പി.ടി തോമസിനെ പുകച്ചുചാടിക്കാന്‍ വീക്ഷണത്തിലെ തീവെട്ടിസംഘം

* ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കെ.പി.സി.സി

* സാമ്പത്തിക ആരോപണങ്ങളും അന്വേഷിക്കും

എബി ജോണ്‍

കോട്ടയം: കോണ്‍ഗ്രസ് മുഖപത്രത്തത്തിന്റെ എം.ഡിയും ചീഫ് എഡിറ്ററുമായി പി.ടി തോമസ് എം.എല്‍.എ ഈ മാസം 18ന് ചാര്‍ജ് ഏറ്റെടുക്കാനിരിക്കെ അദ്ദേഹത്തെ പുകച്ച് ചാടിക്കാനുള്ള നീക്കം ശക്തമാക്കി വീക്ഷണത്തിലെ തീവെട്ടിസംഘം.

ഇരട്ടപ്പദവി വേണ്ടെന്ന തീരുമാനം പാര്‍ട്ടി നേരത്തെ എടുത്തിരുന്നതാണെന്നും അതു നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പി.ടി തോമസിനെതിരെ പടയൊരുക്കം നടക്കുന്നത്. എം.എല്‍.എയായ പി.ടി തോമസ് പാര്‍ട്ടി പത്രത്തിന്റെ എം.ഡി. സ്ഥാനംകൂടി വഹിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഇവര്‍. നിലവില്‍ എം.ഡിയുടെ ചുമതല വഹിക്കുന്ന ടി.വി പുരം രാജുവിന്റെ നേതൃത്വത്തിലാണ് പി.ടി തോമസിനെതിരായ നിഴല്‍ യുദ്ധമെന്നാണ് സൂചന.

മുന്‍എം.ഡി ബെന്നി ബഹ്നാനെ മുന്‍നിര്‍ത്തി എ ഗ്രൂപ്പിന്റെ പിന്തുണ നേടാനും ഈ സംഘം ശ്രമിക്കുന്നുണ്ട്. പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മുഴുവന്‍ സമയ എം.ഡിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ ആ സ്ഥാനത്തെത്തിയാല്‍ സ്ഥിതി രൂക്ഷമാകുമെന്നുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസത്തെ ശമ്പളം വൈകിക്കുന്നതായും ആക്ഷേപമുണ്ട്.

എ.സി ജോസിന്റെ വിയോഗത്തോടെ ഒഴിവുവന്ന എം.ഡി, ചീഫ് എഡിറ്റര്‍ സ്ഥാനങ്ങള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ ടി.വി. പുരം രാജുവാണ് നിലവില്‍ നിര്‍വഹിക്കുന്നത്. ഇദ്ദേഹത്തിനെതിരെ പെരുമാറ്റ ദൂഷ്യമടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ പരാതിയായി പ്രതിപക്ഷ നേതാവിനും, കെ.പി.സി.സി പ്രസിഡന്റിനും, ഉമ്മന്‍ ചാണ്ടിക്കുമൊക്കെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി പ്രതിനിധിയായി പി.ടി തോമസിനെ വീക്ഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചത്.

അതേസമയം നിലവില്‍ പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ബെന്നി ബഹ്നാന്റെ പേര് പറഞ്ഞ് തന്റെ കസേര സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് എക്‌സിക്യൂട്ടീവ് എഡിറ്ററെന്ന് ജീവനക്കാര്‍ പറയുന്നു. ഇതിന് മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ പ്രമുഖരുടെ പിന്തുണയുമുണ്ട്. പത്രത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് വരുത്തുന്നതിനുള്ള നീക്കവും സജീവമാണ്.

പി.ടി തോമസിനെ എം.ഡിയായി കെ.പി.സി.സി നിയോഗിക്കുന്നത് തൊട്ട്മുന്‍പ് തിരുവനന്തപുരം യൂണിറ്റില്‍ തന്നിഷ്ടപ്രകാരം റസിഡന്റ് എഡിറ്ററെ നിയമിക്കാനും നീക്കം നടന്നിരുന്നു. ഹിന്ദുവില്‍നിന്ന് വീക്ഷണത്തിലെത്തിയ ജെ അജിത്കുമാറിന്റെ ഒഴിവിലാണ് ടി.വി പുരം രാജുവിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും കത്തിപ്പോയ ആളെ നിയമിക്കാന്‍ നീക്കമുണ്ടായത്. എന്നാല്‍ അപ്രതീക്ഷിതമായി പി.ടി തോമസ് എ.ഡി സ്ഥാനത്തെത്തിയത് ഈ നീക്കത്തിന് തിരിച്ചടിയായി.

വീക്ഷണത്തിന്റെ തലപ്പത്തുള്ളവരെക്കുറിച്ച് നിരവധി ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ സാമ്പത്തികനില പരിശോധിക്കാന്‍ പി.ടി തോമസ് ഓഡിറ്ററോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എ.സി ജോസിന്റെ മരണശേഷം വീക്ഷണം ഡെയ്‌ലി എന്ന പേരില്‍ എറണാകുളത്ത് തട്ടിപ്പ് അക്കൗണ്ട് ആരംഭിച്ചെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. തിരുവനന്തപുരം യൂണിറ്റിലെ അക്കൗണ്ടും ഇതേ പേരില്‍ ആയതിനാല്‍ പുതിയ അക്കൗണ്ട് ആരംഭിച്ചത് ദുരൂഹമാണ്. തിരുവനന്തപുരത്തെ പല ചെക്കുകളും കൊച്ചിയിലെ ഈ പുതിയ അക്കൗണ്ടിലാണ് മാറുന്നതെന്നും ഇതിലൂടെ വന്‍തട്ടിപ്പാണ് നടക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. കൊച്ചി, കോഴിക്കോട് തിരുവനന്തപുരം യൂണിറ്റുകളിലെ പരസ്യ വിഭാഗം ജീവനക്കാരുടെ അറിവോടെയാണ് ഈ കൂട്ടുകച്ചവടമെന്നും മറ്റ് ജീവനക്കാര്‍ ആരോപിക്കുന്നു.

 

വേജ് ബോര്‍ഡ് നടപ്പാക്കാനെന്ന പേരില്‍ കെ.പി.സി.സിയില്‍നിന്ന് പണം കൈപ്പറ്റിയെങ്കിലും മാര്‍ക്കറ്റിംഗ് തലപ്പത്തെ വനിതയുടെ ശമ്പളം മാത്രമാണ് കൂടിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഇതിനിടെ കെ.പി.സി.സി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീക്ഷണത്തിനെതിരെ ഉയര്‍ന്ന പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാര്‍ട്ടി പത്രമാണെങ്കിലും കോണ്‍ഗ്രസുകാരോ അനുഭാവികളോ നന്നേ കുറവാണെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫെബ്രുവരി 18 ന് ശേഷം വീക്ഷണത്തില്‍ പല തലകളും ഉരുളുമെന്നുറപ്പാണ്.