വെള്ളാപ്പള്ളി വിരുദ്ധര്‍ക്ക് പുതിയ സംഘടന

എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ വെള്ളാപ്പള്ളി വിരുദ്ധര്‍ ഒന്നിച്ചു പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. സി.പി.എമ്മിന്റെ പരോക്ഷ പിന്തുണയോടെ പ്രൊഫ. എം.കെ സാനുവിന്റെ നേതൃത്വത്തിലാണ് പുതിയ സംഘടനയ്ക്ക് ഇന്നലെ കൊച്ചിയില്‍ രൂപം നല്‍കിയത്.

ശ്രീനാരായണ സഹോദര സംഘമെന്ന പേരിലാണ് പുതിയ സംഘടന പിറന്നത്. എസ്.എന്‍.ഡി.പി യോഗം മുന്‍ ഭാരവാഹികളായ ഗോകുലം ഗോപലനും സി.കെ വിദ്യാസാഗറും അഡ്വ. കെ ഗോപിനാഥനുമാണ് സംഘടനയുടെ നേതൃനിരയിലുള്ളത്. വെള്ളാപ്പള്ളി നടേശനുമായി തെറ്റിനില്‍ക്കുന്ന എസ്.എന്‍.ഡി.പി നേതാക്കളെയും ഘടകങ്ങളെയും അണിനിരത്തിക്കൊണ്ട് സംഘടന ശക്തിപ്പെടുത്താനാണ് തീരുമാനം. 14 ജില്ലകളിലേക്കും ശ്രീനാരായണ സഹോദര സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപിക്കും. ജില്ലാ നേതൃത്വത്തിന് കീഴില്‍ താലൂക്ക്, മേഖലാ കമ്മിറ്റികള്‍ രൂപീകരിക്കുകയാണ് ആദ്യലക്ഷ്യം.കൊച്ചിയില്‍ ചേര്‍ന്ന രൂപീകരണ സമ്മേളനത്തില്‍ സംഘടനയുടെ മുഖ്യരക്ഷാധികാരിയായി എം.കെ സാനുവിനെ തെരഞ്ഞെടുത്തു.

ഡോ. സി.കെ രാമചന്ദ്രന്‍, ജസ്റ്റിസ് സുകുമാരന്‍ എന്നിവരാണ് രക്ഷാധികാരികള്‍. ഗോകുലം ഗോപാലന്‍ ചെയര്‍മാനും മുന്‍ യോഗം പ്രസിഡന്റ് സി.കെ വിദ്യാസാഗര്‍, അഡ്വ. കെ ഗോപിനാഥന്‍ എന്നിവര്‍ വര്‍ക്കിങ് ചെയര്‍മാന്‍മാരുമാണ്. എന്‍.വി പ്രേമചന്ദ്രനാണ് ജനറല്‍ കണ്‍വീനര്‍. ഡോ. യശോദരന്‍, പ്രഫ. ചിത്രാംഗദന്‍, കിളിമാനൂര്‍ ചന്ദ്രബാബു, ഡോ. അടൂര്‍ രാജന്‍ (വൈസ് ചെയര്‍മാന്മാര്‍), ഷാജി വെട്ടൂരാന്‍, പ്രഫ. മോഹന്‍ദാസ്, അമ്പലത്തറ ചന്ദ്രബാബു, എ അജന്തകുമാര്‍, ചെറുന്നയൂര്‍ ജയപ്രകാശ്, കണ്ടലൂര്‍ സുധീര്‍ (കണ്‍വീനര്‍മാര്‍), വിനോദ് സൗത്ത് ഇന്ത്യന്‍ ( ഖജാന്‍ജി) , ടി.പി രാജന്‍, സത്യന്‍ ( കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

എസ്.എന്‍.ഡി.പിയെ എന്‍.ഡി.എയില്‍ കൊണ്ടുപോയി തളച്ച വെള്ളാപ്പള്ളി നടേശന്റെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും നീക്കത്തിനെതിരേ സി.പി.എമ്മിന്റെ പിന്തുണയോടു കൂടി പുതിയ സംഘടനക്ക് രൂപം നല്‍കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവിലാണ് സംഘടന രൂപീകരിച്ചത്.

സി.പി.എമ്മിന്റെ പരോക്ഷ പിന്തുണയോടെയാണ് പുതിയ സംഘടന. ശ്രീനാരായണഗുരു നേതൃത്വം നല്‍കിയിരുന്ന എസ്.എന്‍.ഡി.പി യോഗം അതിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതോടെയാണ് പുതിയ സംഘടന രൂപീകരിക്കുവാന്‍ തീരുമാനിച്ചതെന്ന് പ്രഫ. എം.കെ സാനു പറഞ്ഞു.

ശുദ്ധമായ പൊതുപ്രവര്‍ത്തനം മാത്രമായിരിക്കണം നാരായണീയരുടെ ലക്ഷ്യം. എന്നാല്‍, എസ്.എന്‍.ഡി.പി യോഗത്തില്‍ നടക്കുന്നത് മറ്റു പലകാര്യങ്ങളുമാണെന്നും സാനു ചൂണ്ടിക്കാട്ടി. ഈ സ്ഥിതി തുടരുവാന്‍ അനുവദിക്കരുതെന്നതാണ് സംഘടനയുടെ രൂപീകരണലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.