സ്വതന്ത്ര-പരമാധികാര ഓര്‍ഡര്‍ ഓഫ് മാള്‍ട്ട പോപ്പിന്റെ കൈപ്പിടിയില്‍

വത്തിക്കാന്‍ : കത്തോലിക്ക സഭയെപ്പോലെ സ്വതന്ത്ര-പരമാധികാര സംവിധാനമായ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ നിയന്ത്രണം ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൈപ്പിടിയിലൊതുക്കുന്നു. ഓര്‍ഡറിന്റ ഭരണച്ചുമതല വഹിക്കാന്‍ പേപ്പല്‍ ഡെലിഗേറ്ററിനെ കൂടെ നിയമിക്കുന്നതോടെ, അതിന്റെ സ്വതന്ത്ര-പരമാധികാര സ്വഭാവത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാവും.

മാര്‍പ്പാപ്പയുടെ ആവശ്യപ്രകാരം ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞ മാത്യു ഫെസ്റ്റിംഗിന്റെ രാജി ഓര്‍ഡറിന്റെ സുപ്രീം കൗണ്‍സിലിനെക്കൊണ്ട് അംഗീകരിക്കാന്‍ കഴിഞ്ഞതാണ് ഈ വടംവലിയില്‍ മാര്‍പ്പാപ്പയുടെ ഏറ്റവും വലിയ നേട്ടം. മാത്യു ഫെസ്റ്റിംഗ് സംരക്ഷിക്കാന്‍ ശ്രമിച്ച, സംഘടനയുടെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കാന്‍ കൗണ്‍സിലിലെ ഭൂരിപക്ഷം തയ്യാറാവുമെന്നും രാജി അംഗീകരിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്നും വത്തിക്കാന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അത് മറി കടക്കാന്‍ വത്തിക്കാന് സാധിച്ചു. വത്തിക്കാന്‍ കൗണ്‍സില്‍ അംഗങ്ങളുടെ മേല്‍, ” വളരെ ശക്തവും നേരിട്ടുള്ളതുമായ സമ്മര്‍ദ്ദം ചെലുത്തി ” എന്നാണ് പ്രമുഖ കത്തോലിക്കാ വാര്‍ത്താ പ്രസിദ്ധീകരണമായ ‘നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടര്‍’ റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍പ്പാപ്പയും ഫെസ്റ്റിംഗും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഫെസ്റ്റിംഗിന്റെ രാജി അപ്പോള്‍ തന്നെ എഴുതി വാങ്ങുകയായിരുന്നു. നിലവിലെ സംഭവവികാസങ്ങളുടെ പിന്നില്‍ മാര്‍പ്പാപ്പയുടെ കടുത്ത വിമര്‍ശകനായ അമേരിക്കന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയുടെ ഇടപെടല്‍ ഉണ്ടെന്ന് രാജിക്കത്തില്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ലുഡ്‌വിഗ് ഹോഫ്മാന്‍ വോണ്‍ റുമര്‍സ്റ്റീന്‍ താല്‍ക്കാലിക ഗ്രാന്‍ഡ് മാസ്റ്ററായി നിയമിതനായിട്ടുണ്ട്. സ്ഥിരം ഗ്രാന്‍ഡ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് ഉടനെ നടത്താന്‍ സുപ്രീം കൗണ്‍സില്‍ തീരുമാനിക്കുകയും ചെയ്തു. അതേ സമയം ഓര്‍ഡറിന്റെ ഭരണ മേല്‍നോട്ടം വഹിക്കാന്‍ പേപ്പല്‍ ഡെലിഗേറ്റിനെ നിയമിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ സ്വയംഭരണാവകാശം തവിടുപൊടിയാകും. പോപ്പിന്റെ കീഴിലുള്ള മറ്റൊരു സാമന്ത സംഘടനയായി അതു മാറുകയും ചെയ്യും.

ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയിലെ മൂന്നാമനും അവരുടെ സഹായ ഏജന്‍സിയായ മാല്‍റ്റീസര്‍ ഇന്റര്‍നാഷണലിന്റെ തലവനുമായ ആല്‍ബ്രറ്റ് ഫ്രറര്‍ മോണ്‍ വോസ്‌ലറെ പുറത്താക്കിയതു സംബന്ധിച്ച അന്വേഷണത്തിന് മാര്‍പ്പാപ്പ നിയോഗിച്ച പേപ്പല്‍ കമ്മീഷനെ ഫെസ്റ്റിംഗ് നിരാകരിച്ചതാണ് അദ്ദേഹത്തിന്റെ പുറത്താക്കലിനു കാരണം. ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ പരമാധികാരത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. പക്ഷേ മാര്‍പ്പാപ്പയുടെ സവിശേഷ അധികാരം ഉപയോഗിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അതു പൊളിച്ചു. ഫെസ്റ്റിംഗ് പുറത്തായി. വോസ്‌ലറെ പഴയ പദവിയില്‍ വീണ്ടും അവരോധിച്ചു.
1099-ല്‍ ധന്യനായ ജറാര്‍ഡ് തോം സ്ഥാപിച്ച ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ ചരിത്രത്തിലാദ്യമായാണ് മാര്‍പ്പാപ്പയുടെ ഇത്തരത്തിലുള്ള ഇടപെടല്‍. നൂറോളം രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയനുമായും നയതന്ത്രബന്ധവും ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷക പദവിയുടെ ഉള്ള സംഘടന. അതിന്റെ പരമാധികാരമാണ് ഇപ്പോള്‍ പോപ്പിന്റെ കാല്‍ച്ചുവട്ടിലായിരിക്കുന്നത്.

യൂറോപ്പിലെ പ്രബല പ്രഭു-ധനിക കുടുംബങ്ങളില്‍പെട്ടവരാണ് ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയിലെ അംഗങ്ങള്‍. ഇറ്റലി, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഏറെ സ്വാധീനം. അതിനെ ചെറുക്കുന്ന ജര്‍മന്‍ വിഭാഗമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ എന്ന് കരുതപ്പെടുന്നു. ഫെസ്റ്റിംഗ് ബ്രട്ടീഷുകാരനും വോസ്‌ലര്‍ ജര്‍മന്‍കാരനുമാണ്. പോപ്പിന്റെ പുരോഗമന നിലപാടുകളും ഓര്‍ഡറിലെ പഴഞ്ചന്‍മാരും തമ്മിലുള്ള പോരാട്ടമാണ് നടന്നതെന്ന് ഓര്‍ഡറിന്റെ ജര്‍മന്‍ അസോസിയേഷന്‍ പ്രസിഡന്റ് എറിക് ലോബ്‌കോവിസ് പറഞ്ഞു.

കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍കെ ആണ് പുതിയ സംഭവവികാസങ്ങളുടെ പിന്നില്‍ എന്ന് വത്തിക്കാന്‍ കരുതുന്നു. തുടക്കം മുതലേ ബുര്‍ക്കെ പോപ്പിന്റെ എതിരാളിയാണ്. വിവാഹം സംബന്ധിച്ച സഭാനിലപാടുകള്‍ പരിഷ്‌കരിക്കാന്‍ പോപ്പ് നടത്തിയ ശ്രമങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ വത്തിക്കാന്‍ സുപ്രീംകോടതി തലവന്‍-അപ്പോസ്തലിക് സിഗ്നേച്ചുറ സ്ഥാനത്തു നിന്ന് ബുര്‍ക്കെയെ മാര്‍പ്പാപ്പ പുറത്താക്കി. ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ ഉപദേശകനാക്കി ഒതുക്കി.

അതേ സമയം, വളരെ പ്രാചീനവും പിന്തിരിപ്പനുമായ ആചാരങ്ങളും നിലപാടുകളും തുടരുന്ന ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ നവീകരണത്തിന് ഇത് ഒരു അവസരമാവും എന്നു കരുതുന്നവരും ഉണ്ട്.