ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു ഉജ്വല തുടക്കം; മാർ. ജോയ് ആലപ്പാട്ട്‌ ഉദ്ഘാടനം ചെയ്തു

മാർട്ടിൻ വിലങ്ങോലിൽ 

ഡാളസ് : ടെക്‌സാസ് , ഒക്ലഹോമ റീജിയണിലെ സീറോ മലബാർ ഇടവകകൾ പങ്കെടുത്തു ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനായിൽ നടക്കുന്ന മൂന്നു ദിവസത്തെ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു  ഉജ്വല തുടക്കം.  ജൂലൈ 14 വെള്ളിയാഴ്ച വൈകുന്നേരം 4:30 നു നടന്ന  പൊതുപരിപാടിയിൽ  ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ  മാർ ജോയ് ആലപ്പാട്ട്‌ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

ഇടവകകൾ  പങ്കെടുത്തുള്ള ആകർഷമായ മാർച്ച് പാസ്സ്‌റ്റോടു കൂടി ഫെസ്റ്റിന്റെ ഓപ്പണിങ് സെറിമണി  ജൂബിലി ഹാൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.  തുടർന്ന്  മാർ ജോയ് ആലപ്പാട്ട്‌ , ഫാ. ജെയിംസ് നിരപ്പേൽ, ഫാ ജോണിക്കുട്ടി പുലിശ്ശേരിൽ, ഫാ. മാത്യൂസ് മുഞ്ഞനാട്ട്, ഫാ ആന്റണി പിറ്റാപ്പിള്ളിൽ, ഡയമണ്ട് സ്പോൺസർ ഡോ. രാജീവ് മഠത്തിപ്പറമ്പിൽ എന്നിവർ ചേർന്ന് തിരി തെളിയിച്ചു  കലാമേളയുടെ  ഔദ്യോഗിക ഉദ്ഘാടനം വേദിയിൽ നിർവഹിച്ചു.. ഫെസ്റ്റിന്റെ കോർഡിനേറ്റമാരായ  ചാർളി അങ്ങാടിശ്ശേരിൽ, ജാനെറ്റ് ജെയിംസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

തുടർന്ന്  ഫാ ജോണിക്കുട്ടി പുലിശ്ശേരിയുടെ പ്രാരഭ പ്രാർഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു. ഡാളസ്  ഫൊറോനാ വികാരി  ഫാ. ജെയിംസ് നിരപ്പേൽ ഏവർക്കും സ്വാഗതം ആശംസിച്ചു.മാർ ജോയ് ആലപ്പാട്ട്‌ വിശ്വാസികളെ അഭിസംബോധന ചെയ്തു. നമ്മുടെ രൂപതയിൽ നടക്കുന്ന മനോഹരമായ മൂന്ന് ദിവസങ്ങിൾക്കാണ് ഡാളസ് സാക്ഷ്യം വഹിക്കുന്നത്. വിശ്വാസികൾ നല്ല മനസ്സോടെ ഇത്തരം കാര്യങ്ങൾ ചെയ്താൽ അത് നമ്മുടെ ഇടയിൽ നല്ല സഭാ സമൂഹം കെട്ടിപ്പടുക്കാൻ സഹായിക്കും. ദൈവനാമത്തിൽ ഒരുമിച്ചു കൂടുവാനും ദാനമായി കിട്ടിയ കഴിവുകൾ ദൈവമഹത്വത്തിനായി ഉപയോഗിക്കുവാനും ഉദ്ദേശിച്ചു ഡാളസ് ഒക്ലഹോമ റീജിയനിൽ നടക്കുന്ന ഈ കലാമേളക്കും, വേദി ഒരുക്കിയ സംഘാടകർക്കും അതുപോലെ പങ്കെടുക്കന്നവർക്കും രൂപതയെ പ്രതിനിധീകരിച്ചു കൊണ്ടുള്ള  പ്രത്യേക നന്ദിയും  അഭിനന്ദനങ്ങളും  മാർ. ജോയ് ആലപ്പാട്ട്‌ നേർന്നു.

നാനാ വിഭവങ്ങളോടു കൂടിയ നാടൻ ഭക്ഷണശാല ഒരുക്കി സംഘാടകർ കായികമേളയെ കൂടുതൽ ആകർഷമാക്കി. മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് https://iptf2023.org/ എന്ന ഫെസ്റ്റിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.  അറുനൂറോളം കലാപ്രതിഭകൾ പങ്കെടുക്കുന്ന മേളക്കു ജൂലൈ 16 നു ഞായാറാഴ്ച തിരശീല വീഴും.