രസിലയുടെ കൊലപാതകം: സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം

    കോഴിക്കോട്: പൂനെ ഇന്‍ഫോസിസ് ഓഫീസിലെ ജീവനക്കാരി രസിലയുടെ കൊലപാതകത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് സഹോദരന്‍ ലിജിന്‍കുമാറും അമ്മാവന്‍ എന്‍ പി സുരേഷും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരനാണ് കൊലപാതകത്തിന്റെ പിന്നിലെന്ന പൊലീസ് ഭാഷ്യം വിശ്വസിക്കാനാവില്ല. ഒന്നിലധികം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി സംശയമുണ്ട്. ഇന്‍ഫോസിസിലെ മാനേജര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയമുണ്ടെന്ന് ലിജിന്‍ പറഞ്ഞു.

    സ്ഥാപനത്തിലെ മാനേജര്‍ ചില മുന്‍ വൈരാഗ്യങ്ങളുടെ പേരില്‍ രസിലയെ നിരന്തരം ശല്യം ചെയ്യാറുള്ള കാര്യം തന്നോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നതായി ലിജിന്‍ പറഞ്ഞു. നിരന്തരമായി അമിത ജോലി നല്‍കിയും അവധി നിഷേധിച്ചും മാനേജര്‍ ബുദ്ധിമുട്ടിച്ചു. രസിലക്ക് പൂനെ ഇന്‍ഫോസിസില്‍ നിന്നും സ്ഥലമാറ്റം കിട്ടിയപ്പോള്‍ മനേജര്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് മേലധികാരികള്‍ക്ക് പരാതിപ്പെട്ടപ്പോള്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് മാനേജര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും രസില പറഞ്ഞിരുന്നു. കൊലചെയ്യപ്പെടുന്ന ദിവസം അധിക ഡ്യൂട്ടി നല്‍കി ഓഫീസില്‍ എത്തിച്ചതിലും ദുരൂഹതയുണ്ട്. നിലവില്‍ ലോക്കല്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല.

    രസിലയുടെ മൃതദേഹം തിടുക്കപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഇന്‍ഫോസിസ് മാനേജ്‌മെന്റ് ശ്രമം നടത്തിയിരുന്നുവെന്ന് രസിലയുടെ അമ്മാവന്‍ എന്‍ പി സുരേഷ് ആരോപിച്ചു. മരണവിവരം അറിഞ്ഞ് രസിലയുടെ പിതാവ് രാജുവും താനും പൂനെയില്‍ എത്തുന്നതിനുമുമ്പെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഇന്‍ഫോസിസ് മാനേജ്‌മെന്റ് നീക്കം നടത്തിയിരുന്നു. അവിടെയുണ്ടായിരുന്ന മലയാളി അസോസിയേഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. രസില കൊലചെയ്യപ്പെട്ട സ്ഥലം കാണണമെന്നുള്ള അവശ്യം അംഗീകരിക്കാന്‍ പോലും ഇന്‍ഫോസിസ് മാനേജ്‌മെന്റ് തയ്യാറായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അറിയിച്ച് പ്രതിഷേധിച്ചതോടെയാണ് കൊലപാതകം നടന്ന സ്ഥലം കാണിക്കാന്‍ തയ്യാറായത്. അപ്പോഴും തങ്ങള്‍ക്കു ചുറ്റും വലിയ പൊലീസ് സംഘത്തേയും നിയോഗിച്ചിരുന്നു.

    സംഭവദിവസം രസില നാട്ടിലെ ബന്ധുവുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ഓഫീസിലേക്ക് ആരോ വരുന്നുണ്ടെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. വൈകീട്ട് 4.45 ഓടെയാണ് ഇങ്ങനെ ഫോണ്‍ കട്ടുചെയ്യുന്നത്. അഞ്ചു മണിയോടെയാണ് രസില കൊല്ലപ്പെട്ടുവെന്ന് പറയുന്നത്. അങ്ങിനെയെങ്കില്‍ അവിടെ വന്നത് ആരായിരിക്കും. സെക്യൂരിറ്റി ജീവനക്കാരന്‍ തനിച്ച് കൊലപാതകം നടത്തി എന്നു പറയുന്നവര്‍ അയാളെ ആരാണ് ഓഫീസിലേക്ക് കയറ്റിവിട്ടതെന്ന ചോദ്യത്തിന് ഉത്തരം നല്‍കണമെന്നും അമ്മാവന്‍ പറയുന്നു.

    കേന്ദ്ര ആഭ്യന്തമന്ത്രി രാജ് നാഥ് സിങ്ങിന് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ലോകജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. കോഴിക്കോട് പയിമ്പ്ര കിഴക്കാല്‍കടവ് ഒഴാംപൊയില്‍ ലിജിന്‍ നിവാസില്‍ രാജുവിന്റെ മകള്‍ ഒ രസില ഇക്കഴിഞ്ഞ ജനുവരി 29ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പൂനെയിലെ ഇന്‍ഫോസിസ് ഓഫീസില്‍ കൊലചെയ്യപ്പെട്ടത്.