻ കഴിയുന്ന കാലമാണിത്,” അദ്ദേഹം ഇടക്കിടെ പറയാറുണ്ടായിരുന്നത് രതി ഓർത്തു.
എന്നാൽ, ഉപേക്ഷിക്കാൻ കഴിയാത്ത വിധം രതി ഫേസ്ബുക്കിൽ നിമഗ്നയായിരുന്നു. വളർന്നുവരുന്ന ഗായികക്ക് സമൂഹമാധ്യമം സമ്മാനിച്ചത് മാസ്മരികമായൊരു പ്രചോദന സ്രോതസ്സല്ലേ!
കരോക്കെയുടെ സഹായത്താൽ പാടുന്ന സിനിമാ ഗാനങ്ങൾ ഇനിയും കണ്ടും, കേട്ടും ഗുരുവിന് ഉണ്ടായേക്കാവുന്ന നീരസമൊഴിവാക്കാൻ, ദുഃഖത്തിനൊപ്പം വേദനയോടെ, രതി അദ്ദേഹത്തെ  മുഖപുസ്തകത്തിൽ അൺഫ്രണ്ട് ചെയ്തു.
“ലളിതമായ പാട്ടുകളാണ് ഇതുവരെ ഞാൻ തിരഞ്ഞെടുത്തതെന്ന നിരീക്ഷണം ചില ചങ്ങാതിമാർ പങ്കുവച്ചപ്പോൾ, കൂടുതൽ ചലഞ്ചിങ്ങായ ഗാനങ്ങൾ ഏറ്റെടുത്തു. തുടർന്ന്, ‘പുലർകാലസുന്ദര സ്വപ്നത്തിൽ ഞാനൊരു…’, ‘രാജഹംസമേ…’, ‘ഋതുഭേദ കൽപ്പന…’, ‘ഏതോ വാർമുകിലിൻ…’, ‘ഒരു നറുപുഷ്പമായ്…’, ‘ഹിമശൈല സൈകത…’, ‘പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണു…’, ‘ശരദിന്ദു മലർദീപ നാളം നീട്ടി…’, ‘കേവല മർത്യ ഭാഷ കേൾക്കാത്ത…’, ‘കണ്ണീർപൂവിൻ്റെ കവിളിൽ തലോടി…’, ‘മരണമെത്തുന്ന നേരത്ത്…’ മുതലായവ ഓരോന്നായി എൻറെ ടൈംലൈനിലെത്തി,” രതി വിശദീകരിച്ചു.
പാട്ടിനെ ഗൗരവമായിക്കാണുന്നൊരു ശ്രോതാവ്, ‘കഭീ കഭീ മേരെ ദിൽ മേം…’ പാടാൻ ആവശ്യപ്പെട്ടപ്പോൾ, ലതാജിയുടെ ആരാധികയായ രതി, ഉച്ചാരണ വൈകല്യങ്ങളൊന്നുമില്ലാതെ ഈ ഗാനം ആലപിക്കാൻ പ്രയത്നിക്കേണ്ടിവന്നു.
“എന്നാൽ, പാട്ട് പോസ്റ്റു ചെയ്ത നാൾ മുതൽ സമൃദ്ധമായി ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന ആസ്വാദന കുറിപ്പുകൾ വായിക്കുമ്പോൾ ഉള്ളിൽ കുളിരു കോരുന്നു,” എപ്പോഴും ചിരിച്ചുകൊണ്ട് പാടുന്ന രതി, ഇതു പറഞ്ഞപ്പോഴും ചിരിച്ചു.
ക്ലാസ്സിക്കൽ അടിത്തറയുള്ള ഗാനങ്ങളുടെ ആരോഹണ-അവരോഹണ ഇടങ്ങളിലെ പിച്ച് കൺട്രോളിൽ പിരിമുറുക്കം അനുഭവപ്പെട്ടപ്പോൾ, സംഗീത സംവിധായകൻ രാജാമണിയുടെ കീബോർഡിസ്റ്റും റീറെക്കോർഡിങ് ആർട്ടിസ്റ്റുമായ ശ്രീ. ബിജു ചന്ദ്രൻ സഹായഹസ്തം നീട്ടി.
“ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ശ്രീ. ബിജുവാണ് കരോക്കെ പാടുമ്പോൾ ശ്രദ്ധിക്കേണ്ട ബ്രീത്ത് മാനേജ്മെൻറും, വോയ്സ് കൺട്രോളും, ഓപ്പണിങ്ങ് & ലാൻഡിങ്ങ് നോട്ട്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങളും എന്നെ അഭ്യസിപ്പിച്ചത്,” രതി കൃതജ്ഞത അറിയിച്ചു.
കോവിഡ് വ്യാപനം അൽപം കുറഞ്ഞതിനാൽ, 2020 മെയ് മാസത്തിൽ രതിയുടെ ഓഫീസ് പകുതി ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ചു.
ഓഫീസിൽനിന്ന് മാറിനിന്ന ഇടവേളയിൽ ഒട്ടേറെ പാട്ടുകൾ പാടി, താനൊരു എഫ്ബി സെൻസേഷനായി മാറിയെന്ന് ചില ഗ്രൂപ്പുകളിൽ ചർച്ചകളുണ്ടായെന്ന വിവരം രതിയുടെ ചെവിയിലുമെത്തിയിരുന്നു. സഹപ്രവർത്തകരിൽ പലരും മുഖപുസ്തകത്തിൽ  രതിയുടെ സുഹൃത്തുക്കളുമാണ്.
“എന്തെങ്കിലുമാവട്ടെ, ഇടവേളക്കു ശേഷം ഉത്സാഹത്തോടുകൂടിയാണ് ഞാൻ ഓഫീസിലെത്തിയത്, പക്ഷെ കേട്ടത് ഡിപ്പാർട്ടുമെ൯റിനകത്ത് ചുറ്റിക്കറങ്ങുന്നൊരു ‘വൃത്താന്ത’മാണ്: “ഗസറ്റഡ് ഓഫീസറാണു പോലും! നാണമില്ലേ, കൊച്ചു പിള്ളാരെപ്പോലെ എഫ്ബി-യിലൊക്കെ കുത്തിയിരുന്ന് പാടാൻ?”
മികച്ച സോയിൽ സർവേ ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിൻറെ പേരുകേട്ട പുരസ്കാരം രതിക്ക് നേടാനായത് മണ്ണാർക്കാട്, നെല്ലിയാമ്പതി മുതലായ മലമ്പ്രദേശങ്ങളിൽ നടത്തിയ ദുഷ്‌കരമായ പര്യവേക്ഷണങ്ങളും, മണ്ണ് പരിപാലന ബോധവൽക്കരണവും പരിഗണിച്ചാണ്. എന്നാൽ, യശസ്സിൻറെ കൂടെപ്പിറപ്പാണ് അന്യ മനസ്സുകളിൽ ജനിക്കുന്ന അകാരണമായ അനിഷ്ടങ്ങൾ.
സാരമാക്കിയില്ല, പാട്ടിലും പ്രവർത്തിയിലും രതിയുടെ ഗതി നേർദിശയിൽ തന്നെ തുടർന്നു.
അമ്പലപ്പുഴ ശ്രീരാഗം സംഗീത സഭ അവരുടെ എഫ്ബി പേജിൽ ലൈവായി പാടാ൯ രതിയെ ക്ഷണിച്ചു. പരിപാടി സംഗീതാർച്ചനയായതിനാൽ, ഗുരു താൽപര്യം പ്രകടിപ്പിച്ചു. എഫ്ബി-യിൽ അദ്ദേഹത്തെ ഫ്രണ്ടായി തിരിച്ചെത്തിക്കാൻ ഇത് ഹേതുവായി. ഗുരുവിനെ അൺഫ്രണ്ട് ചെയ്തതിൽ ശിഷ്യക്ക് തോന്നിയുന്ന കുറ്റബോധം അങ്ങിനെ കെട്ടണഞ്ഞു. ശ്രീരാഗം പരിപാടി ഒരു സംസ്ഥാനതല സംഗീത വിരുന്നായി മാറുകയും ചെയ്തു.
“പക്ഷെ, ഡിപ്പാർട്ടുമെൻറ് എന്നെ മുൾമുനയിൽ നിർത്തി. ലൈവ് പരിപാടിയിൽ പങ്കെടുക്കാനുള്ള അനുമതി തേടി തിരുവനന്തപുരത്തേക്ക് അയച്ച അപേക്ഷയുടെ മറുപടി ഒരു മാസം കഴിഞ്ഞാണ് ലഭിച്ചത്. പ്രതിഫലം  കൈപ്പറ്റുന്നില്ലെങ്കിലും, മേലിൽ മുൻകൂർ അനുവാദമില്ലാതെ പൊതു പരിപാടികളിൽ പങ്കെടുക്കരുതെന്ന് ഡിപ്പാർട്ടുമെൻറ് എന്നെ ഉപദേശിച്ചു,” രതിയുടെ ശബ്ദം ഇടറിയിരുന്നു.
മുൻകൂർ അനുവാദമെന്ന നൂലാമാലയിൽ കുടുങ്ങി നിരവധി ആൽബങ്ങളും, കവിതാപാരായണങ്ങളും മഹാമാരി മിനുക്കിയെടുത്ത ഈ പാട്ടുകാരിക്ക് ഇതിനകം നഷ്ടമായി. എഫ്ബി പോസ്റ്റുകൾ മാത്രം നിർവിഘ്നം തുടരുന്നു. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി നൂറിലേറെ ഗാനങ്ങൾ ഇതുവരെ അവർ ആലപിച്ചു.
ഈയ്യിടെ ഒരു പാട്ട് റിക്കോർഡ് ചെയ്യുന്നതിനിടയിൽ, രതിക്ക് തൊണ്ടയിൽ സ്ക്രേച്ച് അനുഭവപ്പെട്ടു. താമസിയാതെ കലശലായ പനിയും, ശരീര വേദനയും. ടെമ്പറേച്ചർ കുറയുന്നില്ല. പിറ്റേന്ന് RT-PCR ചയ്തു. കാലൻ കൊറോണ രതിയെയും തേടിയെത്തിയിരുന്നു. ക്വറൻറീൻ കാരാഗൃഹത്തിലിരുന്ന്, ഗായിക പ്രാർത്ഥിച്ചു, തൻറെ ശബ്ദത്തിന് ഒന്നും പറ്റരുതേയെന്ന്!

വിജയ് സി.എച്ച്