നെറിയില്ലാത്ത ഈ അച്ഛനേയും മകളേയും എങ്ങനെ വിശ്വസിക്കും ?

    ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മിനായരെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും അവര്‍ രാജിവെയ്ക്കുകയോ അവരെ പുറത്താക്കുകയോ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ പ്രതിനിധികളോട് ഡയറക്ടര്‍ നാരായണന്‍ നായര്‍ വ്യക്തമാക്കി. തിരുവനന്തപുരം അഡീഷണല്‍ മജിസ്‌ട്രേറ്റ് (എഡിഎം) വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ലക്ഷ്മിനായരുടെ പിതാവായ നാരായണന്‍ നായര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

    എസ്.എഫ്.ഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഭാഗമായി നല്‍കിയ രേഖയില്‍ ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞുവെന്നും അഞ്ചുവര്‍ഷത്തേക്ക് ഫാക്കല്‍റ്റി ആയിപ്പോലും വരില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.

    ഇക്കാര്യമാണ് ബുധനാഴ്ച വൈകുന്നേരം എ.ഡി.എം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നാരായണന്‍ നായര്‍ പാടെ നിഷേധിച്ചത്. വിദ്യാര്‍ത്ഥികളെ വിളിച്ചു കൊണ്ട് മാനേജ്‌മെന്റുമായി തട്ടിക്കൂട്ട് കരാറുണ്ടാക്കിയ എസ്.എഫ്.ഐ നേതൃത്വം പുലിവാല് പിടിച്ചിരിക്കുകയാണ്. എസ്.എഫ്.ഐക്കാരുമായി നടത്തിയ ചര്‍ച്ചയുടെ മിനിറ്റ്‌സോ, ആധികാരിക രേഖകളോ ഇല്ലാതെയാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ചക്കെത്തിയത്. സംയുക്തവിദ്യാര്‍ത്ഥി സമിതിയുമായുള്ള ചര്‍ച്ചയിലാണ് അച്ഛന്റേയും മകളുടേയും നിലപാടുകളിലെ കള്ളത്തരം പുറത്തു വന്നത്. നാഴികയ്ക്ക് നാല്പത് വട്ടം വാക്കു മാറ്റുന്ന നാരായണന്‍നായരുടെ വാക്ക് വിശ്വസിച്ച് സമരരംഗത്ത് നിന്ന് ഒളിച്ചോടിയ എസ്.എഫ്.ഐക്കാര്‍ ഒട്ടകപക്ഷിയെപ്പോലെ തല താഴ്ത്തി നില്‍ക്കയാണ്. സി.പി.എം പാര്‍ട്ടി നേതൃത്വം പാവപ്പെട്ട കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരികയായിരുന്നു.

    അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏതു വിധേനയെങ്കിലും സംരക്ഷിക്കുക എന്ന ഏക ഉദ്ദേശത്തോടെ നാരായണന്‍ നായര്‍ നെട്ടോട്ടമോടുകയാണ്. വി.എസ്. അച്യുതാനന്ദന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യുവകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ലോ അക്കാദമിയില്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഭൂമിയുടെ അളവും പരിശോധനയും ആരംഭിച്ചു.

    എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ച വെള്ളിയാഴ്ച വീണ്ടും ആരംഭിക്കാനിരിക്കെയാണ് മിനിറ്റ്‌സും രേഖകളുമായി വീണ്ടും ഇറങ്ങുമെന്നുറപ്പാണ്. സ്ഥാപനമുള്‍പ്പെടെ കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് ഈ അച്ഛനും മകളും. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ കൂടി നിരാഹാരം ആരംഭിച്ചതോടെ ലോ അക്കാദമി സമരം വേറൊരു തലത്തിലേക്ക് മാറിക്കഴിഞ്ഞു. ലോ അക്കാദമിയുടെ അവിഹിത ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്തതിന് കേരള സര്‍വ്വകലാശാലയിലെ അര ഡസനോളം ഉദ്യോഗസ്ഥരെ നാരായണന്‍നായരും കൂട്ടരും ചേര്‍ന്ന് വേട്ടയാടിയ കഥകള്‍ പുറത്തു വന്നു കഴിഞ്ഞു. അച്ഛനും മകളും പിന്തുണ തേടി സി.പി.ഐ നേതൃത്വത്തെ കണ്ടെങ്കിലും സെക്രട്ടറി കാനം രാജേന്ദ്രന്‍ വഴങ്ങാതെ വന്നതോടെ ഇരുവരും നിരാശരായി മടങ്ങിയതും ചാനലുകളില്‍ വാര്‍ത്തയായിട്ടുണ്ട്. ഏതു മാര്‍ഗ്ഗവും ഉപയോഗിച്ച് എന്ത് നെറികേടും കാണിക്കുന്നവരാണ് അച്ഛനും മകളുമെന്നാണ് ഈ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.