കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പറ്റുമോയെന്ന് നോക്കി കോൺഗ്രസ് തില്ലങ്കേരിയിൽ ഇടപെടുകയാണെന്ന് പി ജയരാജൻ

ആകാശ് തില്ലങ്കേരി വിവാദത്തിൽ സിപിഎം വിളിച്ചുചേർത്ത പൊതുയോഗത്തിൽ കോൺഗ്രസിനെ വിമർശിച്ച് പി ജയരാജൻ. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പറ്റുമോയെന്ന് നോക്കി കോൺഗ്രസ് തില്ലങ്കേരിയിൽ ഇടപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി ജയരാജൻ തില്ലങ്കേരിയിലേക്ക് എന്ന് ഗോളാന്തര യാത്ര നടത്തിയത് പോലെ വാർത്ത വന്നു. തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ അങ്ങിനെയല്ല. തില്ലങ്കേരിയിലെ മുഖം തില്ലങ്കേരിയിലെ സിപിഎം നേതാക്കളുടെതാണ്. തില്ലങ്കേരിയിലെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും പി ജയരാജൻ പറഞ്ഞു.സി പി എമ്മിനെ എങ്ങനെ തകർക്കാം എന്നാണ് മധ്യമങ്ങൾ ശ്രമിക്കുന്നത്. തില്ലങ്കേരിയിലേക്ക് അല്ലാതെ താൻ വേറെ എങ്ങോട്ടാണ് പോകേണ്ടത്? തില്ലങ്കേരിയെ പറ്റി ബൈറ്റ് വേണമെന്ന് പറഞ്ഞ് മാധ്യമങ്ങൾ സമീപിച്ചു. 525 പാർട്ടി മെമ്പർമാരുണ്ട് ഇവിടെ. അവരാണ് പാർട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല. ഞാൻ ജില്ല സെക്രട്ടറി ആയപ്പോൾ ആകാശിനെ പുറത്താക്കി. എടയന്നൂർ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സംഭവത്തിലെ മുഴുവൻ ആളുകളെയും പാർട്ടി പുറത്താക്കി. ആ സംഭവത്തെ പാർട്ടി തള്ളി പറഞ്ഞു. എടയന്നൂരിലെ സംഭവത്തിൽ പാർട്ടിക്ക് ഒന്നും മറയ്ക്കാനില്ല. താൻ അന്ന് ജില്ല സെക്രട്ടറിയാണെന്നും പി ജയരാജൻ പറഞ്ഞു.