ഭക്ഷ്യവസ്തുക്കളില്‍ പരിധിക്കു മുകളില്‍ വിഷാംശം

തിരുവനന്തപുരം: മലയാളിയുടെ ഭക്ഷണത്തില്‍ രുചിയ്ക്കായി ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളില്‍ നിശ്ചയിച്ച പരിധിക്കു മുകളില്‍ വിഷാംശം കണ്ടെത്തി. ഏലയ്ക്ക, വറ്റല്‍മുളക്, മുളക്‌പൊടി, ചതച്ചമുളക്, ജീരകപൊടി, ജീരകം, ഗരംമസാല, ചുക്ക്‌പൊടി, കാശ്മീരി മുളകുപൊടി, ഉലുവയില, പെരുംജീരകം എന്നിവയിലാണ് വിഷാംശം കണ്ടെത്തിയത്.

കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കാമ്പസിലുള്ള കീടനാശിനി അവശിഷ്ട പരിശോധനശാലയില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. അന്താരാഷ്ട്ര നിലവാരത്തില്‍ കേരളത്തിലുള്ള ഏക പൊതുമേഖലാ കീടനാശിനി അവശിഷ്ട പരിശോധനാ ലാബോറട്ടറിയാണ് വെള്ളായണിയിലേത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസ കാലയളവില്‍ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലമണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

വിവിധ ജില്ലകളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍/ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 27 ഇനം പച്ചക്കറികളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിഷ്‌കര്‍ഷിച്ച പരിധിക്കു മുകളിലോ പരിധിക്ക് താഴെയോ, പരിധി നിശ്ചയിച്ചിട്ടില്ലാത്തതോ ആയവിഷാംശം കണ്ടെത്തിയത് കറിവേപ്പില, പച്ച മുളക്, പുതീന ഇല, മല്ലിയില, പയര്‍ എന്നിവയുടെ സാമ്പിളുകളില്‍ ആണ്. ശേഷിച്ചവ പൂര്‍ണ്ണമായും വിഷരഹിതമായി കാണപ്പെട്ടു.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ നഗരങ്ങളിലെ ജൈവപച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നും ശേഖരിച്ച 27 ഇനം പച്ചക്കറി സാമ്പിളുകളില്‍ കറിവേപ്പില, പച്ചമുളക്, പുതീനഇല എന്നിവയുടെ സാമ്പിളുകളില്‍ നിഷ്‌കര്‍ഷിച്ച പരിധിക്ക് മുകളിലോ പരിധി നിശ്ചയിച്ചിട്ടില്ലാത്തതോ ആയ വിഷാംശം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുന്നു.പഴവര്‍ഗ്ഗ സാമ്പിളുകളില്‍ സിംല ആപ്പിളിന്റെ സാമ്പിളില്‍ മാത്രമാണ് വിഷാംശം കണ്ടതെങ്കില്‍ ഉണങ്ങിയ പഴങ്ങളില്‍ മഞ്ഞ മുന്തിരിയിലാണ് വിഷാംശം കണ്ടത്.