മലപ്പുറത്തെ അഞ്ച് വയസ്സിന് താഴെയുള്ള 95.75% ശതമാനം കുട്ടികളും പോളിയോ വാക്‌സിനെടുത്തു

ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങള്‍ ഫലംകണ്ടു.

മതപരമായ വിലക്കുകളും അറിവില്ലായ്മയും മൂലം കൃത്യസമയത്ത് വാക്‌സിനേഷന്‍ എടുക്കുന്നതില്‍ കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ പിന്നിലായിരുന്നു മലപ്പുറം ജില്ല. ഇത് മൂലം കുട്ടികളില്‍ പലരും രോഗ ബാധിതരായി മാറുന്ന അവസ്ഥയുമുണ്ടായി.

കഴിഞ്ഞ വര്‍ഷം ഡിഫ്തീരിയ ബാധിച്ചുള്ള മരണം കൂടി മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഇതിനായി ഒരു പ്രത്യേക ബോധവത്കരണ പരിപാടി തന്നെ വകുപ്പ് സംഘടിപ്പിച്ചു.

മതഅധ്യക്ഷന്‍മാരേയും രാഷ്ട്രീയ പാര്‍ട്ടികളേയും കൂട്ട് പിടിച്ചായിരുന്നു ക്യാപയിന്‍. ഇതില്‍ സാമൂഹിക പ്രവര്‍ത്തകരേയും നാട്ടിലെ യുവാക്കളുടെ ക്ലബുകളേയും സഹകരിപ്പിച്ചു. രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച ക്ലാസുകളും നല്‍കി. ഇതോടെയാണ് വാക്‌സിനേഷനുകള്‍ സംബന്ധിച്ച തെറ്റിധാരണകള്‍ മാറിയത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വര്‍ദ്ധനവാണ് വാക്‌സിനേഷന്‍ കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ബ്ലോക്ക് അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ ക്യാപയിനുകള്‍ സംഘടിപ്പിച്ചത്. ഇതും വിജയത്തിന് കാരണമായി. മലപ്പുറത്തിന്റെ നഗര ഭാഗങ്ങളില്‍ 95.75 ശതമാനവും ഗ്രാമ പ്രദേശങ്ങളില്‍ 95.74 ശതമാനം കുഞ്ഞുങ്ങളും പോളിയോ വാക്‌സിന്‍ രൂചിച്ചു. തങ്ങളുടെ കഠിന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ആരോഗ്യവകുപ്പ്