ലക്ഷ്മിനായരുടെ നിയമബിരുദം ഫയലുകള്‍ അപ്രത്യക്ഷമായി

    തിരുവനന്തപുരം:  ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ വിവാദമായ എല്‍എല്‍ബി ബിരുദവുമായി ബന്ധപ്പെട്ട ഫയലുകള്‍ കേരള സര്‍വകലാശാലയില്‍ നിന്ന് അപ്രത്യക്ഷമായി. രേഖകള്‍ ബന്ധപ്പെട്ടവര്‍ ആരോ എടുത്തുകൊണ്ട് പോവുകയോ നശിപ്പിക്കുകയോ ചെയ്തുവെന്ന സംശയമാണുള്ളതെന്ന് യൂണിവേഴ്‌സിറ്റി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ലക്ഷ്മിനായരുടെ നിയമബിരുദം തന്നെ റദ്ദാക്കാനുള്ള നിയമവഴികള്‍ തെളിയുന്നതിനിടയിലാണ് ബന്ധപ്പെട്ട ഫയലുകളുടെ തിരോധാനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

    ലോ അക്കാദമിയുടെ അഫിലിയേഷന്‍ സംബന്ധിച്ച രേഖകള്‍ അപ്രത്യക്ഷമായതിന് പിന്നാലെയാണ് ലക്ഷ്മിനായരെ സംബന്ധിച്ച ഫയലുകളുടെയും തിരോധാനം. പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സിന്റെ മൂന്നാം വര്‍ഷം ഡിഗ്രിയുള്ളവര്‍ക്ക് പ്രവേശനം നല്‍കാന്‍ മുന്‍കൈയെടുത്തത് അന്ന് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മിയുടെ പിതാവ് ഡോ. എന്‍ നാരായണന്‍ നായരായിരുന്നു. മകള്‍ ഡിഗ്രി പാസാകുന്ന മുറയ്ക്ക് മൂന്നാം വര്‍ഷ എല്‍എല്‍ബിയില്‍ പ്രവേശിക്കാന്‍ ബാര്‍ കൗണ്‍സിലിന്റെ അനുമതി പോലുമില്ലാതെ നിയമവിരുദ്ധമായി കൊണ്ടുവന്ന ലാറ്ററല്‍ എന്‍ട്രി നടപടി ആയിരുന്നു അത്. ഇതുസംബന്ധിച്ച് നാരായണന്‍ നായരുടെ നിര്‍ദേശങ്ങളടങ്ങിയ ഫയലുകളും മിനിറ്റ്‌സും കാണാതായത് നിയമവിരുദ്ധ നിയമ ബിരുദം അസാധുവാകുന്നത് തടയാനെടുത്ത കരുതല്‍ നടപടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

    ലക്ഷ്മി നായര്‍ ഈ നിയമ ബിരുദം സ്വീകരിച്ചോ, അവര്‍ക്ക് നല്‍കിയത് പഞ്ചവത്സര ബിരുദമാണോ അതോ ത്രിവത്സര ബിരുദമാണോ എന്നിവ സംബന്ധിച്ച ഫയലുകളും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അപ്രത്യക്ഷമായതും ഗുരുതരമായ സംഭവവികാസമാണെന്ന് അഭിപ്രായമുയരുന്നു.

    ലക്ഷ്മി നായരുടെ നിയമബിരുദം, വെങ്കിടേശ്വര സര്‍വകലാശാലയില്‍ നിന്നുള്ള എംഎ ബിരുദം തുടങ്ങിയ എല്ലാ വിവരങ്ങളും അന്വേഷണവിധേയമാക്കണമെന്ന ആവശ്യവും സമരം ചെയ്യുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു.

    ഇതിനിടെ കെ കരുണാകരന്‍ മുഖ്യമന്ത്രിയും പി ജെ ജോസഫ് റവന്യൂ മന്ത്രിയുമായിരുന്നപ്പോള്‍ 12 ഏക്കറോളം ഭൂമി പതിപ്പിച്ചെടുക്കുന്നത് സംബന്ധിച്ച സെക്രട്ടേറിയറ്റില്‍ റവന്യൂവകുപ്പിലെ ഫയലുകളും അപ്രത്യക്ഷമായത് ദുരൂഹമാവുന്നു.

    ഈ ഫയലില്‍ സെക്ഷന്‍ ഓഫീസറും അണ്ടര്‍ സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിയുമടക്കമുള്ളവര്‍ ലോ അക്കാദമിക്ക് ഭൂമി പതിച്ച് നല്‍കരുതെന്ന് കുറിപ്പെഴുതിയിരുന്നു. എന്നാല്‍ നാരായണന്‍ നായരുടെ ഭാര്യ പൊന്നമ്മ ഈ പതിവ് കാലത്തേയ്ക്ക് ‘കേരള കോണ്‍ഗ്രസ് വനിതാ നേതാവാ’യി വേഷമിട്ടിരുന്നു. ഫയലുകളിലെ എല്ലാ എതിര്‍പ്പുകളും അറിഞ്ഞതോടെ നാരായണന്‍ നായര്‍ സെക്രട്ടേറിയറ്റിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് തടസവാദം പിന്‍വലിച്ച് പുതിയ ഫയല്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

    എന്നാല്‍ ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി രക്ഷാധികാരിയും റവന്യൂമന്ത്രിയും ചീഫ് ജസ്റ്റിസും അടങ്ങുന്ന സര്‍ക്കാര്‍ ട്രസ്റ്റിനാണ് ഭൂമി നല്‍കിയതെന്ന് അന്ന് കൃഷിമന്ത്രിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ നിയമസഭയെ അറിയിച്ചിരുന്നു. ഇപ്രകാരം സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണമുള്ള ട്രസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങളടങ്ങിയ ട്രസ്റ്റ് ഡീഡ് അടക്കമുള്ള സര്‍വ ഫയലുകളും അന്ന് എംഎന്‍ മേശപ്പുറത്ത് വച്ചിരുന്നു. നിയമസഭാ രേഖകളില്‍ നിന്നും ആ ഫയലുകള്‍ വീണ്ടെടുത്താല്‍ സര്‍ക്കാര്‍ ട്രസ്റ്റിന്റെ ഭൂമിയും കോളജും കുടുംബസ്വത്താക്കിയതിന്റെ നിയമവിരുദ്ധ നടപടികള്‍ കണ്ടെത്താവുന്നതേയുള്ളൂവെന്ന് നിയമവിദഗ്ധര്‍ കരുതുന്നു.

    ആ നിയമസഭാ രേഖകളും ഒന്നോടെ മുക്കിയെങ്കില്‍ സംഗതികള്‍ പിന്നെയും സങ്കീര്‍ണമായേക്കാം എന്ന ആശങ്കയും ഉയരുന്നുണ്ട്.