നോട്ട് ക്ഷാമം: വൈദികന്‍ ജനങ്ങള്‍ക്കായി ഭണ്ഡാരപ്പെട്ടി തുറന്നിട്ടു

രേഖകളില്ലാതെ പണമെടുക്കാന്‍ അനുവദിച്ചു

-സ്വന്തം ലേഖകന്‍-
‘ഈ ചെറിയവരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്യുന്നത് എനിക്കാക്കുന്നു ചെയ്യുന്നത്’ എന്ന ക്രിസ്തുവചനം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കി മാതൃക കാണിച്ച കത്തോലിക്ക വൈദികനാണ് ഫാദര്‍ ജിമ്മി പൂച്ചക്കാട്.

നാടാകെ നോട്ടു ക്ഷാമം കൊണ്ട് നട്ടം തിരിയുമ്പോള്‍ ദേവാലയത്തിന്റെ ഭണ്ഡാരപ്പെട്ടി നാട്ടുകാര്‍ക്കായി തുറന്നു കൊടുത്ത വളരെ വ്യത്യസ്തനായ കത്തോലിക്ക വൈദികന്‍. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കൊച്ചി കാക്കനാട് തേവയ്ക്കല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളിയുടെ ഭണ്ഡാര പെട്ടിയാണ് വിശ്വാസികള്‍ക്കായി മലര്‍ക്കെ തുറന്നിട്ടത്.. ഇടവകയിലെ നിരവധി പേര്‍ ചില്ലറ ക്ഷാമം മൂലം ഭക്ഷണം കഴിക്കുന്നില്ലെന്നറിഞ്ഞതോടെയാണ് വികാരി ജിമ്മി പൂച്ചക്കാട്ട് പള്ളി ഭാരവാഹികളുമായി ആലോചിച്ച ശേഷം ഭണ്ഡാര പെട്ടി തുറന്നിട്ടത്. യാതൊരു നിബന്ധനകളൊ, രേഖകളോ ഇല്ലാതെ ആവശ്യക്കാര്‍ക്ക് പണം എടുക്കാം. അവരുടെ കയ്യില്‍ പണം കിട്ടുമ്പോ തിരിച്ചടച്ചാല്‍ മതി എന്നായിരുന്നു വികാരിയുടെ നിലപാട്. മിനിറ്റുകള്‍ക്കുള്ളില്‍ ഭണ്ഡാരപ്പെട്ടി കാലിയായി. ഇടവകയിലെ പ്രായമായ ഒരു പാട് പേര്‍ കയ്യില്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നു എന്ന അറിവില്‍ നിന്നാണ് ഇത്തര മൊരു നീക്കം നടത്തിയതെന്ന് ഫാദര്‍ ജിമ്മി പറഞ്ഞു.