ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാന്‍,ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം:അമിത് ഷാ

ഡല്‍ഹി: ഇലക്ടറൽ ബോണ്ടിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയരംഗത്തെ കള്ളപ്പണം തുടച്ചുനീക്കാനാണ് ഇലക്ടറൽ ബോണ്ട് സംവിധാനമെന്നും ബോണ്ട് റദ്ദാക്കിയാൽ കള്ളപ്പണം തിരിച്ചുവരുമെന്ന് ഭയം ഉണ്ടെന്നും അമിത് ഷാ പ്രതികരിച്ചു. ബോണ്ടുകൾ റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്താമായിരുന്നു. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പൂർണ്ണമായി മാനിക്കുന്നുവെന്നും സുപ്രീം കോടതിയുടെ വിധി എല്ലാവരും അംഗീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു. ആകെയുള്ള 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ബിജെപിക്ക് ലഭിച്ചത് 6,000 കോടി രൂപ മാത്രമാണെന്നും ബാക്കി ബോണ്ടുകൾ എവിടെപ്പോയെന്നും അമിത് ഷാ ചോദിച്ചു.

‘‘ഇന്ത്യൻ രാഷ്ട്രീയത്തിൽ കള്ളപ്പണം ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത്. സുപ്രീംകോടതി ഉത്തരവ് പൂര്‍ണമായും ഞാന്‍ മാനിക്കുന്നു, എന്നാൽ ഇലക്ടറൽ ബോണ്ട് പൂർണ്ണമായി റദ്ദാക്കുന്നതിനുപകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത് ’’–അമിത് ഷാ പറഞ്ഞു. രാഹുൽ ഗാന്ധി പറയുന്നത് വലിയ കൊള്ളയാണ് ഇലക്ടറൽ ബോണ്ടിലൂടെ നടന്നതെന്നും ബിജെപിക്കാണ് അതിന്റെ നേട്ടം ലഭിച്ചതെന്നുമാണ്. എന്നാൽ 20,000 കോടിയുടെ ഇലക്ടറൽ ‍ബോണ്ടിൽ ബിജെപിക്ക് ലഭിച്ചത് ഏകദേശം 6000 കോടിയുടെ ബോണ്ടാണ്. ബാക്കി ബോണ്ടുകൾ എവിടേക്കാണ് പോയതെന്ന് അമിത് ഷാ ചോദിച്ചു. തൃണമൂൽ കോൺഗ്രസിന് 1600 കോടിയും കോൺഗ്രസിന് 1400 കോടിയും ബിആർഎസിന് 1200 കോടിയും ബിജെഡിക്ക് 750 കോടിയും ഡിഎംകെയ്ക്ക് 639 കോടിയും കിട്ടിയെന്നും അമിത് ഷാ പറഞ്ഞു.

ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വീണ്ടും സുപ്രീംകോടതി നോട്ടീസ് നൽകിയിട്ടുണ്ട്. എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വിവരങ്ങള്‍ അപൂര്‍ണമാണെന്നാണ് കോടതിയുടെ നിരീക്ഷണം. എന്തുകൊണ്ടാണ് എല്ലാ വിവരങ്ങളും കൈമാറാതിരുന്നതെന്ന് ചോദിച്ച കോടതി, ഇലക്ടറല്‍ ബോണ്ട് നമ്പറും പുറത്തുവിടണമെന്ന് നിര്‍ദേശിച്ചു.

എസ്ബിഐ തിങ്കളാഴ്ച (18/03/2024) മറുപടി നല്‍കണമെന്നും സുപ്രീംകോടതി നോട്ടീസിലുണ്ട്. പാര്‍ട്ടികള്‍ ആരുടെ സംഭാവനയാണ് സ്വീകരിച്ചതെന്നതിന്റെ വിവരങ്ങള്‍ പുറത്തുവിടണം. എല്ലാ ബോണ്ടിന്റെയും നമ്പര്‍ പുറത്തുവിടണമെന്നും നിര്‍ദേശമുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഈ വിവരങ്ങള്‍ പുറത്തുവിടുന്നതോടെ ആരുടെ സംഭാവന ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാകും.