ലോ അക്കാദമിയുടെ ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ലോ അക്കാദമി ലോ കോളേജിനുവേണ്ട് 50 വര്‍ഷം മുമ്പ് സര്‍ക്കാര്‍ നല്‍കിയ 11 ഏക്കര്‍ ഭൂമി കൈമാറിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു സെക്രട്ടറിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ബി.ജെ.പി നേതാവ് മുരളീധരന്‍, തുടങ്ങിയവരാണ് ലോ അക്കാദമിയുടെ ഭൂമിയിടപടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യുമന്ത്രിക്ക് കത്ത് നല്‍കിയത്. സര്‍ക്കാരിന്റെ പക്കലുള്ള ലഭ്യമായ രേഖകള്‍ അനുസരിച്ച് 1968ലാണ് ലോ അക്കാദമിക്ക് 11.49 ഏക്കര്‍ സ്ഥലം അന്നത്തെ കൃഷിമന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ ആറുവര്‍ഷത്തെ പാട്ടത്തിന് നല്‍കിയത്. സെന്റ് ഒന്നിന് 2500 രൂപയായിരുന്നു പാട്ടത്തുക.

പിന്നീട് 1984 ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ റവന്യു മന്ത്രിയായിരുന്ന പി.ജെ. ജോസഫ് ആണ് ലോ അക്കാദമിക്ക് ഭൂമി പതിച്ച് നല്‍കിയത്.
ലോ അക്കാദമിയുടെ ബൈലോ പ്രകാരം ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവര്‍ രക്ഷാധികാരികളാണ്.

ആദ്യ ഭരണസമിതി അംഗങ്ങളില്‍ പ്രമുഖരായ നിയമജ്ഞര്‍, വിദ്യാഭ്യാസ-നിയമ മന്ത്രിമാര്‍, അഡ്വേക്കേറ്റ് ജനറല്‍, കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്നിവരായിരുന്നു. കാലക്രമേണ ഇവരെയെല്ലാം ലോ അക്കാദമി ഡയറക്ടര്‍ നാരായാണന്‍ നായരും കുടുംബവും ചേര്‍ന്ന് പുറത്താക്കുകയോ നിഷ്‌ക്രിയരാക്കുകയോ ചെയ്തു.

പിന്നീട് നാരായണന്‍ നായരുടെ സഹോദരന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, നാരായണന്‍ നായരുടെ മകന്‍ നാഗരാജന്‍, മരുമകന്‍ അജയകൃഷ്ണന്‍, മകള്‍ ലക്ഷ്മിനായര്‍, സഹോദരിയുടെ മകന്‍ എന്‍.കെ. ജയകുമാര്‍, ബി.ജെ.പി നേതാവ് കെ. അയ്യപ്പന്‍പിള്ള എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു ഭരണസമിതി തട്ടിക്കൂട്ടി ലോ അക്കാദമി പിടിച്ചെടുക്കുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ മാറ്റം വരികയാണെങ്കില്‍ സര്‍വ്വകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം എന്നാല്‍ സൊസൈറ്റിയുടെ ഘടനയില്‍ മാറ്റം വരുത്തിയതായ രേഖകള്‍ ഒന്നും സര്‍വ്വകലാശാലയില്‍ ലഭ്യമല്ല. റവന്യു വകുപ്പിന്റേതടക്കമുള്ള രേഖകളിലും സര്‍ക്കാര്‍ ഭൂമി അക്കാദമി സൊസൈറ്റിക്കായി പാട്ടത്തിന് നല്‍കിയതിനും രേഖകള്‍ ഇല്ല. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭൂമി എങ്ങനെ തിരിച്ചുപിടിക്കും എന്നതും സര്‍ക്കാരിനെ അലട്ടുന്ന വിഷയമാണ്.