അമ്മമാരുമില്ല ആയമാരുമില്ല; നടിമാര്‍ക്ക് സ്വാതന്ത്ര്യം കൂടി

തിരുവനന്തപുരം: ആയമാരും അമ്മമാരും കൂടെയില്ലാത്തത് കൊണ്ട് നടിമാര്‍ക്ക് സ്വാതന്ത്ര്യം കൂടിയെങ്കിലും സുരക്ഷയും കരുതലും ആശ്വാസവും കുറഞ്ഞെന്നും വിമര്‍ശനം. താരസംഘടനയായ അമ്മയിലെ നടിമാരുടെ ഇമെയില്‍ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം പറയുന്നത്. പണ്ട് നടിമാര്‍ മദ്രാസില്‍ നിന്ന് കേരളത്തില്‍ വരുമ്പോഴും ഇവിടെ നിന്ന് അങ്ങോട്ട് പോകുമ്പോഴും ആയമാര്‍ കൂട്ടിനുണ്ടാകുമായിരുന്നു. ഉര്‍വശിയൊക്കെ ഇപ്പോഴും ആയമാരെ കൊണ്ടാണ് ഷൂട്ടിംഗിന് പോകുന്നത്. കല്‍പ്പനയും അങ്ങനെയായിരുന്നു. അംബികയുടെ കൂടെ അമ്മ കല്ലറ സരസമ്മ എപ്പോഴുമുണ്ടായിരുന്നു. അമ്മമാരും ആയമാരും സദാസമയും ഹോട്ടലിലും ഷൂട്ടിംഗ് സ്ഥലത്തും നടിമാര്‍ക്കൊപ്പം ഉണ്ടാകുമായിരുന്നു. എവിടെ പോയാലും ആയമാര്‍ നടിമാര്‍ക്കൊപ്പം ഉണ്ടാകുമായിരുന്നെന്നും പഴകാല നടികള്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്ത കാലത്തായി പലനടികളും തനിച്ചാണ് യാത്രയും താമസവും. ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും നമ്മള്‍ മുന്‍കരുതല്‍ എടുക്കണമായിരുന്നെന്നും ചര്‍ച്ചയില്‍ ഒരു മുതിര്‍ന്ന നടി അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച് കഴുയുമ്പോഴേക്കും നായികമാരില്‍ പലരും ഡ്രൈവറെ നിയമിക്കും. ഡ്രൈവര്‍ പിന്നീട് മാനേജരുമാകും. പിന്നെ ടച്ചപ്പ് ബോയി, പഴ്സണല്‍ മേക്കപ്പ്മാന്‍ തുടങ്ങിയ പരിവാരങ്ങള്‍ വേറെ. ഇവരെല്ലാം ചെറുപ്പക്കാരായ ആണ്‍കുട്ടികളായിരിക്കും. അത് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്നും സീനിയറായ നടിമാര്‍ ചൂണ്ടിക്കാട്ടി.