പ്രേത, ഭൂത, പിശാചുക്കളില്‍ വിശ്വാസമില്ലെന്ന് പൃഥ്വിരാജ്

 തിരുവനന്തപുരം: പ്രേത, ഭൂത, പിശാചുക്കളില്‍ വിശ്വാസമില്ലെന്ന് നടന്‍ പൃഥ്വിരാജ്. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ഹൊറര്‍ ചിത്രമായ എസ്രയുടെ പ്രചരണത്തോട് അനുബന്ധിച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ ഹൊറര്‍ സിനിമകളില്‍ കാണുന്നത് പോലുള്ള കോമഡി ട്രാക്കൊന്നും എസ്രയിലില്ലെന്നും  അതാണ് തന്നെ ഈ ചിത്രത്തിലേക്ക് അടുപ്പിച്ചതെന്നും താരം പറഞ്ഞു. വെള്ളിനക്ഷത്രം എന്ന ഹൊറര്‍ ചിത്രം വലിയ ഹിറ്റായിരുന്നു. അത് അന്നത്തെ കാലത്തെ സിനിമയായിരുന്നു. ഇന്നിപ്പോള്‍ അത്തരം സിനിമകള്‍ ചെയ്യേണ്ട കാര്യമില്ല. 2010ലാണ് ജെയ്. കെ എസ്രയുടെ സ്‌റ്റോറി ലൈന്‍ പറയുന്നത്. അതിന് ശേഷം ഒരുപാട് ഗവേഷണം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും താരം പറഞ്ഞു.
ജൂത വിഭാഗത്തില്‍പെട്ടവര്‍ കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ചേന്നമംഗലത്തും നല്ലൊരു വിഭാഗം ജൂത സമൂഹം ജീവിക്കുന്നുണ്ട്. അത് എത്ര പേര്‍ക്കറിയാം. ജൂത സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് എസ്രയുടെ കഥ പറയുന്നത്. എന്നാല്‍ ജൂതന്‍മാരുടെ കഥയല്ല താനും. പണ്ട് കാലത്ത് ചേന്ദമംഗലത്ത് നിന്ന് കായലിലൂടെ മട്ടാഞ്ചേരിയില്‍ വന്നാണ് അവര്‍ കച്ചവടം നടത്തിയിരുന്നത്. ഇത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയാണ് സംവിധായകന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. അമാനുഷ ശക്തിയുടെ സാനിധ്യം സിനിമയിലുടനീളം ഉണ്ട്. അതായിരിക്കും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതും.
അടുത്ത വെള്ളിയാഴ്ചയാണ് എസ്ര റിലീസാകുന്നത്. ക്രിസ്മസ് റിലീസ് വച്ചിരുന്നതാണ്. തിയേറ്റര്‍ സമരം കാരണം നീണ്ടുപോയി. ബോക്‌സ് ഓഫീസ് വിജയം മാത്രം നോക്കാതെ നല്ല സിനിമ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണ് എസ്രയ്ക്ക് പിന്നിലുള്ളത്. അത് വലിയ ഭാഗ്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ടിയാന്‍ എന്ന സിനിമയുടെ ഹൈദരാബാദിലെ ലൊക്കേഷനിലാണ് താരമിപ്പോള്‍. അവിടെ നിന്ന് കൊച്ചിയിലെത്തിയ ശേഷം വിമാനം എന്ന സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ അഭിനയിക്കും.