സുധീരന്‍ ജയ്ഹിന്ദ് ടി.വി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഇംപാക്ട് 

അഴിമതിക്കഥകള്‍ പുറത്തുവന്നതാണ് രാജിക്ക് കാരണം 

തീവെട്ടിക്കൊള്ളക്കാരായ മൂവര്‍ സംഘത്തെ പുറത്താക്കണമെന്ന് ബോര്‍ഡില്‍ ആവശ്യം 

കമ്പനിയുടെ കണക്കിനെക്കുറിച്ച് തനിക്ക് പിടിപാടില്ലെന്നും സുധീരന്‍ 

ചാനലിന്‍െറ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്താന്‍ രൂപീകരിച്ച കമ്മിറ്റി സജീവാകണമെന്ന് സുധീരന്‍

പ്രവാസികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു, ഒന്നിനും കണക്കും രേഖകളും ഇല്ല 

 

-പി.എ. സക്കീര്‍ ഹുസൈന്‍-

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ജയ്ഹിന്ദ് ടി.വിയുടെ ചെയര്‍മാന്‍ സ്ഥാനവും കമ്പനി ബോര്‍ഡ് അംഗത്വവും രാജീവെച്ചു ജയ് ഹിന്ദ് ടി.വിയിലെ അഴിമതിയെക്കുറിച്ച് ഈ കഴിഞ്ഞ ദിവസങ്ങളില്‍ ദി വൈഫൈ റിപ്പോര്‍ട്ടര്‍ കൊണ്ടുവന്ന വെളിപ്പെടുത്തലുകളാണ് രാജിക്കിടയാക്കിയതെന്ന് സുധീരനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ വെച്ചാണ് സുധീരന്‍ തന്‍റെ രാജിക്കത്ത് സമര്‍പ്പിച്ചത്.

ചാനല്‍ തലപ്പത്തുള്ളവരുടെ കൈയിട്ടുവരാലിലും ധൂര്‍ത്തിലും മനംനൊന്താണ് സുധീരന്‍ രാജിവെച്ചതെന്നാണ് അറിയുന്നത്. ജയ്ഹിന്ദ് ടി.വിയുടെ ദൈനംദിന കാര്യങ്ങള്‍ക്കായി രൂപീകരിച്ച ഉന്നതാധികാര സമിതി ചാനല്‍ നടത്തിപ്പില്‍ സജീവമാകണമെന്നാണ് സുധീരന്‍െറ നിര്‍ദ്ദേശം. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്‍റായിരുന്ന കാലത്താണ് പാര്‍ട്ടിക്കൊരു ചാനല്‍ എന്ന നിര്‍ദ്ദേശം സജീവമാക്കിയതും ചാനല്‍ രൂപീകരിച്ചതും.

എം.എം. ഹസന്‍ മാനേജിംഗ് ഡയറക്ടറായിട്ടുള്ള ബോര്‍ഡ് ആയിരുന്നു ചാനലിന്‍റെ രൂപീകരണത്തിന് നേതൃത്വം കൊടുത്തത്. തുടക്കം മുതല്‍ തന്നെ അഴിമതിയും കെടുകാര്യസ്ഥതയും ഈ ചാനലിന്‍റെ മുഖമുദ്രയായിരുന്നു. പാര്‍ട്ടിയുടെ നയപരിപാടികള്‍ പ്രചരിപ്പിക്കുന്നതില്‍ ചാനല്‍ ഒരു വന്‍ പരാജയമായിരുന്നു. ചാനലിന്‍റെ തലപ്പത്തുവന്ന മൂന്നംഗ സംഘം നടത്തിയ തീവെട്ടിക്കൊള്ളയും അഴിമതിയും നിമിത്തം ജയ്ഹിന്ദ് വര്‍ഷങ്ങളായി നഷ്ടത്തിലാണ്. jaihind-thewifireporter

ചാനലിലേക്ക് വരുന്ന പരസ്യവരുമാനം മാര്‍ക്കറ്റിംഗ് മാനേജരും അയാളുടെ ശിങ്കിടികളും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു പതിവ്. ഇങ്ങനെ കമ്പനിക്കുള്ളില്‍ നിന്നുതന്നെ കൈയിട്ടുവാരല്‍ സജീവമായതോടുകൂടി ചാനലിനുവേണ്ടി പരിപാടികള്‍ നിര്‍മ്മിച്ചവര്‍ കടക്കെണിയിലായി.

hasan

ഈ അടുത്തകാലത്ത് പ്രശസ്ത സിനിമാ സംവിധായകന്‍ ശ്രീകുമാരന്‍തമ്പിക്ക് 27 ലക്ഷം രൂപ സീരിയല്‍ നിര്‍മ്മിച്ചതിന്‍റെ വകയില്‍ നല്‍കാനുണ്ടായിരുന്നു. കടംവാങ്ങിയും പലിശയ്ക്കെടുത്തും താന്‍ നിര്‍മ്മിച്ച സീരിയലിന്‍റെ പണം നല്‍കാതെ ചാനല്‍ എം.ഡി എം.എം. ഹസനും കൂട്ടരും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഒരു പ്രമുഖ മലയാളം വാരികയ്ക്ക് അഭിമുഖം നല്‍കിയിരുന്നു. ഈ സംഭവം വിവാദമായതോടെയാണ് ചാനലിനുള്ളിലെ തട്ടിപ്പും അഴിമതിയും പുറത്തുവരാന്‍ തുടങ്ങിയത്.

ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഈ തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്നതോടെ വിദേശ രാജ്യങ്ങളില്‍ ചാനലിന്‍റെ ഓഹരി എടുത്ത നിരവധി പേര്‍ പരാതിയുമായി രംഗത്തുവന്നു. അമേരിക്കന്‍ മലയാളിയായ ജെയിംസ് കൂടല്‍ എന്ന വ്യക്തിയില്‍ നിന്നും 15,000 യു.എസ്. ഡോളര്‍ (ഏകദേശം 75 ലക്ഷം രൂപ) ഓഹരിയായി വാങ്ങിയതിന്‍റെ കണക്കോ സര്‍ട്ടിഫിക്കറ്റോ നല്‍കിയിട്ടില്ലെന്ന് കാണിച്ച് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇങ്ങനെ വ‍ഞ്ചിക്കപ്പെട്ട നിരവധി ഓഹരി ഉടമകള്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സുധീരന് നിരവധി പരാതികള്‍ അയച്ചിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെയാണ് സുധീരന്‍ രാജിവെച്ചതെന്നാണ് അറിയുന്നത്.

RELATED STORIES : 

ആത്മഹത്യ  ചെയ്യേണ്ടിവരും: ഉത്തരവാദികള്‍ സുധീരനും ഹസനും എന്ന് ശ്രീകുമാരന്‍ തമ്പി

ശ്രീകുമരന്‍ തമ്പി വിഷയത്തില്‍ വിശദീകരണവുമായി ജയ്ഹിന്ദ് ടിവി