നീരജ് മാധവിന്റെ തിരക്കഥയില്‍ അജു കുശനും നീരജ് ലവനും

കൊച്ചി: യുവനടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നീരജും അജുവും ലവനും കുശനുമാകുന്നു. ബിജുമേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നി കോ ഞാ ചായ്ക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ലവ കുശ.

ചെന്നൈയില്‍ ചിത്രീകരണം തുടങ്ങി.  ചാരപ്രവര്‍ത്തനത്തിന്റെ കഥ കോമഡിയായാണ് അവതരിപ്പിക്കുന്നത്. സ്‌പൈ എന്ന് പറയുമ്പോള്‍ സാധാരണയുള്ള അന്വേഷണ ഏജന്‍സികളുടെയല്ല. കൂടുതല്‍ കാര്യങ്ങള്‍ സിനിമ കാണുമ്പോള്‍ മനസിലാകും. അജുവിന്റെ നിര്‍ബന്ധപ്രകാരമാണ് നീരജ് മാധവ് തിരക്കഥ എഴുതിയത്. ഗിരീഷ് യാദൃശ്ചികമായി ഈ പ്രോജക്ടിലേക്ക് വരുകയായിരുന്നു.

ലക്ഷ്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൈക്ക് പരിക്ക് പറ്റിയ ബിജുമേനോന്‍ വിശ്രമത്തിലാണ്. അതുകൊണ്ടാണ് അജുവും നീരജും തമ്മിലുള്ള ചെന്നൈയിലെ രംഗങ്ങള്‍ ആദ്യം ചിത്രീകരിക്കുന്നത്. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു. ചെന്നൈയ്ക്ക് പുറമേ പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലും ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിട്ടുണ്ട്.