വിദ്യാര്‍ഥി സമരം വിജയിച്ചു: തോറ്റത് സി.പി.എമ്മും എസ്.എഫ്‌ഐയും

താരോദയമായി കെ മുരളീധരന്‍

പ്രതിച്ഛായ നഷ്ടപ്പെട്ട് പിണറായി

ഇടത് പാര്‍ട്ടികളുടെ അഭിമാനമുയര്‍ത്തി സി.പി.ഐ

ജനപിന്തുണ നേടി ബി.ജെ.പിയും വി മുരളീധരനും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിരം രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിച്ചെഴുതിയും മാറ്റത്തിന് തുടക്കമിട്ടുമാണ് സംഘടന പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം അവസാനിച്ചത്.

ഊണും ഉറക്കവും ഉപേക്ഷിച്ച് 29 ദിവസം തുടര്‍ച്ചയായി ഒരു കോളജിലെ വിദ്യാര്‍ഥികള്‍ തോളോട് തോള്‍ ചേര്‍ന്ന് സമരം നയിച്ചതും വിജയത്തിലെത്തിച്ചതും കേരള രാഷ്ട്രീയ ചരിത്രത്തില്‍ അപൂര്‍വമാണ്. കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് എന്നീ സംഘടകള്‍ ചേര്‍ന്നുള്ള വിദ്യാര്‍ഥി ഐക്യവും എസ്.എഫ്.ഐയും എ.ബി.വി.പിയും പ്രത്യേകമായുമാണ് സമരരംഗത്തിറങ്ങിയത്. സമരം ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷമേ എസ്.എഫ്.ഐക്ക് രംഗപ്രവേശം ചെയ്യാനായുള്ളൂ.

എക്കാലങ്ങളിലും മുതലാളിത്തത്തിനും ദിളിത് പീഡനങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാറുള്ള പാര്‍ട്ടിയാണ് സി.പി.എം. എന്നാല്‍ സി.പി.എം നേതൃത്വ നല്‍കുന്ന ഭരണകൂടം വിദ്യാര്‍ഥികളെ തള്ളി മാനേജ്‌മെന്റിനൊപ്പം ഉറച്ചുനിന്നത് ചരിത്രത്തിലെ അപൂര്‍വതയായി. സി.പി.എം നേതാക്കള്‍ക്ക് അക്കാദമി ഡയറക്ടറായ നാരായണന്‍ നായരും മകളും പ്രിന്‍സിപ്പലുമായ ലക്ഷ്മി നായരുമായി എന്തോ അവിശുദ്ധബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്നതായി ഭരണകൂടത്തിന്റെയും സി.പി.എം നേതാക്കളുടെയും മൗനവും പിടിവാശിയും. ഇതുതന്നെയാണ് വിദ്യാര്‍ഥി പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കേണ്ടിയിരുന്ന എസ്.എഫ്.ഐയെ അക്കാദമി സമരത്തില്‍ ഒറ്റുകാരായി മാറ്റിയതും.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കും സ്വജനപക്ഷപാതത്തിലും ഗതികെട്ടുനിന്ന ജനത്തിന് എല്ലാ ശരിയാക്കാമെന്ന ഉറപ്പ് നല്‍കിയാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അക്കാദമിയിലെ വിദ്യാര്‍ഥി സമരം ഇടത് സര്‍ക്കാരിന്റെ ആത്മാര്‍ഥതയും സത്യസന്ധതയും ചോദ്യം ചെയ്യുന്നതായി. അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ ഒപ്പിട്ടു നല്‍കിയ തട്ടിക്കൂട്ട് കരാര്‍ ഉയര്‍ത്തിക്കാട്ടി സമരത്തില്‍നിന്ന് പിന്‍മാറിയ നടപടി എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ വിശ്വാസ്യത തകര്‍ത്തെന്നതില്‍ സംശയമില്ല. ദളിത് പീഡനവും സ്വജനപക്ഷപാതവുമടക്കം നിരവധി നിയമലംഘനങ്ങള്‍ ആരോപിക്കപ്പെട്ട ലക്ഷ്മി നായരെ സംരക്ഷിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ശ്വവര്‍ത്തികളും പരിഹാസ കഥാപാത്രങ്ങളായതും അക്കാദമി സമരത്തിന്റെ ബാക്കിപത്രമാണ്. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വി.എസ് അച്യുതാനന്ദന്‍ സമരപ്പന്തലിലെത്തിയതും സര്‍ക്കാരിന് പേരുദോഷമുണ്ടാക്കി.

 

കഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ പരാജയവും തുടര്‍ന്നുണ്ടായ പടലപ്പിണക്കങ്ങളിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം അക്കാദമി സമരം മൃതസജ്ഞീവനിയായിരുന്നു. പത്തുവര്‍ഷത്തിലേറെ സാമാജികനായി മാത്രം ചുരുങ്ങിയ കെ. മുരളീധരനെ നേതൃനിരയിലേക്കുയര്‍ത്തുന്നതിലും സമരം പ്രധാന പങ്ക് വഹിച്ചു. കാര്യമായ സംഘടന സംവിധാനമോ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതിപ്പോ ഇല്ലാതിരുന്ന കെ.എസ്.യു എന്ന വിദ്യാര്‍ഥി സംഘടനയ്ക്കും അക്കാദമി സമരം ആവേശം നല്‍കുന്നതാണ്.

 

സംസ്ഥാന രാഷ്ട്രീയത്തിലെ മൂന്നാം കക്ഷിയായ ബി.ജെ.പിയും വി.മുരളീധരന്‍ എന്ന നേതാവുമാണ് അക്കാദമി സമരത്തിലൂടെ ഏറ്റവുമധികം നേട്ടം കൊയ്തത്. വിദ്യാര്‍ഥികളുടേത് മാത്രമായ ഒരു സമരത്തെ സംസ്ഥാന ശ്രദ്ധയിലേക്കെത്തിക്കുന്നതിലും ബി.ജെ.പി പ്രധാനപങ്ക് വഹിച്ചു. സമരത്തിന് പിന്തുണനല്‍കി സമാന്തരമായി നിരാഹാരമനുഷ്ടിച്ച വി. മുരളീധരനും രാഷ്ട്രീയമായി ഏറെ നേട്ടമുണ്ടാക്കാനായി.

 

ഭരണകക്ഷിയായിട്ടും എ.ഐ.എസ്.എഫിനും വിദ്യാര്‍ഥികള്‍ക്കും പരസ്യപിന്തുണ നല്‍കിയ സി.പി.ഐ നേതാക്കളുടെ നിലപാട് ഇടത് പക്ഷത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതായി. സര്‍ക്കാരിന്റെ ഭാഗമായിട്ടും സമരത്തെ ഒറ്റുകൊടുക്കാന്‍ തയാറാകാതെ പിണറായി വിജയനെ വെല്ലുവിളച്ച സി.പി.ഐ വിദ്യാര്‍ഥികള്‍ക്കൊരുക്കിയ സംരക്ഷണം പ്രശംസനീയമായി. സി.പി.ഐയും അവരുടെ പത്രവും ഉയര്‍ത്തിയ വെല്ലുവിളികള്‍ മുന്നണി ബന്ധത്തെതന്നെ തകര്‍ക്കുന്ന തരത്തിലുള്ളതായി.

 

സമരത്തിനൊടുവില്‍ വിദ്യാര്‍ഥികളുടെ വഴിക്ക് സര്‍ക്കാരും മാനേജ്‌മെന്റും എത്തിയത് സി.പി.എമ്മിന്റെ ദൗര്‍ബല്യങ്ങളും മുദ്രാവാക്യങ്ങളിലെ തട്ടിപ്പും വ്യക്തമാക്കുന്നതായിരുന്നെന്നതില്‍ സംശയമില്ല.