നാരായണന്‍ നായര്‍ക്ക് ചുവപ്പ് കാര്‍ഡ് കാട്ടുമോ?

നീതിയും നിയമവും തനിക്ക് തോന്നുംപടി നടത്തുന്ന ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ക്ക് തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി. സ്വകാര്യ സ്ഥാപനമായ കോളേജിന്റെ ഡയറക്ടര്‍ എന്ന പദവി ചുവന്ന നിറത്തില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ പതിച്ചാണ് തലങ്ങും വിലങ്ങും കറങ്ങി നടക്കുന്നത്.
K L- 01 -B Q -1682 എന്നതാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍.
2014 വാങ്ങിയ ഇന്നോവ നാരയണന്‍ നായരുടെ പേരില്‍ തിരുവനന്തപുരം ആര്‍.റ്റി.ഒ ഓഫിസിന് കീഴിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ വാഹനങ്ങളില്‍ ഏത് വകുപ്പിന്റേതെന്ന് ചുവന്ന അക്ഷരത്തില്‍ എഴുതാറുണ്ട്. വകുപ്പ് സെക്രട്ടറിമാര്‍ ഭരണത്തലവന്‍മാര്‍ തുടങ്ങി ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് മാത്രമെ പദവിപ്രദര്‍ശിപ്പിക്കാന്‍ നിയമനം അനുവാദം നല്‍കുന്നുള്ളു. ഇത് സംബന്ധിച്ച വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളും മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട് .
പക്ഷെ ഇതൊന്നും നിയമം പഠിപ്പിക്കുന്ന സ്ഥാപനമായ ലോ അക്കാദമിയുടെ ഡയറക്ടര്‍ അറിയാതിരിക്കാന്‍ വഴിയില്ല. ആരും ചോദ്യം ചെയ്യാന്‍ വരില്ലെന്ന ധാര്‍ഷഠ്യം തന്നെയാണ് ബോഡും പ്രദര്‍ശിപ്പിച്ച് നടക്കാന്‍ കാരണം. ഒരു കൊടിയുടെയും ബീക്കണ്‍ ലൈറ്റിന്റെയും കുറവ് മാത്രമെ നാരായണന്‍ നായരുടെ കാറിനുള്ളൂ.

നാരായണണ്‍ നായര്‍ നടത്തുന്നത് നഗ്‌നമായ നിയമ ലംഘനമാണെന്നാണ് മുന്‍ ട്രാന്‍സ്‌പ്പോര്‍ട്ട് കമ്മീഷണര്‍ റ്റോമിന്‍ ജെ. തച്ചങ്കരി വൈഫൈറിപ്പോര്‍ട്ടറോട് പറഞ്ഞു. പോലീസിനോ മോട്ടോര്‍ വാഹന വകുപ്പിനോ നിയമ നടപടിയെടുക്കാവുന്നതാണ്. ആദ്യഘട്ടത്തില്‍ ഫൈന്‍ അടപ്പിക്കാനും തുടര്‍ന്നും നിയമലംഘനം തുടരുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും അധികാരമുണ്ട്.

റോഡിന്റെ വളവുകളില്‍ മറഞ്ഞിരുന്ന് ഇരുചക്ര വാഹനങ്ങളിലെത്തുന്ന സാധാരണക്കാരെ ഒളിഞ്ഞിരുന്ന് പിടികൂടാനും ബാറുകളില്‍ നിന്ന് പുറത്തിറങ്ങുന്ന മദ്യപരെ ഓടിച്ചിട്ട് പിടിക്കാനും മാത്രമെ പോലീസിന് കഴിയുകയുള്ളോയെന്നാണ് പൊതുജനത്തിന്റെ സംശയം.