വാട്‌സാപ്പില്‍ എം.പിയോട് ദുഃഖം പങ്കുവെച്ച ഒരു പത്താംക്ലാസ്സുകാരന്റെ അനുഭവം

കെ സി വേണുഗോപാല്‍ എം പി ഒരു യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഫോണിലേക്കു ഒരു മെസ്സേജ് എത്തുന്നത്. താന്‍ ഒരു വിദ്യാര്‍ത്ഥിയാണെന്നും പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെന്നും വീട്ടില്‍ വെള്ളം ഇല്ലാത്തതിനാല്‍ സമയത്തു ക്ലാസ്സില്‍ എത്താന്‍ കഴിയുന്നില്ലെന്നും വീടിലെന്നും ടോയ്ലറ്റ് ഇല്ലെന്നും തുടങ്ങി മറ്റു വ്യക്തിപരമായ പ്രശ്‌നങ്ങളും മെസ്സേജില്‍ ഉണ്ടായിരുന്നു. യോഗത്തിലായിരുന്ന എം.പി. മെസ്സേജ് തന്റെ ഓഫീസിലേയ്ക്ക് ഫോര്‍വേഡ് ചെയ്യുന്നു.

മിനിട്ടുകള്‍ക്കകം എം.പിയുടെ ഓഫീസില്‍ നിന്നും മെസ്സേജ് അയച്ച വിദ്യാര്‍ത്ഥി അമല്‍ സജിക്ക് (മനു) വിളിയെത്തി. കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു. ഉടന്‍തന്നെ ഹരിപ്പാട് കരുവാറ്റ പഞ്ചായത്തിലെ വാര്‍ഡ് പതിനഞ്ചില്‍ പ്രാദേശികമായി പൊതുപ്രവര്‍ത്തനം നടത്തുന്ന തന്റെ വിശ്വസ്തരായ ചിലരെ എം.പി ഇതേക്കുറിച്ചു വിശദമായി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. മെസ്സേജ് അയച്ച കാര്യവും വിളിച്ചകാര്യവും എല്ലാം മറന്നു അമല്‍ പഠനത്തില്‍ മുഴുകി.

മൂന്നു ദിവസത്തിന് ശേഷം വീണ്ടും അമല്‍ സജിക്ക് എം.പിയുടെ ഓഫീസില്‍ നിന്നും ഒരു ഫോണ്‍. എം.പി അമലിനെനേരിട്ട് കാണാന്‍ വീട്ടിലേക്കു വരുന്നു എന്നായിരുന്നു സന്ദേശം. ഇതുകേട്ട അമല്‍ ആദ്യം വിശ്വസിച്ചില്ല.. ഒരു മെസ്സേജ് അയച്ചാല്‍ എം.പി വീട്ടില്‍ വന്നു കാര്യം അന്വേഷിക്കുമോ ? തങ്ങളുടെ പഞ്ചായത്ത് മെമ്പറിന്റെ പിറകെ നൂറു തവണ അപ്പൂപ്പന്‍ നടക്കുന്നത് കണ്ടിട്ടുണ്ട് അമല്‍. എന്നിട്ടും കുടിവെള്ളമോ ടോയ്ലറ്റോ വഴിയോ കിട്ടിയിട്ടില്ല. പിന്നെയാണോ എം.പി വീട്ടില്‍ വരുന്നത്? രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീടിനു നൂറുവാര അകലെ ഒരു കാര്‍ വന്നു നില്‍ക്കുന്നു. എം.പിയും പഞ്ചായത്ത് പ്രസിഡന്റും അടക്കം പത്തിരുപതു പേര്‍.

എം.പി വീട്ടിലെത്തി അമലിന്റെ അപ്പൂപ്പനുമായും അമ്മയുമായും സഹോദരങ്ങളുമായും സംസാരിച്ചു. ടോയ്ലറ്റ് ഉടന്‍ തന്നെ നിര്‍മിച്ചു നല്‍കാനും ഉള്ള നടവഴി തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നന്നാക്കി സഞ്ചാരയോഗ്യമാക്കാനും പഞ്ചായത്ത് പ്രസിഡന്റിനു നിര്‍ദേശം നല്‍കി. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കാനും നിര്‍ദേശിച്ചു, കുടിവെള്ളം ലഭ്യമാക്കാന്‍ തൊട്ടടുത്തുള്ള പൊതുവഴിവരെ എം.പി ഫണ്ടില്‍ നിന്നും പൈപ്പ് ലൈന്‍ ഇടാന്‍ പണം അനുവദിക്കാമെന്നും അറിയിച്ചു. അമലിന്റെ മാത്രമല്ല വീട്ടുകാരുടെയും കണ്ടു നിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഇനിയും എന്ത് സഹായംവേണമെങ്കിലും തന്നെ വിളിക്കാന്‍ പറഞ്ഞിട്ടാണ് എം.പി.യും കൂട്ടരും തിരിച്ചു പോയത്, സമയബന്ധിതമായി പ്രശ്‌ന പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പു പാലിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റും എം.പി യുടെ ഓഫീസും നടപടികള്‍ തുടങ്ങി.