ഉണ്ണി മുകുന്ദന്‍ പാട്ടെഴുതി, പാടി, മമ്മൂട്ടി ചിത്രത്തിന്റെ അസോസിയേറ്റ് ആകുന്നു

തിരുവനന്തപുരം: നായകനാകാന്‍ മാത്രമല്ല, സിനിമയുടെ എല്ലാ മേഖലകളെ കുറിച്ച് മനസിലാക്കാനും പഠിക്കാനുമുള്ള ശ്രമത്തിലാണ് ഉണ്ണിമുകുന്ദന്‍. അച്ചായന്‍സ് എന്ന സിനിമയില്‍ ഉണ്ണി നായകനല്ല. അതേസമയം തെലുങ്ക് ചിത്രമായ ഭഗ്മതിയില്‍ അനുഷ്‌കാ ഷെട്ടിയുടെ നായകനാകുന്നു. അച്ചായന്‍സില്‍ യാദൃശ്ചികമായി ഒരു പാട്ടെഴുതി പാടി. രതീഷ് വേഗയാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ‘ പാട്ടെഴുത്തും പാടലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അച്ചായന്‍സിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് നിര്‍മാതാവും സംവിധായകന്‍ കണ്ണന്‍ താമരക്കുളവും ക്രൂവിന് പാര്‍ട്ടി ഒരുക്കിയിരുന്നു. ആ സമയത്ത് ഉണ്ണി പാടിയത് രതീഷ് വേഗയ്ക്ക് ഇഷ്ടമായി. അങ്ങനെയാണ് പാടാനുള്ള ചാന്‍സ് കിട്ടിയത്’

ഉണ്ണി എഴുതിയ മെലഡി ഗാനരംഗത്ത് ഉണ്ണിയും ശിവദയുമാണ് അഭിനയിക്കുന്നത്. താനൊരു പ്രൊഫഷണല്‍ സിംഗറല്ലെന്നും സംഗീത സംവിധായകന്റെ കഴിവ് കൊണ്ട് മാത്രമാണ് ഗായകനായതെന്നും താരം പറഞ്ഞു. ശ്രുതിയും താളവും ഒരേ പോലെ കൊണ്ടുപോകാന്‍ വളരെ ബുദ്ധിമുട്ടാണ്. ശ്വാസം നിയന്ത്രിക്കാനും പ്രയാസമാണ്. എന്നാല്‍ ഇതിനുള്ള ചില ടിപ്‌സുകള്‍ രതീഷ് വേഗ പറഞ്ഞ് തന്നെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. റെക്കാഡിംഗ് കഴിഞ്ഞ ശേഷം എനിക്കൊരു പ്രൊഫഷണല്‍ സിംഗറാകാനുള്ള കഴിവുണ്ടെന്ന് രതീഷ് വേഗ പറഞ്ഞു. മ്യൂസിക് ഇല്ലാതെ പാടിയ ഡമ്മി വേര്‍ഷന്‍ വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുത്ത ശേഷമാണ് ഉണ്ണി പാടാന്‍ തയ്യാറായത്.

അവരുടെ രാവുകള്‍ എന്ന സിനിമയാണ് ഇനി റിലീസാകാനുള്ളത്. അതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറാവും. സേതുവും ഉണ്ണിയും ഒരേ ജിമ്മിലാണ് പോകുന്നത്. ആ സൗഹൃദമാണ് അസോസിയേറ്റ് ആകാനുള്ള വഴിതുറന്നത്. യുവതാരങ്ങളെല്ലാം സുഹൃത് വലയങ്ങളുടെ കീഴിലാണ്. അല്ലാതെയുള്ളത് ഉണ്ണിമുകുന്ദനും പൃഥ്വിരാജും മാത്രമാണ്. വലയങ്ങളില്ലെങ്കിലും പൃഥ്വിരാജിന് പ്രശ്‌നമല്ല. എന്നാല്‍ ഉണ്ണിയെ പോലെയുള്ള തുടക്കക്കാര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും.