തരൂരിനെതിരായ അര്‍ണബിന്റെ വാര്‍ത്തയ്ക്ക് പിന്നില്‍ ബിജെപി..!! തെളിവുകള്‍ പുറത്ത്..!

ദില്ലി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ പുതുതായി തുടങ്ങിയ റിപ്പബ്ലിക് ചാനലിന് സംഘപരിവാറിനോടുള്ള ചായ്വ് രഹസ്യമല്ല. ബിജെപിക്ക് നേട്ടമുണ്ടാക്കുന്ന വാര്‍ത്തകള്‍ അര്‍ണബിന്റെ ചാനല്‍ നിര്‍ലോഭം പുറത്ത് വിടുമെന്നുറപ്പാണ്. എന്നാല്‍ വാര്‍ത്തകളില്‍ സംഘപരിവാറിന്റെ പ്രത്യക്ഷമായ ഇടപെടല്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ശശിതരൂര്‍ നേരത്തെ തന്നെ പ്രതിക്കൂട്ടിലുള്ളതാണ്. എന്നാല്‍ തരൂരിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ തക്ക തെളിവുകളൊന്നും തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം തരൂര്‍ വീണ്ടും വിചാരണ ചെയ്യപ്പെടുകയാണ്.

തരൂരിനെതിരെ റിപ്പബ്ലിക് ചാനല്‍ എക്‌സ്‌ക്ലൂസ്സീവ് വാര്‍ത്തയായി പുറത്ത് വിട്ടതിന് പിന്നില്‍ ബിജെപിയുടെ വ്യക്തമായ കയ്യുണ്ടായിരുന്നുവെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ബിജെപിയുടെ ടി സെല്ലുമായി ആലോചിച്ചുറപ്പിച്ചാണ് വാര്‍ത്ത പുറത്ത് വിട്ടതെന്നാണ് സംശയിക്കപ്പെടുന്നത്.

റിപ്പബ്ലിക് ചാനല്‍ തരൂരിനെതിരായ വാര്‍ത്ത പുറത്ത് വിടുന്നതിന് മുന്‍പ് തന്നെ ബിജെപിയുടെ ഐടി സെല്ലിലെ ചില അംഗങ്ങള്‍ ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചതാണ് സംശയം ബലപ്പെടാനുള്ള കാരണം.ചാനല്‍ വാര്‍ത്തയുടെ സൂചന തരുന്നതിനും മുന്‍പായിരുന്നു ഇത്.

സാധരണയായി ചാനലുകള്‍ ബിഗ് ബ്രേക്കിംഗുകള്‍ പുറത്ത് വിടുന്നത് അതീവ രഹസ്യ സ്വഭാവം പുലര്‍ത്തിക്കൊണ്ടാണ്. പുറത്ത് നിന്നുള്ളവര്‍ക്ക് വാര്‍ത്തയെക്കുറിച്ച് ഒരു സൂചനയും നല്‍കാറില്ല. എന്നാല്‍ ചാനല്‍ പ്രവര്‍ത്തകരെ കൂടാതെ ബിജെപിക്കാര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമായിരുന്നു.

വാര്‍ത്ത പുറത്ത് വിടുന്നതിന് മുന്‍പായി രാത്രി 7.10നാണ് റിപ്പബ്ലിക് ടിവിയുടെ ഔദ്യോഗിക ട്വിറ്ററില്‍ വാര്‍ത്തയുടെ ആദ്യ സൂചന പുറത്ത് വിടുന്നത്. സുനന്ദ മര്‍ഡര്‍ ടേപ്‌സ് എന്ന ഹാഷ്ടാഗിലായിരുന്നു ചാനല്‍ വാര്‍ത്തയെക്കുറിച്ച് സൂചന നല്‍കിയത്.

എന്നാലിതിനും മുന്‍പേ ബിജെപിയുടെ ഐടി സെല്‍ അംഗങ്ങളുടെ ട്വിറ്റര്‍ വഴി വിവരം പുറത്ത് വന്നിരുന്നു. ബിജെപിയുടെ സോഷ്യല്‍ മീഡിയ വളണ്ടിയര്‍ സുരേഷ് നഖുനയുടെ ട്വിറ്റര്‍ പേജ് ഇതിന് ഒരു തെളിവാണ്. സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടിലും വാര്‍ത്തയുടെ സൂചന വന്നിരുന്നു.

അണ്‍സബ്‌ടൈല്‍ ദേശി എന്ന സംഘി ട്വിറ്റര്‍ അക്കൗണ്ടിന് അറുപതിനായിരത്തോളം ഫോളേഴ്‌സ് ആണുള്ളത്. വൈകിട്ട്് 6.18നാണ് സുരേഷ് നഖുവയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ശശി തരൂരിന് ഗുഡ്‌ലക്ക് വിഷ് എന്നായിരുന്നു ട്വീറ്റ്.

പിന്നാലെ 6.24ന് അണ്‍സബ്‌ടൈല്‍ ദേശിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അടുത്ത ട്വീറ്റ് വന്നു. ആരും ഏറ്റെടുക്കാത്ത വാര്‍ത്തകള്‍ അര്‍ണബ് പുറത്ത് വിടുന്നുവെന്നായിരുന്നു ട്വീറ്റ്. ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് സംഘപരിവാറിന്റെ അറിവോടെയാണ് വാര്‍ത്ത തയ്യാറാക്കപ്പെട്ടത് എന്നുതന്നെയാണ്.