കുടുംബശ്രീ മാതൃക ഇനി ലക്ഷദ്വീപിലും

 

കുടുംബശ്രീ മാതൃക ലക്ഷദ്വീപിലും നടപ്പാക്കുന്നു. കേരളത്തിലെ സ്ത്രീശാക്തീകരണ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ലക്ഷദ്വീപിലും നടപ്പാക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയിലും ലക്ഷദ്വീപിലുമായി നടന്ന ഉന്നതതല ചര്‍ച്ചയില്‍ തീരുമാനമായി. ധാരണാപത്രം ഒപ്പുവയ്ക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലാണ്.

ലക്ഷദ്വീപിലെ കവരത്തി, കടമാട്ട്, അമീനി, അഗത്തി എന്നീ ദ്വീപുകളിലാണ് ആദ്യഘട്ടത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ ഭാഗമായി ഇവിടെയും സ്ത്രീകളുടെ സ്വയംസഹായ ഗ്രൂപ്പുകളുടെ രൂപീകരണവും ഉപജീവനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയുമാണ് കുടുംബശ്രീ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ കീഴില്‍ ഇതരസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മെന്റര്‍മാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.

ഒരു ദ്വീപില്‍ ഒരാള്‍ എന്ന നിലയ്ക്കാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുക. ധാരണാപത്രം ഒപ്പു വയ്ക്കുന്ന മുറയ്ക്ക് ലക്ഷദ്വീപില്‍ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ള കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കും. പത്തു ദ്വീപുകളുള്ള ലക്ഷദ്വീപില്‍ പദ്ധതി തുടങ്ങി ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ മറ്റു നാലു ദ്വീപുകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം മാര്‍ച്ച് അവസാനം കേരളത്തിലെത്തി കുടുംബശ്രീ മുഖേന നടപ്പാക്കിയ കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലെ വിജയിച്ച മാതൃകകള്‍ സന്ദര്‍ശിക്കും.

നിലവില്‍ പതിനൊന്നോളം സംസ്ഥാനങ്ങളില്‍ കുടുംബശ്രീ മാതൃക നടപ്പാക്കി വരികയാണ്. ഇതാദ്യമായാണ് കേന്ദ്രഭരണ പ്രദേശത്ത് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.