മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്ക് നിലനിര്‍ത്താന്‍ ലോ അക്കാദമി സര്‍ക്കാര്‍ പിടിച്ചെടുക്കും

 

പ്രശ്‌നം വഷളാക്കിയത് മുഖ്യന്റെ ഈഗോയെന്ന് ഉപദേശകര്‍

അക്കാദമിക്കെതിരായ കേസുകളില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

സമരം തീര്‍ക്കാര്‍ എസ്.എഫ്.ഐയുമായി നടത്തിയ ഒത്തുകളിയും പൊളിഞ്ഞു

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിനും പിണറായി വിജയനും സി.പി.എമ്മിനുമുണ്ടായ പ്രതിച്ഛായനഷ്ടം പരിഹരിക്കാനുള്ള തീവ്രശ്രമത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതികള്‍ ഗൗരവമായെടുക്കാനും ഭൂമിയുടെ രേഖകള്‍ പരിശോധിക്കാനും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. തെളിവുകളെല്ലാം എതിരാകുന്ന സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തോടെ ലോ അക്കാദമി സര്‍ക്കാര്‍ എറ്റെടുക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ലക്ഷ്യമിടുന്നത്.

ലോ അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് എസ്.എഫ്.ഐ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ഥി സംഘടനകളും സമരരംഗത്തെത്തിയെങ്കിലും ആദ്യഘട്ടത്തില്‍ ഫലപ്രദമായി ഇടപെടാനാകാത്തതാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും അവസാനം തീരാനാണക്കേടായത്. മുഖ്യമന്ത്രി അതിശക്തനും ഇരട്ടച്ചങ്കനാണെന്നുമൊക്കെയായിരുന്നു പ്രചാരണമെങ്കിലും ഇതൊന്നുമല്ലാത്ത വി.എസ് അച്യുതാനന്ദന്റെ ഭരണ കാലത്ത്‌പോലും പല വിഷയങ്ങളിലും ശക്തമായ നടപടികളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്ക് മുന്നില്‍ സര്‍ക്കാരും പാര്‍ട്ടി സംവിധാനങ്ങളും കീഴടങ്ങിയെന്ന ആക്ഷേപം വ്യാപകമായതാണ് ഈ വിഷയത്തില്‍ മാറി ചിന്തിക്കാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത്.

സമരത്തെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തതും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത മുഖ്യമന്ത്രിയുടെ പ്രകൃതവുമാണ് പ്രശ്‌നങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്. ബ.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ ചര്‍ച്ചയ്ക്ക് വിളിക്കാനോ സമരക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങാനോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഈഗോ അനുവദിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതോടെയാണ് കെ.എസ്.യു, എ.ബി.വി.പി എന്നീ വിദ്യാര്‍ഥി സംഘടനകള്‍ക്കോ ബി.ജെ.പിക്കോ രാഷ്ട്രീയ നേട്ടമോ സമരവിജയമോ അവകാശപ്പെടാനാകാത്തവിധം പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപദേശകര്‍ രംഗത്തിറങ്ങിയത്. അതാണ് പാര്‍ട്ടിയെ ജനമധ്യത്തില്‍ ഇത്രയേറെ നാറ്റിച്ചതും.

ഉപദേശകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മാനേജ്‌മെന്റ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചത്. ചര്‍ച്ചയ്ക്ക് തയാറാണെങ്കിലും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കരുതെന്നും അവര്‍ക്ക് ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ അവസരമൊരുക്കണമെന്നും മുഖ്യമന്ത്രിയുടെ ഉപദേശകന്‍ മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ആദ്യവട്ട ചര്‍ച്ചയില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകളുടെ പ്രതിനിധികള്‍ക്ക് ബഹിഷ്‌ക്കരിക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. മാനേജ്‌മെന്റ് നിലപാട് കര്‍ശനമാക്കിയതോടെയാണ് ചര്‍ച്ച പാളിയതും സംഘടനാ നേതാക്കള്‍ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയതും.

എന്നാല്‍ തന്ത്രപരമായി അവിടെ തങ്ങിയ എസ്.എഫ്.ഐ നേതാക്കളുമായി മാനേജ്‌മെന്റ് കരാര്‍ ഉണ്ടാക്കുകയും സമരം തീര്‍ക്കാമെന്ന് ഉറപ്പ് വാങ്ങുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ധാരണ പുറത്ത് അനൗണ്‍സ് ചെയ്യാനുള്ള ധൈര്യം ചര്‍ച്ചയ്ക്ക് പോയ പ്രതിനിധികള്‍ക്കുണ്ടായില്ല. തുടര്‍ന്നാണ് പിറ്റേദിവസം എസ്.എഫ്.ഐ നേതാക്കളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചതും ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറിനില്‍ക്കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചതും. ഇതിലൂടെ സമരം തീരുമെന്നും അതിന്റെ ക്രഡിറ്റ് എസ്.എഫ്.ഐക്ക് ലഭിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് കരുതിയത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും കീഴ്‌മേല്‍ മറിയുകയും സര്‍ക്കാരും മുഖ്യമന്ത്രിയും എസ്.എഫ്.ഐയും പ്രതിസ്ഥാനത്താകുകയും ചെയ്തു.

ഇതോടെയാണ് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ മുഖ്യമന്ത്രിയുടെ  ഓഫീസ് വീണ്ടും ശ്രമമാരംഭിച്ചിരിക്കുന്നത്. ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയിരിക്കുന്ന ദളിത് പിഡന കേസുകളില്‍ ശിക്ഷ ലഭിക്കുമെന്നുറപ്പാണ്. സര്‍ക്കാര്‍ നല്‍കിയ പാട്ടഭൂമി അക്കാദമി കൈവശം വച്ചിരിക്കുന്നതും നിയമവിധേയമായല്ല.

സര്‍വകലാശാലയില്‍ അഫിലിയേഷന്‍ ഉണ്ടോയെന്നതു സംബന്ധിച്ചും വ്യക്തതയില്ല. അഫിലിയേഷന്‍ ഇല്ലാത്ത കോളജിന്റെ പ്രതിനിധിയായിട്ടും സിന്‍ഡിക്കേറ്റ് അംഗമായി അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ തുടര്‍ന്നതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ഈ പരാതികളൊക്കെ സമര്‍ഥമായി ഉപയോഗിച്ച് അക്കാദമി പിടിച്ചെടുക്കുന്നതോടെ സര്‍ക്കാരിനെതിരായ ആക്ഷേപങ്ങളെല്ലാം അവസാനിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടം പരിഹരിക്കാനാകുമെന്നുമാണ് പിണറായിയുടെയും ഉപദേശകരുടെയും കണക്ക്കൂട്ടല്‍.

ഇതിനിടെ മുന്‍ കെ.പി.സി.സി അധ്യക്ഷനും സ്ഥലം എം.എല്‍.എയുമായ കെ. മുരളീധരന്‍ നിരഹാരം ആരംഭിച്ചതിനാല്‍ സമരം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. വരുദിവസങ്ങളില്‍ കോണ്‍ഗ്രസ്- യുഡി.എഫ് നേതാക്കളും സമരപ്പന്തലിലേക്ക് ഒഴുകുന്നതോടെ സര്‍ക്കാരിനും മാനേജ്‌മെന്റിനും സമരക്കാര്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വരും. ഇതൊഴിവാക്കാനും നഷ്ടമായ ഇമേജ് വീണ്ടെടുക്കാനും അക്കാദമി പിടിച്ചെടുക്കുകയെന്ന മാര്‍ഗമല്ലാതെ മറ്റൊന്നും മുഖ്യമന്ത്രിക്ക് മുന്നിലില്ലെന്നാണ് അക്കാദമിവിഷയത്തില്‍ ആരോപണ വിധേയനായ പ്രധാന ഉപദേശകന്റെ പക്ഷം.