എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സമരമാർഗ്ഗം കടമെടുത്ത് ബി.ജെ.പി

നിസ്സഹായതയോടെ നോക്കി നിൽക്കാൻ കുട്ടി സഖാക്കൾക്ക് വിധി

സംസ്ഥാനത്ത് സി.പി.എം പ്രതിപക്ഷത്തായിരിക്കുമ്പോൾ എസ്.എഫ് ഐ ഡി.വൈ.എഫ് ഐ, സംഘടനകൾ നടത്തുന്ന സമര രീതി അതേപടി അനുകരിക്കുകയാണ് ലോഅക്കാദമി വിഷയത്തിൽ ബി.ജെ.പിയും സംഘപരിവാറും. സ്വാശ്രയ വിഷയത്തിലടക്കം പ്രതിപക്ഷത്തായിരിക്കേ എസ്എഫ്ഐ യും ഡി.വൈ എഫ് ഐ യും യുദ്ധസമാനമായ സമരങ്ങളാണ് സംസ്ഥാന വ്യാപകമായും പ്രത്യേകിച്ച് തിരുവനന്തപുരത്തും സംഘടിപ്പിച്ചിരുന്നത്.

പ്രതിഷേധക്കാരും പോലീസും തമ്മിലെ തെരുവുയുദ്ധം ദിവസങ്ങളോളം ജനജീവിതവും താറുമാറാക്കുമായിരുന്നു. ഉന്നയിക്കുന്ന വിഷയങ്ങളിലേക്ക് പെട്ടെന്ന് ജനശ്രദ്ധ നേടാനാവും എന്നതാണ് എസ്.എഫ്.ഐ – ഡി.വൈ.എഫ് ഐ സംഘനകളെ അക്രമസമരം നടത്താൻ പ്രേരിപ്പിച്ചിരുന്നത്. പോലീസിനെ പ്രകോപിച്ചും പൊതുമുതൽ നശിപ്പിച്ചു മുള്ള ഈ സമര രീതിക്ക് വൻ മാധ്യമശ്രദ്ധയും ലഭിക്കുമെന്നതും, ഉന്നയിക്കുന്ന വിഷയങ്ങളിന്മേലുള്ള പൊതു സമൂഹത്തിന്റെ വികാരത്തെ അതിവേഗം തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെടുക്കാമെന്നതുമാണ് ഈ സമരമാർഗ്ഗത്തിന്റെ പ്രധാന ആകർഷണീയത.

നേതാക്കളടക്കമുള്ളവരെ പോലീസ് മർദ്ദിക്കുന്നതും , ഗ്രനേഡ് പ്രയോഗത്തിലും ലാത്തി ചാർജിലും പരിക്കേറ്റ് ചോര ഒലിക്കുന്ന പ്രവർത്തകരുടെ ക്ലോസപ്പ് ദൃശ്യങ്ങൾ പത്ര ദൃശ്യമാധ്യമങ്ങളിൽ നിറയുന്നതും സമരക്കാർക്ക്‌ അനുകൂലമായി ചിന്തിക്കാൻ ഒരു പരിധി വരെ പൊതു സമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ട് സി. പി. എം പ്രതിപക്ഷത്തായിരിക്കുമ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രമാക്കിയാണ് എസ്.എഫ്.എഫ് ഐ പ്രവർത്തകർ അക്രമ സമരം നടത്തിവന്നിരുന്നത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇത്തരം സമരങ്ങൾ അരങ്ങേറുക.

തിരുവനന്തപുരത്ത് കാലങ്ങളായി എസ്.എഫ്.ഐ നടത്തി വരുന്ന സമരങ്ങളുടെ ഏകദേശ രൂപം ഏതാണ്ട് ഇങ്ങനെയാണ്. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ആർട്ട്സ് കോളേജ്, സംസ്കൃത കോളേജ് , വിവിധ പോളിടെക്നിക്, ഐ.ടി.ഐകൾ എന്നിവിടങ്ങളിലെ പ്രവർത്തകരെ യൂണിവേഴ്സിറ്റി കോളേജിൽ കേന്ദ്രീകരിപ്പിക്കുന്നു. പിന്നീട് പ്രകടനമായി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നീങ്ങും. മാർച്ച് പോലീസ് തടയുന്നതോടെ കല്ലേറടക്കമുള്ള പ്രകോപനമുണ്ടാക്കും. പോലീസ് സംയമനം പാലിക്കുന്തോറും പ്രകോപനവും കൂടും. ഗത്യന്തരമില്ലാതെ പോലീസ് സമരക്കാരെ നേരിടും.

തുടർന്ന് എസ്.എഫ്.ഐ പ്രവർത്തരും പോലീസും തമ്മിൽ രണ്ടും മൂന്നും മണിക്കൂർ നീളുന്ന തെരുവു യുദ്ധമാണ്. എസ്. എഫ്. ഐ പ്രവർത്തകർ പിൻ വാങ്ങുന്നതോടെ ഡി.വൈ.എഫ്.ഐയുടെ ഊഴമാണ്. എസ്.എഫ്.ഐ പ്രവർത്തർക്കെതിരായ പോലീസ് നടപടിയിക്കെതിരേ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തെ ത്തും. ഡി.വൈ.എഫ്.ഐ പ്രതിഷേധവും അക്രമത്തിൽ കലാശിക്കുകയാണ് പതിവ്. ഈ സമരവും കഴിയുന്നതോടെയാണ് സി.പി. എം നേതാക്കളുടെ രംഗപ്രവേശം. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിക്കുക, ഗ്രനേഡ് പ്രയോഗിച്ച പോലീസിനെതിരേ വധശ്രമം ആരോപിക്കുക, വേണ്ടിവന്നാൽ ഹർത്താലിന് ആഹ്വാനം ചെയ്യുക, വിഷയം ഉന്നയിച്ച് നിയമസഭ ബഹിഷ്ക്കരിക്കുക തുടങ്ങിയവയാണ് സി.പി.എം നേതാക്കളുടെ റോൾ.

സമര ദിവസം മുഴുവൻ ദൃശ്യമാധ്യമങ്ങളിൽ തത്സമയ സംപേക്ഷണം ഉണ്ടായിരിക്കുമെന്നതിനാൽ ഇതര വാർത്തകളും വിഷയങ്ങളും അപ്രസക്തമാകും. പിറ്റേ ദിവസത്തെ പത്രങ്ങളിലും ഈ സമരം തന്നെയാവും പ്രധാന തലക്കെട്ട്. എസ്.എഫ്.ഐയെ പുതിയ കാലത്തും കാമ്പസ്സുകളിൽ ശക്തമാക്കി നിർത്തുന്നതിൽ ഇത്തരം അക്രമാസക്ത സമരങ്ങൾക്ക് വലിയ പങ്കുണ്ട്.

രജനീ.എസ്.ആനന്ദിന്റെ മരണംഅടക്കമുള്ള വിഷയങ്ങളിൽപൊതു സമൂഹത്തിന്റെ വികാരം സമർത്ഥമായി മുതലെടുത്ത എസ്എഫ്.ഐയും ഡി.വൈ.എഫ് ഐ യും നടത്തിയ സമരങ്ങൾക്ക് വലിയ തോതിൽ ജനപിന്തുണയും ലഭിച്ചിരുന്നു. ഇക്കാര്യം വിലയിരുത്തി തന്നെയാണ് അവരുടെ സമരമാർഗ്ഗം കടമെടുത്ത് ലോ അക്കാദമി വിഷയത്തിൽ ബി.ജെ.പി മുന്നോട്ട് വന്നിരിക്കുന്നത്. ഒരു വശത്ത് നിരാഹാരം തുടരുമ്പോൾ മറുവശത്ത് അക്രമ സമരമെന്ന എസ്.എഫ്.ഐ. – ഡി.വൈ.എഫ് ഐ ക്കാർ പയറ്റിയ അതേ തന്ത്രം ബി.ജെ.പി ഏറ്റെടുത്തിരിക്കുന്നു.

തിരുവനന്തപുരത്ത് നടത്തിയ രണ്ട് ദിവസത്തെ അക്രമ സമരത്തിന് വലിയ മാധ്യമ ശ്രദ്ധ നേടാനായി എന്നത് ബി.ജെ.പിക്ക് ആത്മവിശ്വാസം കൂട്ടുന്നു. ലോ അക്കാദമി സമരത്തിന്റെ നേതൃത്വം നിലവിൽ തങ്ങളാലാണെന്ന വിലയിരുത്തലാണ് ബി.ജെ.പി നേതാക്കൾ പങ്കുവെക്കുന്നത്. അക്കാദമി സമരം വഴി കേരളത്തിലെ പ്രതിപക്ഷം തങ്ങളാണെന്ന് വരുത്തി തീർക്കുകയും ബി.ജെ.പിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഭരണം തീരും വരെ എസ്.എസ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമസമരത്തിന്‌ മുൻകൈ എടുക്കില്ലെന്ന വിശ്വാസവും ബി.ജെ.പിക്ക് കരുത്തേ കുന്നു.

തങ്ങളുടെ സമരമാർഗ്ഗം സംഘപരിവാർ പ്രസ്ഥാനങ്ങൾ തട്ടിയെടുത്തത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ ഭരണം കഴിയും വരെ എസ്. എഫ്. ഐ _ ഡി.വൈ.എഫ്.ഐ സഖാക്കൾക്ക് നിവൃത്തിയുള്ളൂ.