അര്‍ണോബിന്റെ ചാനലിന് റിപ്പബ്‌ളിക്കെന്ന് പേരിടരുതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അര്‍ണോബ് ഗോസ്വാമിയുടെ പുതിയ ചാനലിന് റിപ്പബ്‌ളിക്കെന്ന് പേരിടരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കത്തയച്ചു. ചില പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതിന് വാണിജ്യ, വ്യവസായ, തൊഴില്‍ മേഖലകള്‍ക്ക് നിയമപരമായ വിലക്കുണ്ടെന്നും ജനുവരി 13ന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1950ലെ എംബ്‌ളംസ് ആന്റ് നെയിംസ് ( പ്രിവെന്‍ഷന്‍ ഓഫ് ഇംപ്രോപ്പര്‍ യൂസ്) ആക്ടിന് വിരുദ്ധമാണ് ചാനലിന്റെ പേരെന്നും കത്തില്‍ പറയുന്നു.

subbu

ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാനലിന്റെ ലോഞ്ച് ഉണ്ടാവും. ടെസ്റ്റ് റണ്‍ തുടങ്ങിയ റിപ്പബ്‌ളിക്കിന് ട്വിറ്ററില്‍ മാത്രം ഒരു ലക്ഷം ഫോളോവേഴ്‌സുണ്ട്. എ.ആര്‍.ജി ഔട്ട്‌ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ചാനല്‍ നടത്തുന്നത്. അര്‍ണോബ് മാനേജിംഗ് ഡയറക്ടറാണ്. ഏഷ്യാനെറ്റിന്റെ ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍ ചാനലില്‍ 30 കോടി രൂപ വന്‍തുക നിക്ഷേപം നടത്തിയിട്ടുണ്ട്. ടൈംസ് നൗവില്‍ നിന്ന് രാജിവെച്ച അര്‍ണോബ് നവംബര്‍ ഒന്നിന് പുതിയ ചാനലിന് തുടക്കം കുറിച്ചു.