ഹന്‍സിക മോഹന്‍ലാലിനൊപ്പം; നായികയല്ല

തിരുവനന്തപുരം: തമിഴിലെ മിന്നും യുവനടി ഹന്‍സിക മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കുന്നു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. സിനിമയില്‍ ഹന്‍സിക നായികയല്ലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇതൊരു നായകന്‍, നായിക കേന്ദ്രീകൃത സിനിമയല്ല. തമിഴ്‌നടന്‍ വിശാല്‍, ശ്രീകാന്ത് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ പൂര്‍ത്തിയായി. രണ്ടാം ഷെഡ്യൂള്‍ ഈമാസം 27ന് മൂന്നാറില്‍ തുടങ്ങും.

ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദും മറ്റൊരു നിര്‍മാണ കമ്പനിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

റിട്ടേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഉണ്ണികൃഷ്ണന്റെ ഗ്രാന്‍മാസ്റ്ററില്‍ പൊലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. പുതിയ ചിത്രം മൂന്നാറിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം ശ്യാമപ്രസാദ്- നിവിന്‍ പോളി ടീമിന്റെ ഹേ ജൂഡില്‍ ഹന്‍സിക നായികയായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് താമസിക്കാതെ ആരംഭിക്കും. എങ്കേയും കാതല്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഹന്‍സിക തമിഴിലെ തിരക്കുള്ള മുന്‍നിര നായികയാണ്.