ഐപിഎല്‍ ലേലം അന്തിമ പട്ടികയായി

ഈ മാസം 19ന് നടക്കുന്ന ഐ പി എല്‍ മൂന്നാം ഘട്ട ലേലത്തിന്റെ അന്തിമ പട്ടികയായി. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച 96 കളിക്കാരില്‍ നിന്ന് 51പേരുടെ പട്ടികയാണ് വിവിധ ഫ്രാഞ്ചൈസികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍ ന്യൂസിലന്‍ഡ് ഓള്‍ റൌണ്ടര്‍ ക്രിസ് കെയിന്‍സിനെ നേരത്തേ ഒഴിവാക്കിയിരുന്നു.

ഇംഗ്ലണ്ട് താരങ്ങളുടെ അസാന്നിധ്യമാണ് ലേലത്തിലെ ശ്രദ്ധേയമായത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനയാണ് ഇംഗ്ലീഷ് താരങ്ങളുടെ അസാന്നിധ്യത്തിന് കാരണമെന്നാണ് ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ വിശദീകരണം. എട്ട് ഇംഗ്ലീഷ് താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഇവരെ മത്സരസമയത്ത് വിട്ടുകിട്ടുമോ എന്ന ആശങ്കയും ചിലകളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ക്ക് താല്‍പര്യമില്ലാത്തതുമാണ് ഇംഗ്ലീഷ് താരങ്ങളുടെ അസാന്നിധ്യത്തിന് കാരണമായി പറയുന്നത്.

പുതിയ ലിസ്റ്റില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് 11കളിക്കാര്‍ ഉള്‍പ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്ക (9), ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് (8 വീതം), പാകിസ്ഥാന്‍ (7), ന്യൂസിലന്‍ഡ് (4), ബംഗ്ലാദേശ്, കാനഡ, ഹോളണ്ട്, സിംബാബ്വേ (ഒന്ന് വീതം) കളിക്കാരാണ് അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളത്.

വെടിക്കെട്ട് ബാറ്റ്സ്മാന്‍ കെയ്റോണ്‍ പൊളാര്‍ഡ്, ഷെയിന്‍ ബോണ്ട്, മുഹമ്മദ് അമീര്‍, ഷാഹിദ് അഫ്രീദി, ഉമര്‍ അക്മല്‍, പീറ്റര്‍ സിഡില്‍, ബ്രാഡ് ഹാഡിന്‍, ഡൌ ബോളിംഗര്‍, ഷക്കിബ് അല്‍ ഹസന്‍ എന്നിവരാണ് ലിസിറ്റില്‍ ഇടം പിടിച്ചിട്ടുള്ള പ്രമുഖര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കുറഞ്ഞ നിരക്കിലായിരിക്കും ലേലം. ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 750,000 ഡോളറായിരിക്കും.