ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം മുഖ്യമന്ത്രിയുടെ ബഹറിന്‍ സന്ദര്‍ശനത്തിനുള്ള ഉപകാരസ്മരണയോ?

 

* പദ്ധതിക്ക് പിന്നില്‍ ഡാന്‍സ് ബാര്‍ മുതലാളി വര്‍ഗീസ് കുര്യന്‍

* യോഹന്നാന് പണം നല്‍കി ചെറുവള്ളി ഏറ്റെടുക്കാനും നീക്കം

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ പേരില്‍ പത്തനംതിട്ടയില്‍ ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനാത്താവളത്തിന് പിന്നില്‍ പ്രവാസി വ്യാവസായിയായ വര്‍ഗീസ് കുര്യനെന്ന് സൂചന. ബുധാനാഴ്ച നടന്ന മന്ത്രിസഭയോഗമാണ് പത്തനംതിട്ട കേന്ദ്രമായി വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹറിന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടന്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വിമാനത്താവളത്തിന് തിരക്കിട്ട് അനുമതി നല്‍കിയത്. ഡാന്‍സ് ബാര്‍ നടത്തിപ്പുകാരനും പിന്നീട് ബില്‍ഡറുമായി മാറിയ വര്‍ഗീസ് കുര്യനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹറിന്‍ സന്ദര്‍ശനത്തിന് ആഥിത്യമരുളിയത്. ബഹറിനില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയെന്നോണമാണ് മന്ത്രിസഭ യോഗം വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി നല്‍കിയതും സാധ്യതാപഠനത്തിന് കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തിയതും.

എല്ലാക്കാലത്തും ഭരണാധികാരികളോളും ഭരണ സംവിധാനത്തോടും അടുത്തുനില്‍ക്കാറുള്ള വര്‍ഗീസ് കുര്യനെ വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായിരുന്ന കാലത്ത് പ്രവാസി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഇതിനിടെ ട്രാവന്‍കൂര്‍ എയറോപോളീസ് ലിമിറ്റഡ് എന്ന തട്ടിപ്പ് കമ്പനിയുമായി രാജീവ് ജോസഫ് എന്നയാള്‍ വിമാനത്താവളം ആരംഭിക്കുന്നെന്ന പ്രഖ്യാപനവുമായി അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇയാളുടെ മുന്‍കാല തട്ടിപ്പുകളും പ്രവര്‍ത്തനത്തിലെ ദുരൂഹതയും സംബന്ധിച്ച് വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പദ്ധതിക്ക് സമ്മതം മൂളാതിരുന്നത്.

ആറന്‍മുള വിമാനത്താവളം വിവാദത്തിലാകുകയും നടപ്പാകാതെ പോകുകയും ചെയ്ത പശ്ചാത്തലത്തില്‍ പുതിയ പദ്ധതിയുടെ പ്രചാരത്തിനായി രാജീവ് ജോസഫ് ലക്ഷങ്ങളാണ് സംസ്ഥാനത്തെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും നല്‍കിയത്. 50 ലക്ഷത്തോളം മുടക്കി കൈരളി ചാനലിന് വേണ്ടി പത്തനംതിട്ടയില്‍ ഇയാള്‍ സ്റ്റേജ്‌ഷോയും സംഘടിപ്പിച്ചിരുന്നു. ഇയാള്‍ക്ക് തട്ടിക്കൂട്ട് പുരസ്‌കാരം ലഭിച്ചത് സംബന്ധിച്ച വാര്‍ത്തകള്‍ പണവും പരസ്യവും  കൈപ്പറ്റിയ ചാനലുകളില്‍ തുടര്‍ച്ചയായി വന്നതും ദുരൂഹത വര്‍ധിപ്പിച്ചു. ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുള്ള സി.പി.എം ചാനലിലെ പ്രമുഖന്‍ രജീവ് ജോസഫിന് വേണ്ടി ചരട് വലിയുമായി രംഗത്തിറങ്ങിയതും സംശയത്തിനിടയാക്കി.

എയറോപോളീസിന്റെ വിമാനത്താവള പദ്ധതി നടപ്പാകില്ലെന്ന് ഉറപ്പായതിന് പിന്നാലെയാണ് ഗ്രീന്‍ഫീല്‍ഡെന്ന പുതിയ പദ്ധതിയുമായി വര്‍ഗീസ്‌കുര്യന്റെ നേതൃത്വത്തില്‍ വ്യാവസായ പ്രമുഖര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹറിന്‍ സന്ദര്‍ശനത്തിനിടെ വിവാദ വ്യവസായിയെന്ന് വി.എസ് അച്യുതാനന്ദന്‍ അഭിസംബോധന ചെയ്ത ഫാരീസ് അബൂബേക്കറിന്റെ സാന്നിധ്യവും പ്രവാസി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ ആറന്മുളയില്‍ കൈപൊള്ളിയ കെ.ജി.എസ് ഗ്രൂപ്പും പത്തനംതിട്ടയിലെ വിമാനത്താവളത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്.

വിമാനത്താവളത്തിനായി യോഹന്നാന്റെ ചെറുവള്ളി എസ്‌റ്റേറ്റാണ് സംരഭകരും സര്‍ക്കാരും ലക്ഷ്യം വയ്ക്കുന്നതെങ്കിലും ഭൂമി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പിലും എവിടെയാണ് സാധ്യതാ പഠനം നടത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കെ.പി യോഹന്നാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവള പദ്ധതിക്ക് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് പകരമായി വിമാനത്താള പദ്ധതിയുമായെത്തുന്ന കമ്പനി ബിഷപ്പ് കെ.പി യോഹന്നാന് രഹസ്യമായി പണം കൈമാറും. കോടതിയില്‍ ചെറുവള്ളി എസ്‌റ്റേറ്റ് സംബന്ധിച്ചുള്ള കേസില്‍ സര്‍ക്കാരിന് അനുകൂലമായി വിധി വരാനിരിക്കെ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ യോഹന്നാണ് സാമ്പത്തിക ലാഭമുണ്ടാകുന്ന തരത്തിലുള്ള ഒത്തു തീര്‍പ്പിലേക്ക് നീങ്ങുന്നത് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കൂടുതല്‍ വിവാദത്തിലാക്കുമെന്നതില്‍ സംശയമില്ല.