ആമിയാകുന്നത് പാര്‍വ്വതി

സംവിധായകന്‍ കമലിന്റെ സ്വപ്‌ന ചിത്രം ആമിയില്‍ നിന്ന് വിദ്യാബാലന്‍ പിന്മാറിയെന്ന വാര്‍ത്ത പുറത്തു വന്നതു മുതല്‍ പകരം ആര് നായിക ആകുമെന്ന ചര്‍ച്ചയും സജീവമായിരുന്നു. ബോളിവുഡ് താരം തബുവാണ് കമലസുരയ്യയായി എത്തുക എന്നാണ് ഒടുവില്‍ കേട്ടത്. എന്നാല്‍ കമല്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. തബുവിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ മലയാളത്തില്‍ നിന്ന് തന്നെ നായികയെ കണ്ടെത്തിയിരിക്കുകയാണ് സംവിധായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍വ്വതിയെയാണ് ആമിയിലെ നായികയായി പരിഗണിക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ബാംഗ്ലൂര്‍ ഡെയ്‌സ്, എന്നു നിന്റെ മൊയ്തീന്‍, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയയായ നായികയായി മാറിയ നടിയാണ് പാര്‍വ്വതി. മറ്റു സിനിമകളുടെ തിരക്കിലായ പാര്‍വ്വതിയുടെ ഡേറ്റ് പ്രശ്‌നം മാത്രമാണ് തടസ്സമായിട്ടുള്ളത്. ചിത്രീകരണം എന്ന് തുടങ്ങുമെന്ന കാര്യം വ്യക്തമല്ല.

വിദ്യാബാലനില്ലെങ്കിലും ആമി വരുമെന്നും എന്നാല്‍ കമലാസുരയ്യയെ അവതരിപ്പിക്കുക ആരെന്ന് ഉടന്‍ പറയാനാകില്ലെന്നുമാണ് കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. സിനിമ ഉടന്‍ ചെയ്യണമെന്ന ധൃതിയില്ലെന്നും കമല സുരയ്യയെ കുറിച്ചുള്ള ചിത്രം മികച്ച രീതിയില്‍ സ്‌ക്രീനിലെത്തിക്കുന്നതാണ് പ്രധാനമെന്നുമാണത്രേ ഇപ്പോള്‍ കമലിന്റെ നിലപാട്.