മദ്യപിക്കാനുള്ള അവകാശം മൗലീകാവകാശമല്ല : ഹൈക്കോടതി

കൊച്ചി : മദ്യപിക്കാനുള്ള അവകാശം മൗലകിവകാശമല്ലെന്നും സര്‍ക്കാരിന്റെ മദ്യനയം മൗലികാവകാശ ലംഘനമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പെരുമ്പാവൂര്‍ വളയംചിറങ്ങരയിലെ ടാപ്പിംഗ് തൊഴിലാളി എം.എസ്. അനൂപ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ടാപ്പിംഗ് ജോലി നോക്കുന്ന തനിക്ക് ഉന്മേഷവും ആശ്വാസവും നല്‍കുന്നത് മദ്യമാണെന്നും തന്റെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ് മദ്യമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും സര്‍ക്കാരിന്റെ മദ്യനയം സ്വകാര്യതയ്ക്കും മൗലികാവകാശത്തിനും മേലുള്ള കടന്നുകയറ്റമായി വിലയിരുത്തി റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം.

എ്‌നാല്‍ മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ കണക്കു സഹിതം വിസ്തരിച്ച് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.

1984-ലാണ് സംസ്ഥാന സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന് രൂപം നല്‍കിയത്. 2010 ആയപ്പോഴേക്കും 337 ഔട്ട്‌ലൈറ്റുകള്‍ ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ ബിവറേജസിന്റെ വിഹിതം സംസ്ഥാനത്തെ മൊത്ത വരുമാനത്തിന്റെ അഞ്ചിലൊന്നു വരുമെന്നും 2006-2010-ല്‍ ബിവറേജസിന്റെ വരുമാനം വര്‍ഷം തോറും 100 ശതമാനം വര്‍ദ്ധിച്ചുവെന്നും ഹൈക്കോടതി കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തി.

നേട്ടങ്ങള്‍  ഇത്രയുമാണെന്നിരിക്കെ 2008-2009-ല്‍ നാലായിരം പേര്‍ റോഡ് അപകടങ്ങള്‍ക്കിരയായെന്നും ഇതില്‍ മദ്യലഹരിയില്‍ വാഹനമോടിച്ചുള്ള അപകടങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ 2013-ല്‍ കേരളത്തിലെ ആളോഹരി മദ്യ ഉപഭോഗം 8.3 ലിറ്ററായിരുന്നുവെന്നും ദേശീയ തലത്തില്‍ നടന്ന വില്പനയുടെ 16 ശതമാനമാണിതെന്നും വ്യക്തമാക്കി. 2011-ല്‍ ആത്മഹത്യ നിരക്കില്‍ ദേശീയതലത്തില്‍ കേരളത്തില്‍ രണ്ടാം സ്ഥാനമാണ്. 2010-ലെ സര്‍വ്വേ പ്രകാരം 80 ശതമാനം വിവാഹമോചനങ്ങള്‍ക്കും മദ്യമാണ് ഒരു കാരണം.

സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 57.69 ശതമാനം കേസുകളിലും മദ്യത്തിന് സ്ഥാനമുണ്ട്. കേരളത്തിലെ ആശുപത്രികളില്‍ കിടത്തി ചികിത്സ നേരിടുന്നവരില്‍ 19.27 ശതമാനവും മദ്യപാനം മൂലം രോഗികളായവരാണെന്നും ഹൈക്കോടതി വിലയിരുത്തി.

ഇത്തരം സാഹചര്യത്തില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിയും. ഇതു മൗലികാവകാശ ലംഘനമല്ല. ഇന്ന് സാമൂഹ്യമായും ധാര്‍മ്മികമായും സ്വീകാര്യമല്ലാത്തവ കാലം മാറുന്നതിനനുസരിച്ച് മാറി വരാം. അങ്ങനെ വന്നാല്‍ ഹര്‍ജിക്കാരന് പ്രതീക്ഷയ്ക്കു വകയുണ്ടെന്നും ഇപ്പോള്‍ ഹര്‍ജിയിലെ ആവശ്യം അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ തള്ളിയത്.