ഖജനാവ് നിറയ്ക്കുന്നത് ബെവ്‌റേജസിലെ കച്ചവടം

ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് പുതുക്കലിലൂടെ സംസ്ഥാന ഖജനാവിലേക്ക് മാര്‍ച്ചില്‍ എത്തുക 42 കോടി രൂപ. കേരളത്തില്‍ നിലവിലുള്ള 840 ബിയര്‍ പാര്‍ലറുകളും, 31 പഞ്ചനക്ഷത്രഹോട്ടലുകളുടെ ലൈസന്‍സ് ഫീസും കൂടിയാണ് ഈ തുക.

ബാര്‍ അടച്ചു പൂട്ടലിന് മുന്‍പ് ഈ ഇനത്തില്‍ ഖജനാവിലേക്ക് എത്തിയിരുന്ന വരുമാനം 130 കോടിക്ക് മുകളിലായിരുന്നു. അതാണ് പുതിയ നയം മൂലം ഈ നിലയിലേക്ക് എത്തിയിരിക്കുന്നത്. ലൈസന്‍സ് ഫീസ് ഇനത്തില്‍ നഷ്ടമുണ്ടെങ്കിലും മദ്യവില്‍പ്പനമൂലം ലഭിച്ചിരുന്ന പണത്തിന്റെ കാര്യത്തില്‍ വലിയ വ്യതിയാനം ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ബാറുകള്‍ നിലനിന്നിരുന്ന സമയത്ത് കേരളത്തില്‍ വിറ്റഴിഞ്ഞ മദ്യത്തില്‍ 76 ശതമാനവും ബെവ്‌റെജസ് കോര്‍പ്പറേഷനുകളുടെ ഔട്ട്‌ലെറ്റുകള്‍ വഴിയായിരുന്നു. അന്ന് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വിറ്റഴിക്കാന്‍ ലൈസന്‍സുണ്ടായിരുന്ന 752 ബാറുകളിലൂടെ വിറ്റഴിച്ചത് 24 ശതമാനമായിരുന്നു. സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ ബെവ്‌റെജസിനാണ് പ്രമുഖ സ്ഥാനം എന്നാണ് ഈ കണക്ക് തെളിയിക്കുന്നത്. ബാറുകള്‍ അടച്ചതിനുശേഷം ഈ മദ്യത്തിന്റെ വ്യപാരം കൂടി ആ ഷോറൂമുകളിലേക്ക് എത്തി എന്നുള്ളതാണ് എക്‌സൈസ് വകുപ്പ് അനൗദ്യോഗികമായി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ ഉണ്ടായ മദ്യ വില്‍പ്പനയും, ഉപഭോഗവും സര്‍വകാല റെക്കോഡായിരുന്നു 11,577.29 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ വിറ്റഴിച്ചത്. അത് വഴി സര്‍ക്കാര്‍ ഖജനാവിലേക്ക് നികുതി ഇനത്തില്‍ 9787.05 കോടി മുതല്‍ കൂട്ടായി. മദ്യ നിരോധനം വരുന്നതിന് മുന്‍പ് ഇത് യഥാക്രമം 9,353.74 കോടിരൂപയും, 7,577.77 കോടി രൂപയുമായിരുന്നു. ഇതിന്റെ 25 ശതമാനം വര്‍ദ്ധന ഈ സാമ്പത്തിക വര്‍ഷം അവസാന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ .

ഹോട്ടല്‍ വ്യവസായത്തില്‍ പ്രതീക്ഷിക്കാവുന്ന അഴിച്ചുപണി

സുപ്രീം കോടതി വിധി ഹോട്ടലുകള്‍ക്ക് ബാധകമല്ലാത്തതിനാല്‍ ബാര്‍ ഹോട്ടലുകളുടെ തിരിച്ചുവരവ് വ്യവസായികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ചെറിയ അഴിച്ചുപണിയോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്ന നിര്‍ദേശമാണ് ഇവര്‍ തന്നെ മുന്നോട്ടുവയ്ക്കുന്നത്. സര്‍ക്കാര്‍ പരിഗണനയിലുള്ള ചില നിര്‍ദേശങ്ങള്‍

* ബാറുകളെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുക ബാര്‍, ബാര്‍ വിത്ത് ഹോട്ടല്‍ എന്നിങ്ങനെ. അതിന് കര്‍ക്കശമായ മാനദണഡങ്ങള്‍ നിശ്ചയിക്കുക.

* ഒന്നാമത്തേത് വെറും ബാറുകള്‍ മാത്രമായി പ്രവര്‍ത്തിക്കുന്നവ. ഇങ്ങനെയുള്ള ബാറുകളില്‍ റെസ്റ്റോറന്റ് (ഭക്ഷണശാല പേരിനു മാത്രമായിരിക്കും പ്രവര്‍ത്തിക്കുന്നത്. മറ്റു അനുബന്ധ സൗകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെ നിലനിര്‍ത്തുന്നില്ല.

* രണ്ടാമത്തെ വിഭാഗം മികച്ച നിലയില്‍ താമസ സൗകര്യവും, അതിനോട് അനുബന്ധിച്ച്, റെസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളുകള്‍, തുടങ്ങിയ അതിഥികളുടെ സൗകര്യാര്‍ഥം ഒരുക്കുന്ന ബാറും, റെസ്റ്റോറന്റും. ചേര്‍ന്നത്.

സര്‍ക്കാരിന്റെ നേട്ടം

രണ്ടാമത്തെ വിഭാഗം ഹോട്ടലുകളില്‍ ലൈസന്‍സ് ഫീസിനു പുറമെ നിന്നും റൂം വാടകയോടൊപ്പം പിരിച്ചെടുക്കുന്ന ആഡംബര നികുതിയും, ഭക്ഷണത്തോടൊപ്പം പിരിച്ചെടുക്കുന്ന നികുതിയും (വാറ്റ്) ലഭിക്കും.