ടിവി ന്യൂ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: ടിവി ന്യൂ ചാനലിന്റെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേരള ചേംബര്‍ ഓഫ് കോമേഴ്സിന്റെ പേരില്‍ ആരംഭിക്കുകയും പിന്നീട് മാനേജ്മെന്റ് പ്രശ്നങ്ങളെ തുടര്‍ന്ന് പൂട്ടിപ്പോവുകയും ചെയ്ത ടിവി ന്യൂ ചാനലിന്റെ ലൈസന്‍സാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം റദ്ദ് ചെയ്തത്. ഇതോടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഡയറക്ടറായിരിക്കെ ചാനലിന് 7.35 കോടി രൂപ ഓഹരിപങ്കാളിത്തം നല്‍കിയ കെഎസ്ഐഡിസിയും വെട്ടിലായി.

ആഭ്യന്തരസുരക്ഷാ കാരണങ്ങളാല്‍ ഇതാദ്യമായാണ് ഒരു മലയാളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കിയിട്ടും ചാനലിന്റെ തലപ്പത്ത് തുടര്‍ന്നതോടെയാണ് ആഭ്യന്തരമന്ത്രാലയം ഇടപെട്ട് ലൈസന്‍സ് റദ്ദാക്കിയത്. കൊളംബോ കുടയുടെ ഉടമയും കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ഡയറക്ടറുമായ കെ.എന്‍. മര്‍സൂഖ് ചാനല്‍ മേധാവിയാകുന്നത് നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കിയിരുന്നു. എന്നിട്ടും ചാനലിന്റെ ചെയര്‍മാന്‍സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് ചാനലിന്റെ ഉള്ളടക്കത്തിലുള്‍പ്പെടെയുള്ള നിയന്ത്രണം മര്‍സുഖ് കയ്യാളിയിരുന്നു. മര്‍സൂഖിന്റെയും മാനേജ്മെന്റിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജീവനക്കാരടക്കം രാജിവയ്ക്കുകയും എം.എ. യൂസഫലിയുള്‍പ്പെടെയുള്ള നിക്ഷേപകര്‍ പിന്‍വാങ്ങുകയും ചെയ്തതോടെ കഴിഞ്ഞവര്‍ഷം ചാനല്‍ അടച്ചുപൂട്ടിയിരുന്നു.

2011 ലാണ് ദില്ലി ആസ്ഥാനമായ റിയല്‍ വീഡിയോ ഇംപാക്ട് എന്ന കമ്പനിക്ക് പത്തുവര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്. നോവല്‍റ്റി ടെക്സ്റ്റയില്‍സ് ഉടമ ഇ.പി. ജോര്‍ജ്ജിന്റേതാണ് ചാനലിന്റെ കൂടുതല്‍ നിക്ഷേപവും. ചേംബര്‍ ഓഫ് കോമേഴ്സിന്റെ തുക അന്യായമായി ചാനലിലേക്ക് വകമാറ്റിയെന്ന കേസില്‍ ജോര്‍ജിനും മര്‍സൂഖിനുമെതിരെ ക്രൈംബ്രാഞ്ച് കേസുണ്ട്. കൊച്ചിയിലെ ഫ്ളാറ്റ് തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ മര്‍സൂഖ് പ്രതിയാണ്. ചാനല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് മര്‍സൂഖിന്റെയും ഇ.പി. ജോര്‍ജ്ജിന്റെ ഓഫീസിലെ ഒരു ജീവനക്കാരന്റെയും പേരുകള്‍ വീണ്ടും നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത് എന്നറിയുന്നു.

മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക്ക് പാണി കടവത്തിന് ചാനലില്‍ ഓഹരിപങ്കാളിത്തവും ഡയറക്ടര്‍ സ്ഥാനവുമുണ്ടായിരുന്നു. ഇക്കാലയളവിലാണ് കെഎസ്ഐഡിസി 2.35 കോടി രൂപ ചാനലില്‍ മുടക്കിയത്. വ്യവസായമന്ത്രിയായിരിക്കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് കെഎസ്ഐഡിസി ചാനലിന് പണം മുടക്കിയതെന്ന കേസില്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് ചാനലന്റെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ചാനലില്‍ ഓഹരി എടുത്തവര്‍ വെട്ടിലായിട്ടുണ്ട്. മര്‍സൂഖിനെതിരെ ഐബി റിപ്പോര്‍ട്ട് നല്‍കിയതും ചേംബര്‍ ഓഫ് കോമേഴ്സിന്റെ തുക വകമാറ്റിയതും കെഎസ്ഐഡിസിയില്‍ നിന്നു പണം നല്‍കിയതുമെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.