വയനാട്ടില്‍ പീഡന പരമ്പര

കെസിവൈഎം രൂപതാ കോ-ഓര്‍ഡിനേറ്ററടക്കം പിടിയില്‍

ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയ്ക്ക് സമീപത്തെ ഒരു അനാഥാലയത്തിലെ ഏഴ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വീണ്ടും പീഡനവും പീഡനശ്രമങ്ങളും കല്‍പ്പറ്റക്ക് സമീപം അനാഥാലയത്തിലെ ഏഴ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ 11 കേസുകളാണ് ഇതിനകം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ആറു പേരാണ് കേസിലെ പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ ഇപ്പോള്‍ റിമാന്റിലാണ് . കല്‍പ്പറ്റക്ക് സമീപം അനാഥാലയത്തോട് ചേര്‍ന്ന വിദ്യാലയത്തിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചു വരുന്ന ഏഴ് വിദ്യാര്‍ത്ഥിനികളെ തദ്ദേശവാസികളായ ആറു പേര്‍ ചേര്‍ന്ന് 2016 ഡിസംബര്‍ മാസം മുതല്‍ ശാരീരികമായി പീഡിപ്പിക്കുയും ബലാത്സംഗം ചെയ്യുകയും ചെയ്തതായാണ് കേസ്.

വിദ്യാര്‍ത്ഥിനികള്‍ തൊട്ടടുത്തുള്ള ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചു വരികയായിരുന്നു. സ്‌കൂളില്‍ നിന്നും ഹോസ്റ്റലിലേക്ക് 500 മീറ്റര്‍ ദൂരമുണ്ട്. സ്‌കൂളിന്റെ മുന്‍വശത്ത് മെയിന്‍ ഗെയിറ്റിന് എതിര്‍വശം കേസിലെ അറസ്റ്റിലായ ഒരു പ്രതി നടത്തി വന്നിരുന്ന ഹോട്ടലും പലചരക്ക് കച്ചവടവും നടത്തുന്ന കടയുണ്ട്.

ഹോസ്റ്റലില്‍ നിന്ന് സ്‌കൂളിലേക്ക് വരുമ്പോഴും സ്‌കൂള്‍ വിട്ട് മടങ്ങി പോകുമ്പോഴും വിദ്യാര്‍ത്ഥിനികളെ കടയുടമസ്ഥനായ പ്രതിയും മറ്റ് പ്രതികളും ചേര്‍ന്ന് മിഠായി, മധുരപലഹാരങ്ങള്‍ തുടങ്ങിയവ നല്‍കി ഹോട്ടലിന് പിന്‍വശത്തുള്ള താല്‍ക്കാലികമായി നിര്‍മ്മിച്ച ഷെഡില്‍ കൊണ്ടു പോയി മൊബൈലിലെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു കൊടുത്ത് വശംവധരാക്കുകയും ഏഴ് വിദ്യാര്‍ത്ഥിനികളെയും മാറി മാറി പല തവണ പീഡിപ്പിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത് വന്നിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

കൊട്ടിയൂരില്‍ വൈദികനായ ഫാ. റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട് വയനാട് സിഡബ്ല്യുസിയും വൈത്തിരിയിലെ ദത്തു കേന്ദ്രവും സംഭവം ഒളിച്ചു വെയ്ക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് സമാനസ്വഭാവമുള്ള മറ്റൊരു സംഭവം കൂടി വയനാട്ടില്‍ നിന്നും പുറത്തു വരുന്നത്. ജില്ലയിലെ പ്ലസ്ടുവിന് പഠിപ്പിക്കുന്ന പതിനേഴുകാരിയാണ് പീഡനത്തനിരയായത്.

പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും 2016 ഡിസംബര്‍ 28ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് മാനന്തവാടി രൂപത കോര്‍ഡിനേറ്ററും സണ്‍ഡേ സ്‌കൂള്‍ അധ്യാപകനുമായ മാനന്തവാടി ചെറുക്കാട്ടൂര്‍ മതിശ്ശേരി തൈപ്പറമ്പില്‍ വീട്ടില്‍ സിജോ ജോര്‍ജിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പതിനേഴുകാരി പ്രസവിച്ച പെണ്‍കുഞ്ഞിനെ കോഴിക്കോട് ജില്ലയിലെ പള്ളിവക കോണ്‍വെന്റിനോട് ചേര്‍ന്ന അനാഥാലയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ ഒമ്പത് വിഷയങ്ങളില്‍ എ-പ്ലസ് നേടി പഠനത്തില്‍ മികവ് കാട്ടിയ വിദ്യാര്‍ത്ഥിനിയെ കെസിവൈഎം കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അഭിനന്ദിച്ച് തുടങ്ങിയ അടുപ്പം മുതലെടുത്ത് പ്രതി സിജോ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ദളിത് യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റിലായതാണ് മറ്റൊന്ന്. തലപ്പുഴ കരുണാലയം മുരളി(46)യെയാണ് മാനന്തവാടി എസ്എംഎസ് പൊലീസ് അറസ്റ്റ്  ചെയ്തത്. രണ്ടു മാസം മുമ്പ് ദളിത് യുവതിയെ രാത്രി വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ പീഡനശ്രമക്കുറ്റത്തിനും എസ്‌സി എസ്ടി  ആക്ട് പ്രകാരവും തലപ്പുഴം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് അന്വേഷണ ചുമതല എസ്എംഎസ് പൊലീസ് ഏറ്റെടുക്കുകയായിരുന്നു. ഇതിനിടയില്‍ ഒളിവില്‍ പോയ മുരളി ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങിയ ഇയാളെ റിമാന്റ് ചെയ്തു.

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇന്നലെ ജില്ലയില്‍ അറസ്റ്റുണ്ടായി. തവിഞ്ഞാല്‍ വെണ്‍മണി അടിമാറി അച്ചപ്പ(39)നെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ (കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അച്ചപ്പനെ റിമാന്റ് ചെയ്തു.