ഭിന്നലിംഗക്കാരുടെ പൗരോഹിത്യം: മെത്രാപ്പോലീത്തയുടെ നിലപാട് വെറും തട്ടിപ്പെന്ന് വിശ്വാസികള്‍

ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഇല്ല

175 വര്‍ഷം പഴക്കമുള്ള സഭയില്‍ ഇന്നുവരെ ഒരു ദളിതനെപ്പോലും ബിഷപ്പ് ആക്കിയിട്ടില്ല

ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്ക് സ്‌നാനവും പൗരോഹിത്യവും വിലക്കിയിട്ടില്ലെന്നും വിശുദ്ധ വേദപുസ്തകം ഇത് വ്യക്തമാക്കുന്നതായും ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറയമ്പോഴും സഭയില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് മാറ്റം വരുത്തുന്നതിനെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുന്നു.
ഫിലിപ്പോസ് എന്ന ഷണ്ഡനെ സ്‌നാനപ്പെടുത്തി എന്നൊക്കെ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറയുമ്പോഴും എന്തുകൊണ്ടാണ് മാരാമണ്‍ കണ്‍വെന്‍ഷനുകളിലെ രാത്രികാല യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെക്കുറിച്ച് സഭ ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഭിന്ന ലിംഗക്കാരെ ദുര്‍വ്യാഖ്യാനം നടത്തി അവരെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന പ്രവണത തള്ളികളയണമെന്ന് മെത്രാപ്പോലീത്ത പറയുമ്പോഴും മാര്‍ത്തോമ്മ സഭയിലെ സ്ത്രീകളെ സഭയുടെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ച് സബ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. മാരാമണ്‍ കണ്‍വെന്‍ഷന്റെ രാത്രി കാല യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചര്‍ച്ചപോലും കൂടാതെ ചവറ്റുകുട്ടയില്‍ എറിയുകയായിരുന്നു.

ക്രിസ്തീയ സ്‌നേഹത്തിന്റെയും സാമൂഹിക നീതിയുടെയും സന്ദേശങ്ങളെക്കുറിച്ച് സഭാമെത്രാപ്പോലീത്ത വായ്ത്താരിയിടുമ്പോഴും അടിസ്ഥാന പ്രശ്‌നങ്ങളില്‍ സഭ ഇപ്പോഴും ഒളിച്ചുകളി തുടരുകയാണ്. എന്തുകൊണ്ടാണ് മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രികാല യോഗങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ഒരു നിലപാട് സഭ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്ത്രീ സമത്വത്തെക്കുറിച്ചും ലിംഗ നീതിയെക്കുറിച്ചുമുള്ള സഭയുടെ നിലപാട് വെറും തട്ടിപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണഘടന സ്ത്രീകള്‍ക്ക് അനുശാസിക്കുന്ന തുല്യ നീതി നടപ്പാക്കാന്‍ തയ്യാറാകാത്ത സഭ ഭിന്ന ലിംഗക്കാര്‍ക്ക് പൗരോഹിത്യം നല്‍കുമെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല.

ദളിത് പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സഭയുടെ ഉന്നതാധികാര സമിതിയിലോ ബിഷപ്പ് ആകാനോ പോലും ഇനിയും കഴിഞ്ഞിട്ടില്ല. മാര്‍ത്തോമ്മാ സഭ പുതുതായി തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നാല് വൈദികരില്‍ ഒരാളെപ്പോലും ദളിത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തിയിട്ടില്ല. നവീകരണ സഭ എന്ന അവകാശപ്പെടുമ്പോഴും മാര്‍ത്തോമ്മാ സഭ ഇന്നുവരെ ദളിത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സഭയില്‍ അര്‍ഹമായ അംഗീകാരങ്ങളോ സ്ഥാനമാനങ്ങളോ നല്‍കിയിട്ടില്ല. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക അനധ്യാപക നിയമനങ്ങളില്‍പ്പോലും വേണ്ടത്ര പരിഗണന ഇവര്‍ക്ക് നല്‍കാറുമില്ല.

മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനുവേണ്ടി മെത്രാപ്പോലീത്ത നടത്തിയ ഒരു തട്ടിപ്പ് പ്രസംഗമായിട്ട് മാത്രമായിട്ടാണ് വിശ്വാസികള്‍ ഇതിനെ വിലയിരുത്തുന്നത്.
എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ത്തുന്നവരെ ഭീഷണിപ്പെടുത്തുകയും പുറത്താക്കുകയും ചെയ്യുന്ന നിലപാടുള്ള ഇദ്ദേഹത്തിന്റെ വാക്കുകളെ വിശ്വാസികള്‍ ഗൗരവമായി എടുക്കുന്നില്ല.