സ്ത്രീസുരക്ഷാ സംവിധാനങ്ങൾ കടലാസിൽ ഉറങ്ങുന്നു; ഉണർത്തണമെങ്കിൽ മറ്റൊരു നിർഭയകൂടി പൊലിയേണമോ

രാജ്യ മനസാക്ഷിയെ  ഞെട്ടിച്ച ഡൽഹിയലെ നിർഭയ സംഭവത്തിന് ശേഷം സ്ത്രീ സുരക്ഷക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ പ്രഖാപിച്ചു.ഇത്തരത്തിൽ കൊട്ടിഘോഷിച്ച് തുടങ്ങിയ പല പദ്ധതികളും കടലാസിൽ ഉറങ്ങുമ്പോൾ തെരുവിൽ അപമാനിക്കപ്പെടുന്നത് സ്ത്രീത്വമാണ് .

കൊച്ചി നഗരത്തിൽ വെച്ച് പ്രശസ്തയായ സിനിമാ നടി അപമാനിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് വേണമെങ്കിൽ വാദിക്കാം .പക്ഷെ പിങ്ക് പോലീസ് ,നി‌ർഭയ എന്നിങ്ങനെ പലപേരുകളിൽ പ്രഖ്യാപിക്കപ്പെട്ട സ്ത്രീ സുരക്ഷ  പദ്ധതികളുടെ കാര്യക്ഷമത എത്രത്തോളമാണ് എന്നതിലേക്ക്  സംഭവം വെളിച്ചം വീശുന്നു.

പ്രണയ ദിനത്തിൽ പാർക്കുകളിൽ ഇരുന്ന് സംസാരിക്കുന്നവരെ  ഒാടിച്ചിട്ട് പിടിച്ച് സാരോപദേശം നൽകുകയും അരെയങ്കിലും കാത്ത്  ബസ് സ്റ്റോപ്പുകളിൽ അധികനേരം നിൽക്കുന്ന പെൺകുട്ടികളെ നിർബന്ധിച്ച്  പറഞ്ഞയക്കുകയും ചെയ്യുന്ന  പിങ്ക് പോലീസിൻ്റെ നാലാം കിട സദാചാരബോധത്തെ ബോധത്തെ സ്ത്രീ സുരക്ഷയായി തെറ്റി ധരിക്കരുത് .

യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് ഏറെ പ്രതീക്ഷയോടെ അരംഭിച്ച നിർഭയ കേരളം സുരക്ഷിത കേരളം പ്രോജക്റ്റിൻ്റെ  ഇന്നത്തെ അവസ്ഥ എന്താണ്  . പ്രാരംഭ ഘട്ടത്തിൽ കൊച്ചി നഗരത്തിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ തുടങ്ങിയ  പദ്ധതി മാർഗരേഖയിൽ അതിമനോഹരമായിരുന്നു.കോർപ്പറേഷനിലെ  എഴുപത്തിനാല് ഡിവിഷനുകളിൽ നിന്ന്  120 സ്ത്രീ വോളണ്ടീയർമാരെ തിരഞ്ഞെടുത്തിരുന്നു.നിശിതമായ ഇൻ്റർവ്വ്യുകൾക്ക് ശേഷം കണ്ടെടുത്ത  ഇവരുടെ ദൗത്യം രാത്രി സമയങ്ങളിൽ നഗരത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കലായിരുന്നു.

ഡൽഹി സംഭവത്തിൻ്റെ ചൂടാറിയപ്പോൾ നിർഭയ കേരളം സുരക്ഷിത കേരളവും അവസാനിച്ചു.  പദ്ധതി പ്രവർത്തിക്കനാവശ്യമായ  സാമ്പത്തിക സഹായം സർക്കാരിൽ നിന്ന് അവസാനിച്ചതാണ് കാരണം .

തിരുവന്തപുരം നഗരത്തിലെ സ്ത്രീ സുരക്ഷക്കായി അരംഭിച്ച ഐ സേഫ് എന്ന പദ്ധതിയുടെയും അവസ്ഥയും ഇതൊക്കെ തന്നെ.സോഫ്റ്റെവെയർ രംഗത്ത അതികായകൻമാരായ യു എസ് റ്റി ഗേളോബലുമായി  ചേർന്ന് പോലീസ് അരംഭിച്ച പ്രോജക്റ്റ് ആശയ തലത്തിൽ വളരെ മികച്ചതായിരുന്നു. അപകടഘട്ടത്തിലാകുന്ന വനികൾക്ക് മൊബൈൽ ആപ്ളിക്കേഷൻ വഴി പോലീസ് സഹായം അഭ്യർത്ഥിക്കാനുള്ള സാങ്കേതിക വിദ്യ .ജി.പി എസ്  സംവിധാനം വഴി സ്ഥലം മനസിലാക്കി പോലീസ് സഹായം ഉടൻ എത്തിക്കുന്നു. ഇതൊന്നും നടപ്പിലായില്ല എന്നുമാത്രം .

എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പിങ്ക് പോലീസ് പൂർണ്ണ പ്രവർത്തന ക്ഷമതയിൽ ആയിട്ടില്ലെന്നാണ് ഒൗദ്യോഗീക വിശദീകരണം . രാത്രിയാകുന്നതോടെ പണി അവസാനിപ്പിച്ച് വീട്ടിൽ പോവുകയാണ് ഇവരിപ്പോൾ ചെയ്യുന്നത് .പിങ്ക് പോലീസിൻ്റെ  ഇപ്പോഴത്തെ കാര്യക്ഷമത എന്തിലാണെന്ന നേരത്തെ പറഞ്ഞതാണ് .

1644 പീഡനക്കേസുകളാണ് 2016ൽ രജിസ്ട്രർ ചെയ്യപ്പെട്ടത് മുൻ വർഷത്തിൽ ഇത് 1263 അണെന്ന് ഒാർക്കണം .

അപകടം നേരിടുന്നവർക്ക് തുണയാകേണ്ട  ഹെൽപ്പലൈൻ നംമ്പർ  പ്രവർത്തിക്കുന്ന് പോലുമില്ല.ഇതൊരു കുറ്റ സമ്മതമായി ഡിജിപി പറയുന്നുമുണ്ട് .ഇവിടെ അപകടം നടന്നതിന് ശേഷമുള്ള എത് കുറ്റ സമ്മതത്തിനാണ് പ്രസക്തി

സുരക്ഷ ഒരുക്കേണ്ടവരുടെ  കണ്ണ് തുറക്കണമെങ്കിൽ ഇനി ഇവിടെ മറ്റൊരു നിർഭയകൂടി സൃഷ്ട്ടിക്കപ്പെടണമോ.