ഉറങ്ങാതെ അക്കാദമിയും നാരായണന്‍ നായരും; മിനിട്‌സ് ഇന്ന് ഹാജരാക്കും

തിരുവനന്തപുരം: മിന്ട്‌സ് തയാറാക്കാനുള്ള തത്രപ്പാടില്‍ കാളരാത്രി ആചരിച്ച് ലോ അക്കാദമി ലോ കോളജിലെ ഓഫീസ് ജീവനക്കാരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പ് എ.ഡി.എം ജോണ്‍ വി. സാമുവേല്‍ മുന്‍പാകെ പ്രിന്‍സിപ്പില്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റിയ യോഗത്തിന്റെ മിനിട്‌സ് സമര്‍പ്പിക്കാമെന്ന് അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാത്രി ഏറെ വൈകിയും ഇല്ലാത്ത മിനിട്‌സ് എഴുതിയുണ്ടാക്കാനുള്ള തിരക്കിലായിരുന്നു അക്കാദമി ജീവനക്കാര്‍.

സമരത്തിന്റെ പശ്ചാത്തലത്തില്‍ പേരൂര്‍ക്കടയിലെ ക്രമസമാധാനം ചര്‍ച്ചചെയ്യാന്‍ ഇന്നലെ എ.ഡി.എം വിളിച്ചു ചേര്‍ത്ത യോഗശേഷമാണ് മിനിട്‌സ് എന്ന പൊല്ലാപ്പ് നാരായണന്‍ നായരെയും അക്കാദമി ജീവനക്കാരുടെയും ഉറക്കം കളഞ്ഞത്. ക്രമസാമാധാനമായിരുന്നു ചര്‍ച്ചയെങ്കിലും വിദ്യാര്‍ഥി പ്രതിനിധികള്‍ എ.ഡി.എമ്മിന്റെയും സബ് കലക്ടറുടെയും സാന്നിധ്യത്തില്‍ നാരായണന്‍ നായരെ നിര്‍ത്തിപ്പൊരിച്ചു. എസ്.എഫ്.ഐയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പില്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റിയെന്ന കരാറുണ്ടാക്കിയതിന്റെ രേഖകള്‍ എവിടെയെന്നായിരുന്നു വിദ്യാര്‍ഥി നേതാക്കളുടെ ആദ്യ ചോദ്യം. എല്ലാം നിയമപരമാണെന്നായിരുന്നു ഡയറക്ടറുടെ മറുപടിയെങ്കിലും തുടര്‍ ചോദ്യങ്ങള്‍ അദ്ദേഹത്തെ ശരിക്കും വലച്ചു. യോഗത്തിന്റെ മിനിട്‌സ് കാണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും അത് പിള്ളാരെ കാണിക്കാന്‍ പറ്റില്ലെന്നും വേണമെങ്കില്‍ എ.ഡി.എമ്മിനെ കാണിക്കാമെന്നും ഡയറക്ടര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് എ.ഡി.എം മിനിട്‌സ് ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ കൈവശമില്ലെന്നായി. താന്‍ രണ്ട് മണിക്കൂര്‍ കാത്തിരിക്കാമെന്നും എടുത്തുകൊണ്ടു വന്നാല്‍ മതിയെന്നും എ.ഡി.എം പറഞ്ഞെങ്കിലും അത് ഇപ്പോള്‍ എടുക്കാന്‍ പറ്റില്ലെന്നായിരുന്നു നാരായണന്‍ നായരുടെ മറുപടി. ഇന്ന് ഉച്ചയ്ക്ക് ഹാജരാക്കാമെന്ന ഉറപ്പും നല്‍കി.

ഇതിനിടെ മിനിട്‌സ് രേഖപ്പെടുത്തിയിട്ടേയില്ലെന്ന് എ.ഡി.എമ്മിനും വിദ്യാര്‍ഥികള്‍ക്കും ബോധ്യമായെങ്കിലും സമ്മതിച്ചുകൊടുക്കാന്‍ അക്കാദമി പ്രതിനിധികള്‍ തയാറായില്ല. എസ്.എഫ്.ഐയുമായി കരാര്‍ ഉണ്ടാക്കിയപ്പോള്‍ പറ്റിയപിഴവ് ഇന്ന് ഹാജരാക്കുന്ന മിനിട്‌സില്‍ ഉണ്ടാകരുതെന്ന ഉപദേശവും നല്‍കായാണ്, നിരവധി കൊമ്പന്‍മാരെ തളച്ചിട്ടുള്ള നാരായണന്‍ നായരെ വിദ്യാര്‍ഥി പ്രതിനിധികള്‍ യാത്രയാക്കിയത്.

ചര്‍ച്ചയിലുടനീളം മാനേജ്‌മെന്റ് ഏറെ പരിഹാസത്തിനിടയായെങ്കിലും ഇന്ന് മിന്ട്‌സ് ഹാജരാക്കുമെന്നാണ് സൂചന. ഇതിനായി ഇന്നലെ രാത്രി ഏറെ വൈകിയും ജീവനക്കാരും ഡയറക്ടറും ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് അക്കാദമിയിലെ ഒരു ജീവനക്കാരന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ട്രസ്റ്റ് ചെയര്‍മാനായിരുന്ന ഗവര്‍ണറെ അട്ടിമറിച്ച് അക്കാദമി കുടുംബസ്വത്താക്കിയ നാരയണന്‍ നായര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമേയല്ല.