ജാഥയ്ക്ക് ലഭിച്ചത് വലിയ സ്വീകരണം ; ജനങ്ങൾക്ക് സിപിഐ എമ്മിൽ വലിയ വിശ്വാസവും പ്രതീക്ഷയും : എം വി ഗോവിന്ദൻ

ജനപക്ഷ ഇടതു ബദൽ നയങ്ങൾ മുന്നോട്ടുവെക്കുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്‌ അനുകൂലമാണ്‌ കേരളത്തിലെ പൊതുബോധമെന്നതാണ് ജാഥയിലേക്ക്‌ ഒഴുകിയെത്തിയ ജനപ്രവാഹം വ്യക്തമാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഒരുകാലത്തും നടക്കില്ലെന്ന്‌ കരുതിയ കാര്യങ്ങൾ നടന്നതിലുള്ള സന്തോഷവും സംതൃപ്‌തിയുമാണ്‌ ജനങ്ങളുടെ മുഖത്തുണ്ടായിരുന്നത്. ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിർക്കുന്നവർപോലും ജാഥയുടെ ഭാഗമായി. യുഡിഎഫ്‌ ശക്തികേന്ദ്രങ്ങളിൽപോലും വൻ സ്വീകരണമാണ് ലഭിച്ചതെന്നും വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു. പിണറായി സർക്കാരിനെതിരെ വലതുപക്ഷവും മാധ്യമങ്ങളും നടത്തുന്ന അപവാദപ്രചാരണത്തിന്‌ ജനങ്ങൾ വശംവദരാകുന്നില്ലെന്നതിന്റെ സൂചനകൂടിയാണിത്. സ്‌ത്രീകളുടെ വർധിച്ച പങ്കാളിത്തമാണ്‌ ജാഥയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം.

അതോടൊപ്പം കേരളത്തിന്റെ മുന്നോട്ടുള്ള വികസനത്തിന്‌ തടയിടുന്നത്‌ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരാണെന്നും അവർക്ക്‌ പിന്തുണ നൽകുന്ന രാഷ്ട്രീയകുട്ടുകെട്ടായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ അധ:പതിച്ചുവെന്നും ജനങ്ങളെ നല്ല രീതിയിൽ ബോധ്യപ്പെടുത്താൻ ജാഥക്കായി.

അധ:സ്ഥിത , പിന്നോക്ക, ന്യുനപക്ഷ വിഭാഗം സിപിഐഎമ്മിൽ വലിയ പ്രതീക്ഷയും വിശ്വാസവുമാണ്‌ അർപ്പിക്കുന്നതെന്ന്‌ ജാഥാ സ്വീകരണങ്ങൾ വ്യക്തമാക്കി. അരികുവൽക്കരിക്കപ്പെട്ടവർക്ക്‌ അന്തസ്സാർന്ന ജീവിതം പ്രധാനം ചെയ്യുന്നതിൽ എൽഡിഎഫ്‌ സർക്കാർ കാട്ടിയ അർപ്പണബോധവും ശുഷ്‌കാന്തിയുമാണ്‌ ഇതിന്‌ കാരണം. പട്ടയവിതരണം, ലൈഫ്‌മിഷൻ, പുനർഗേഹം, ക്ഷേമ പെൻഷനുകൾ, ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർ നിയമനം തുടങ്ങിയ പദ്ധതികൾ സമൂഹത്തിലുണ്ടാക്കിയ ആഴത്തിലുള്ള ചലനങ്ങൾ നേരിട്ട്‌ബോധ്യധ്യപ്പെടുത്തുന്നതാണ്‌ ആ വിഭാഗം ജനങ്ങൾ ജാഥയിൽ വൻതോതിൽ പങ്കെടുത്തത്‌.