റഷ്യ-യുക്രൈന്‍ ചര്‍ച്ച തുടങ്ങി; രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച

മോസ്‌കോ: റഷ്യയും യുക്രൈനും തമ്മിലുളള ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘമാണ് ചര്‍ച്ച നടത്തുന്നത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആണവ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചയെക്കുറിച്ച് യുക്രൈന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. റഷ്യയാണ് ബെലാറസില്‍ വെച്ച് ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചര്‍ച്ച തീരുന്നത് വരെ ബെലാറസ് പരിധിയില്‍ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറസ് ഉറപ്പ് നല്‍കി. സൈനിക വിമാനങ്ങള്‍, മിസൈല്‍ അടക്കം തല്‍സ്ഥിതി തുടരും. ബെലാറൂസ് യുക്രൈന്‍ ലക്ഷ്യമാക്കി സേനാ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.