ടോംസ് കോളേജിന് വേണ്ടി വ്യാജ റിപ്പോര്‍ട്ട്: ഫാദര്‍ ബേബി സെബാസ്റ്റ്യനെതിരെ നടപടിവേണമെന്ന് ആവശ്യം

കോട്ടയം: മറ്റക്കര ടോംസ് എൻജിനീയറിങ്ങ് കോളേജിന് എം.ജി സർവ്വകലാശാലയിൽ അഫിലിയേഷൻ ലഭിക്കാൻ വ്യാജ റിപ്പോർട്ട് തയ്യാറാക്കിയ സിൻഡിക്കേറ്റംഗം ഫാ: ബേബി സെബാസ്റ്യൻ തോണിക്കുഴി ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. വെറും 63 സെന്റിൽ മാത്രം പ്രവർത്തിച്ചിരുന്ന ടോംസ് കോളേജ് പത്തേക്കറിലാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഫാ: ബേബി സെബാസ്റ്റ്യൻ നേതൃത്വം നൽകിയ സിൻഡിക്കേറ്റ് സമിതി നൽകിയ റിപ്പോർട്ട്. ഇത്തരമൊരു റിപ്പോർട്ട് തയാറാക്കിയതിലൂടെ  സാമ്പത്തിക നേട്ടമടക്കമുള്ള പല വഴിവിട്ട ഇടപാടുകളുകളുണ്ടെന്നാണ് ദ വൈ ഫൈ റിപ്പോർട്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

പാലാ രൂപതാംഗമായ ഫാ. ബേബി സെബാസ്റ്റ്യൻ നിലവിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ ബർസാറാണ്. ഇവിടെ പ്രിൻസിപ്പൽ പദവിയിലിരിക്കെയാണ് ഇദ്ദേഹം എം.ജി സർവ്വകലാശാല സിൻഡിക്കേറ്റിൽ എത്തുന്നത്. പാലാ രൂപതയിലെ ഒരു വൈദികന് ഏറെ ബന്ധവും, നിയന്ത്രണവുമുള്ളതാണ് ടോംസ് കോളേജിന്റെ മാനേജ്മെന്റായ തിരുനിലത്ത് എജ്യൂക്കേഷണൽ ട്രസ്റ്റ് . ഈ വൈദീകന്റെ സ്വാധീനവും, വഴിവിട്ട ഇടപെടലുമാണ് ഫാ: ബേബി സെബാസ്റ്റ്യന്റെ വ്യാജ റിപ്പോർട്ടിന് പിന്നിൽ. 2014 മെയ് 27 ന് മറ്റക്കര ടോംസ് കോളേജിലെത്തിയ സിൻഡിക്കേറ്റ് സംഘത്തിന് കോളേജ് മാനേജ്മെന്റ് താമസ മൊരുക്കിയത് കുമരകത്തെ സ്റ്റാർ ഹോട്ടലിൽ. കായൽ സൗന്ദര്യവും കരിമീൻ രുചിയും നുകർന്ന സംഘം കൂടെ കുറച്ച് ചില്ലറയും വാങ്ങി. തുടർന്ന് ജൂൺ ആദ്യ യാഴ്ച കോളേജിന്റെ ചെയർമാനെ കാണാൻ സിൻഡിക്കേറ്റ് സമിതിയുടെ തലവനായ ഫാ. ബേബി സെബാസ്ത്യൻ എത്തി.

തുടർന്ന് ജൂൺ ഒൻപതിന് ടോംസ് കോളേജിന് ബി.ടെക് കോഴ്സ് നടത്താനുള്ള എല്ലാ സൗകര്യവും ഉണ്ടെന്ന് കാട്ടി നാലുപേജ് റിപ്പോർട്ട് നൽകി.  ഈ റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നിൽ വലിയ സാമ്പത്തിക ഇടപാട് നടന്നുവെന്നാണ് മാനേജ്മെന്റിലെ ചിലർ പറയുന്നത്. കൊഴുവനാൽ സബ് രജിസ്ട്രാർ ഓഫീസ് പരിധിയിൽ ഉള്ള പത്തേക്കറിൽ കോളജിനാവശ്യമായ കെട്ടിടം. ഇനിൽ 400 ചതുരശ്ര മീറ്റർ ലൈബ്രറി , 200 ചതുര ശ്ര മിറ്റർ വലിപ്പത്തിൽ ലാബ് , 64 ചതുരശ്ര മീറ്റർ വലിപ്പമുള്ള 16 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവയുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ കടലാസിലല്ലാതെ ഒന്നുമുണ്ടായിരുന്നില്ല. ഈ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് സാങ്കേതിക സർവ്വകലാശാലയുടെ അഫിലിയേഷനും ടോംസ് കോളേജ് നേടിയത്.

ടോം സിന്റെ അഫിലിയേഷനായി വഴിവിട്ട നടപടികൾ സ്വീകരിച്ച ഫാ: ബേബി സെബാസ്റ്റ്യനെതിരെ നടപടി വേണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്. എന്നാൽ ഏറെ പ്രബലമായ പാലാ രൂപതയിലെ ഈ വൈദീകന്റെ പിന്നിലുറച്ച് നിൽക്കുകയാണ് അധിക്യതരും.