ലോ അക്കാദമി ഭൂമി: റവന്യുവകുപ്പിന്റെ റിപ്പോര്‍ട്ട് നിര്‍ണ്ണായകം

ലോ അക്കാദമി ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി അറിയാന്‍ റവന്യുവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണ്ണായകം. റവന്യുമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ഭൂമിയുടെ പാട്ടം മുതല്‍ പതിവ് വരെയുള്ള രേഖകളെല്ലാം റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ മുന്നിലെത്തി.

എന്നാല്‍ ഭൂമി സംബന്ധിച്ച് ലഭിച്ച രേഖകള്‍ നിയമവകുപ്പിന് കൈമാറണമെന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ അഭിപ്രായം. അതേസമയം റവന്യുവകുപ്പിലെ രേഖകള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായെന്ന് ആരോപണവുമുണ്ട്. വിവാദ വിഷയമായതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാനുള്ള സാധ്യതയും വിരളമാണ്. 1984-ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയും പി.ജെ. ജോസഫ് റവന്യുമന്ത്രിയും ആയിരുന്നപ്പോള്‍ എന്തെല്ലാം ഉപാധികളോടെയാണ് ഭൂമി പതിച്ചു നല്‍കിയതെന്നതാണ് അന്വേഷണത്തില്‍ പുറത്തുവരാനുള്ളത്. സാധാരണ ഭൂമി പതിവ് ചട്ടത്തിലെ വ്യവസ്ഥകളനുസരിച്ച് വിദ്യാഭ്യാസം ആവശ്യത്തിനാണഅ ഭൂമി പതിച്ചു നല്‍കിയതെങ്കില്‍ അത് ലംഘിച്ചോ എന്ന് പരിശോധിക്കണം.

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന ഭൂമി പതിവ് സംബന്ധിച്ച മുഴുവന്‍ ഉത്തരവും ഉപസമിതി പരിശോധിക്കുന്ന ഘട്ടത്തിലാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ലോ അക്കാദമിയുടെ ഭൂമിപതിവില്‍ ഇരുമുന്നണിയിലെയും മന്ത്രിമാര്‍ക്ക് നേരിട്ട് ബന്ധവുമുണ്ട്. 1968 ഓഗസ്റ്റ് 23-ന് നിയമസഭയില്‍ എന്‍.ഐ. ദേവസിക്കുട്ടി ചൂണ്ടിക്കാണിച്ചത്.

‘കൃഷിമന്ത്രി അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനായ സമാധാനം നാരായണനെന്ന ആളിന് ആ സ്ഥലം ചുരുങ്ങിയ പാട്ടത്തിന് പതിച്ചു കൊടുത്തു’ വെന്നാണ്. ‘റവന്യുമന്ത്രിയുടെ അധികാരത്തില്‍ കൃഷിമന്ത്രി കൈ കടത്തി’ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിന് അന്നത്തെ കൃഷിമന്ത്രി എം.എന്‍. ഗോവിന്ദന്‍ നായര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘കൃഷിവകുപ്പിന്റെ അധീനതയില്‍ ഇരിക്കുന്ന സ്ഥലം ആ വകുപ്പിന് ആവശ്യമില്ലാതെ വന്നാല്‍ റവന്യുവകുപ്പിന് കൈമാറ്റം ചെയ്യുകയും അവര്‍ക്ക് അത് പാട്ടത്തിന് കൊടുക്കുകയും ചെയ്യാം.”

കൃഷി വകുപ്പിന്റേതല്ലാത്ത സ്ഥലം അനധികൃതമായി പാട്ടത്തിന് നല്‍കിയ നടപടി റദ്ദു ചെയ്യുമോയെന്ന കെ.എം. ജോര്‍ജിന്റെ ചോദ്യത്തിന് ആലോചിച്ച് മറുപടി നല്‍കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. മാനേജ്‌മെന്റിനുണ്ടായിരുന്ന സ്വാധീനം മൂലം നിയമസഭയില്‍ ഈ ഭൂമി സംബന്ധിച്ച് വിവാദങ്ങളുണ്ടായില്ല.