നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വൈക്കം വിജയലക്ഷ്മി പിന്‍മാറി

കണ്ണൂര്‍: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറുന്നെന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി. തൃശൂര്‍ സ്വദേശി സന്തോഷുമായാണ് വിജയലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. അടുത്തിടെ സന്തോഷിന്റെ സ്വഭാവത്തിലുണ്ടായ മാറ്റമാണ് പിന്‍മാറ്റത്തിന് കാരണമെന്ന് വിജയലക്ഷ്മി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.  മാര്‍ച്ച് മാസം 29-നാണ് സന്തോഷുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.
വിവാഹശേഷം സംഗീത പരിപാടി നടത്താന്‍ പാടില്ലെന്നും വേണമെങ്കില്‍ ഏതെങ്കിലും സ്‌കൂളില്‍ സംഗീത അധ്യാപികയായി ജോലി നോക്കാമെന്നുമുള്ള സന്തോഷിന്റെ നിലപാടുമായി പൊരുത്തപ്പെടാനാകില്ലെന്ന് വിജയലക്ഷ്മി പറഞ്ഞു.  വിവാഹശേഷം തന്റെ വീട്ടില്‍ത്തനെ താമസിച്ചോളാന്‍ സന്തോഷ് അനുവാദം തന്നിരുന്നു. എന്നാല്‍ ഇതും പിന്നീട്മാറ്റുകയായിരുന്നു. സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്നാണ് ഇപ്പോള്‍ പറയുന്നത്-  വിജയലക്ഷ്മി പറഞ്ഞു.
വിവാഹം ആലോചിച്ച് വിജയലക്ഷ്മി നല്‍കിയ പത്രപ്പരസ്യത്തോട് നിരവധിപേര്‍ പ്രതികരിച്ചിരുന്നെങ്കിലും സന്തോഷിനെ വിജയലക്ഷമി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. വിജയ ലക്ഷ്മിയുടെ സംഗീത ജീവിതത്തിന് തടസമുണ്ടാക്കരുതെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചു തന്നതാണെന്നും വിജയലക്ഷമിയുടെ പിതാവ് വി. മുരളീധരനും പറഞ്ഞു. ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.
അടുത്തിടെ ഹോമിയോ ചികിത്സയിലൂടെ വിജലക്ഷ്മിയുടെ കാഴ്ചശക്തി വര്‍ധിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയും പുറത്തുവന്നത്. സെല്ലുലോയിഡ് എന്ന സിനിമയിലൂടെയാണ് വൈക്കം വിജയലക്ഷ്മി പിന്നണിഗായികയാകുന്നത്. കാറ്റേ കാറ്റേ എന്ന ആ പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യക ജൂറി പുരസ്‌കാരവും വിജയലക്ഷ്മിക്ക് ലഭിച്ചു. തൊട്ടടുത്ത വര്‍ഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.